എപ്പോഴും തണുപ്പ് തോന്നാറുണ്ടോ? അയൺ കുറവിന്റെ 5 ലക്ഷണങ്ങൾ ഇതാണ്
സാധാരണയിൽ അമിതമായ തണുപ്പ് അനുഭവപ്പെടാറുണ്ടോ? അല്ലെങ്കിൽ കുളിക്കുമ്പോഴും തലമുടി ചീകുമ്പോഴും അമിതമായി മുടി കൊഴിയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? എങ്കിൽ അത് അയണിന്റെ കുറവുമൂലം ഉണ്ടാകുന്നതാവാം. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

ഉറക്കത്തിന് ശേഷവും വിട്ടുമാറാത്ത ക്ഷീണം
രാത്രിയിൽ കൃത്യമായി ഉറങ്ങി എഴുന്നേറ്റാലും കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ. ഇത് അയണിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്.
എപ്പോഴും തണുപ്പ് തോന്നുക
മറ്റുള്ളവർക്ക് സാധാരണയായി തോന്നുന്ന അന്തരീക്ഷത്തിലും നിങ്ങൾക്ക് മാത്രം കടുത്ത തണുപ്പ് അനുഭവപ്പെടാറുണ്ടോ. ശരീരത്തിന് ചൂട് ഉൽപ്പാദിപ്പിക്കാനും അത് നിലനിർത്താനുമുള്ള ശേഷിയെ അയൺ കുറവ് പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ചെറിയ ജോലികൾ ചെയ്യുമ്പോഴും ശ്വാസംമുട്ടൽ
ഭാരമുള്ള വസ്തുക്കൾ ഉയർത്തുകയോ കുറച്ചു ദൂരം നടക്കുകയോ ചെയ്യുമ്പോൾപോലും അമിതമായി ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് കോശങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്തുന്നില്ലെന്നതിന്റെ ലക്ഷണമാകാം.
ത്വക്കിലെയും കണ്ണിലെയും വിളർച്ച
അയണിന്റെ കുറവ് മൂലമുണ്ടാകുന്ന ഹീമോഗ്ലോബിന്റെ കുറവ് ചർമ്മത്തിന്റെ സ്വാഭാവിക നിറം മങ്ങാൻ ഇടയാക്കും. ചർമ്മത്തിലെ വിളർച്ചയ്ക്ക് പുറമേ, താഴത്തെ കണ്പോളകളുടെ ഉൾഭാഗം സാധാരണ തിളക്കമുള്ള ചുവപ്പിന് പകരം വെളുത്ത നിറത്തിൽ കാണപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്.
അമിതമായ മുടി കൊഴിച്ചിൽ
കുളിക്കുമ്പോഴും തലമുടി ചീകുമ്പോഴും മുൻപത്തേക്കാൾ കൂടുതൽ മുടി കൊഴിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിസ്സാരമായി കാണരുത്. കാരണം ശരീരത്തിലെ അയണിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

