Kidney Stone : കിഡ്‌നി സ്‌റ്റോണ്‍; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ
'കിഡ്‌നി സ്‌റ്റോണ്‍' അഥവാ 'മൂത്രത്തില്‍ കല്ല്' വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. യുവാക്കളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തു വിടാന്‍ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍.
വൃക്കയിലെ കല്ലുകൾ വൃക്ക തകരാർ ഉണ്ടാക്കാം. സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ വൃക്കകളിലെ കല്ലുകള്‍ വൃക്ക രോഗത്തിലേക്കും അവയുടെ നാശത്തിലേക്കും നയിക്കാം.
അതികഠിനമായ വയറുവേദന, ഛര്‍ദ്ദി എന്നിവയെല്ലാം കിഡ്‌നി സ്‌റ്റോണിന്റെ ലക്ഷണങ്ങളാണ്. മൂത്രമൊഴിക്കുന്ന സമയത്ത് വേദന, പുകച്ചില്‍, ഇടയ്ക്കിടെ മൂത്രം ഒഴിക്കണമെന്ന തോന്നല്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയും ഉണ്ടായേക്കാം.
drink water
വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പ്രധാന കാരണമായി പറയുന്നത്. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിടിച്ചു നിര്‍ത്തുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇതും കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു.
അമിതവണ്ണമാണ് മറ്റൊരു കാരണം. വണ്ണം കൂടിയ പല ആളുകളിലും വൃക്കയിൽ കല്ല് കണ്ട് വരുന്നു. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറം കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ മാഗ്നിഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.