Cholesterol : ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത്...
ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ധിക്കുന്നതും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍ കുറയുന്നതും രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കും. എന്നാല്‍ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാന്‍ സാധിക്കും. അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നറിയാം...
എല്‍ഡിഎല്‍ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎല്‍ കൂട്ടാനും വ്യായാമം സഹായിക്കും. ഒരാഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ചീത്ത കൊളസ്ട്രോള്‍ തോത് കുറയ്ക്കും. നടത്തം, യോഗ പോലുള്ള വ്യായാമങ്ങൾ ശീലമാക്കുക.
ശ്വാസകോശത്തിന് മാത്രമല്ല പുകവലി ഹാനികരമാകുന്നത്. കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിച്ച് ഹൃദ്രോഗത്തിലേക്കും ഇത് നയിക്കാം. പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്ട്രോള്‍ തോത് കുറയ്ക്കുകയും ചെയ്യും.
പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ള നാരുകള്‍ അടങ്ങി ഭക്ഷണം ശരീരത്തില്‍ നിന്ന് കൊളസ്ട്രോള്‍ വലിച്ചെടുക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണം സഹായിക്കും.
ആരോഗ്യത്തിന് ഹാനികരമായ അണ്‍സാച്ചുറേറ്റഡ് ഫാറ്റും ട്രാന്‍സ് ഫാറ്റും കഴിവതും ഒഴിവാക്കുക. പേസ്ട്രി, വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ്, പിസ എന്നിവയെല്ലാം ട്രാന്‍സ് ഫാറ്റ് അടങ്ങിയതാണ്.
ധാന്യങ്ങൾ, പ്രത്യേകിച്ച് ഓട്സ്, ബാർലി എന്നിവ ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണെന്ന് പഠനങ്ങൾ പറയുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു തരം ലയിക്കുന്ന ഫൈബറായ ബീറ്റാ-ഗ്ലൂക്കൻ ഓട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.