- Home
- Life
- Health
- Covid19: ഇന്ത്യയിലും കേരളത്തിലും കൊവിഡ് കണക്കുയരുന്നു; ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്
Covid19: ഇന്ത്യയിലും കേരളത്തിലും കൊവിഡ് കണക്കുയരുന്നു; ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്
ഒരിടവേളയ്ക്ക് ശേഷം രാജ്യത്തും സംസ്ഥാനത്തും ഒരു പോലെ കൊവിഡ് (Covid19) വ്യാപനം ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിന് ശേഷം രാജ്യത്ത് ആദ്യമായി 4,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 4,270 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,31,76,817 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ടെസ്റ്റ് പോസറ്റിവിറ്റി (TPR - Test Positivity Rate) നിരക്ക് ഒരു ശതമാനത്തിന് മുകളിലാണെങ്കില്‍ സംസ്ഥാനത്ത് ഇത് 11.39 ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ടിപിആര്‍ നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി ഉയര്‍ന്നു. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യമൊട്ടുക്കും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നാല് മരണവും. ഇതോടെ രാജ്യത്ത് ആകെ സര്‍ക്കാര്‍ കണക്കില്‍ മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രതിദിനം 1500 ന് മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. പരിശോധന കുറവുള്ളപ്പോഴാണ് ഈ നിരക്കെന്നതും ശ്രദ്ധേയം.

കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ അപേക്ഷിച്ച്, ഒരു ദിവസം കൊണ്ട് 1,636 കേസുകളാണ് രാജ്യത്ത് വര്‍ദ്ധിച്ചത്. നിലവില്‍ ഏറ്റവും കൂടുതൽ കേസുകളുള്ള സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും കേരളവുമാണ്. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി.
കൊവിഡ് നാലാം തരംഗം വരാൻ സാധ്യതയുള്ളതിനാൽത്തന്നെ, ആശങ്കയല്ല നല്ല ജാഗ്രതയാണ് അത്യാവശ്യമെന്നും ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സ്മിരൻ പാണ്ഡ വ്യക്തമാക്കുന്നു. മുംബൈ നഗരത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 889 പുതിയ കേസുകളാണ് റജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം മുംബൈയിൽ രേഖപ്പെടുത്തിയ കൊവിഡ് കേസുകൾ 763 ആയിരുന്നു. മണ്‍സൂണ്‍ ശക്തമാകുന്നതോടെ കൊവിഡ് കേസുകൾ ഇനിയും കൂടാനുള്ള സാധ്യത കണക്കിലെടുത്ത്, മുന്‍ കരുതലെന്ന നിലയില്‍ നഗരത്തിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷന്‍ തീരുമാനിച്ചു.
യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധന കൂട്ടണമെന്ന് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ടെസ്റ്റിംഗ് ലാബുകളോട് തയ്യാറായിരിക്കണമെന്നും, സ്ഥാപത്തിലെ സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
''ദിവസം തോറും മുംബൈയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മൺസൂൺ വരാനിരിക്കുന്നതിനാൽ രോഗലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാനാണ് സാധ്യത'', ബിഎംസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
12 മുതൽ 18 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബിഎംസി നിർദേശിക്കുന്നു. രോഗലക്ഷണങ്ങളോടെയുള്ള കേസുകൾ കൂടിയേക്കാമെന്നാണ് കണക്കുകൂട്ടലെന്നതിനാൽ, വലിയ താത്കാലിക ആശുപത്രികൾ വേണ്ടി വന്നാൽ തയ്യാറാക്കാനും, ആശുപത്രികളോട് തയ്യാറായിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികൾക്കും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. വാർഡ് തലത്തിലുള്ള വാർ റൂമുകളിൽ വേണ്ടത്ര സ്റ്റാഫും മെഡിക്കൽ ടീമുകളും ആംബുലൻസുമുണ്ടെന്ന് ഉറപ്പാക്കണം. ഇനി കൂടുതൽ രോഗികൾ ആശുപത്രിയിലെത്തിയാൽ മലാഡിലെ ജംബോ ആശുപത്രിയായിരിക്കും മുൻഗണനാക്രമത്തിൽ ആദ്യം രോഗികളെ പ്രവേശിപ്പിക്കേണ്ടതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
മുംബൈയിൽ ഒമിക്രോണിന്‍റെ ബിഎ.4, ബിഎ5. വകഭേദങ്ങൾ നേരത്തെയും കണ്ടെത്തിയിരുന്നു. എന്നാൽ, ഈ വകഭേദങ്ങള്‍ രാജ്യത്ത് നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഈ വകഭേദങ്ങള്‍ കേസുകളുടെ എണ്ണത്തിൽ ഇതുവരെ വൻകുതിച്ചു ചാട്ടമുണ്ടാക്കിയിരുന്നില്ല.
മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിനം ആയിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദില്ലി, തമിഴ്നാട്, തെലുങ്കാന, എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിനം നൂറിന് മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അതേസമയം, ദില്ലി നഗരത്തിൽ പുതുതായി 405 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 2.07 ശതമാനമാണ്. എന്നാൽ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ ദില്ലിയിലെ ഇതുവരെ കണ്ടെത്തിയ ആകെ കൊവിഡ് കേസുകളുടെ എണ്ണം 19,08,387 ആയി. കൊവിഡ് മൂലമുണ്ടായ മരണസംഖ്യ 26,212 ആണ്.
കൊവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രത കുറവുണ്ടായതാകാം കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം രാജ്യമൊട്ടുക്കും കൊവിഡ് പരിശോധനയിലും കാര്യമായ കുറവുണ്ടായി.
രാജ്യത്തെ പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും അവശ്യമായ സൗകര്യങ്ങളൊരുക്കണമെന്നും കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കേരളത്തില്‍ കൊവിഡ് കേസുകളില്‍ ഇരട്ടി വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതോടൊപ്പം പ്രതിദിന കേസുകളും ഓമിക്രോണ്‍ വകഭേദവും സംസ്ഥാനത്തും വര്‍ദ്ധിച്ചു. രോഗം ഗുരുതരമാകില്ലെങ്കിലും ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും മരണ നിരക്കിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ സംസ്ഥാനത്ത് പ്രതിദിനം 1500 ന് മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്.
ടിപിആര്‍ ആകട്ടെ 11.39 ശതമാനത്തിന് മുകളിലാണ്. ദിവസം 11,000 ത്തിനും 12,000 ത്തിനും മുകളിലാണ് സംസ്ഥാനത്ത് നടക്കുന്ന പരിശോധന. ഇന്നലെ മാത്രം 60 പേരാണ് കേരളത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. അതോടൊപ്പം നാല് മരണവും രേഖപ്പെടുത്തി. തൊട്ട് മുമ്പത്തെ ദിവസം ആറ് മരണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 15 മരണമാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. മുന്‍ ദിവസങ്ങളിലെ 28 മരണങ്ങള്‍ കൂടി കൂട്ടി ചേര്‍ക്കുന്നതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ 43 മരണങ്ങള്‍ രേഖപ്പെടുത്തി.
സംസ്ഥാന ആരോഗ്യവകുപ്പ് പഴയത് പോലെ കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഒമിക്രോണ്‍ കേരളത്തില്‍ ശക്തമാകുകയാണോയെന്ന സംശയങ്ങളും ബലപ്പെടുന്നു. സ്കൂള്‍ തുറന്നിരിക്കുമ്പോള്‍ രോഗം വ്യപിക്കുകയും മരണനിരക്ക് കൂടുകയും ചെയ്താല്‍ ആശങ്കയുടെ നാളുകളാകും.
എന്നാല്‍, ആശങ്കവേണ്ടെന്നും ജാഗ്രത മതിയെന്നുമാണ് ഇപ്പോഴും സര്‍ക്കാറിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നിലപാട്. സ്കൂള്‍ തുറന്നതും മണ്‍സൂണ്‍ ആരംഭിച്ചതിനും പിന്നാലെയാണ് കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. നിരവില്‍ സ്കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. കൃത്യമായ സാമൂഹിക അകലം പാലിച്ചു, സാനിറ്റൈസര്‍ ഉപയോഗിച്ചും മാസ്ക് ധരിച്ചും കൊവിഡിനെ അകറ്റിനിര്‍ത്തുക. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന് സര്‍ക്കാറും പറയുന്നു.