നനഞ്ഞ മുടി കെട്ടുന്ന ശീലമുണ്ടെങ്കിൽ ഒഴിവാക്കുക, കാരണം ഇതാണ്...
മുടികൊഴിച്ചില്‍ പലരും നേരിടുന്ന പ്രശ്‌നമാണ്. മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കും. അല്‍പ്പം ശ്രദ്ധിച്ചാല്‍ തന്നെ മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സാധിക്കും. ശ്രദ്ധയും പരിചരണവും തന്നെയാണ് മുടികൊഴിച്ചില്‍ കുറയ്ക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. മാസത്തില്‍ ഒരിക്കല്‍ സ്പാ ചെയ്യുന്നത് മുടി കൊഴിച്ചിലും താരനും കുറയാന്‍ സഹായിക്കും. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...
നനഞ്ഞ മുടി ഒരു കാരണവശാലും ചീകരുത്. കാരണം, ഇത് കഠിനമായ മുടി കൊഴിച്ചിലിനും മുടി പെട്ടെന്ന് പൊട്ടുന്നതിനും കാരണമാകും. മറ്റൊരാൾ ഉപയോഗിച്ച് ചീപ്പ് വെറെ ഒരാൾ ഉപയോഗിക്കരുത്. കാരണം, മറ്റൊരാൾക്ക് താരൻ ഉണ്ടെങ്കിൽ അത് നിങ്ങൾക്കും പിടിപെടുന്നതിന് കാരണമാകും.
നനഞ്ഞ മുടി കെട്ടുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. കാരണം, അത് കഠിനമായ മുടി കൊഴിച്ചിലിന് കാരണമാകും. നനഞ്ഞ മുടി കെട്ടുന്നത് പ്രത്യേകിച്ച് മഴ സമയത്ത് നനഞ്ഞ മുടി കെട്ടുന്നത് മുടിയില്‍ ഈര്‍പ്പം തങ്ങിനിൽക്കുകയും മുടി പെട്ടെന്ന് പൊട്ടി പോകുന്നതിനും കാരണമാകും.
നനഞ്ഞ മുടി അമർത്തി തുവർത്തിയ ശേഷം ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കുക ഇതാണ് പലരുടെയും രീതി. ഹെയർ ഡ്രയർ ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ മിതമായ ചൂട് മാത്രമേ തലമുടിയില്‍ ഏല്‍പ്പിക്കാവൂ. എന്നും ഡ്രയര്‍ ഉപയോഗിക്കാതിരിക്കുക.
വെള്ളത്തിന് മുടികൊഴിച്ചിലുമായി വളരെയധികം ബന്ധമുണ്ട്. ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിൽ കുളിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും.
താരന്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും. ആഴ്ചയിൽ രണ്ട് ദിവസം കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ കുറയാനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സഹായിക്കും.