ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് കൊവിഡ് സാധ്യത കൂട്ടുമോ? പഠനം പറയുന്നത്...
എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയുന്നത് ചിലപ്പോള്‍ കൊവിഡ് രോഗ സാധ്യത വര്‍ധിപ്പിക്കാമെന്നാണ് ഇസ്രയേലി ഗവേഷകര്‍ പറയുന്നത്.
കൊവിഡ് പരിശോധനയ്ക്ക് വിധേയരായ 7807 പേരിലാണ് പഠനം നടത്തിയത്. പഠനറിപ്പോര്‍ട്ട് ഫെബ്‌സ് (FEBS) ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പഠനത്തിന് വിധേയരായ 7807 പേര്‍ കൊവിഡ് ടെസ്റ്റിനും വിറ്റാമിന്‍ ഡി രക്ത പരിശോധനയ്ക്കും വിധേയരായി. ഇവരില്‍ 782 പേരാണ് കൊവിഡ് പോസിറ്റീവ് ആയത്. 7025 പേര്‍ നെഗറ്റീവുമായി. പോസിറ്റീവായവരുടെ പ്ലാസ്മയില്‍ വിറ്റാമിന്‍ ഡിയുടെ തോത് നെഗറ്റീവായവരെ അപേക്ഷിച്ച് കുറവായിരുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.
ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും.
പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഏത്തപ്പഴം, മത്സ്യം തുടങ്ങിയവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.