കൊവിഡ് 19 ല്‍ മരണം 10,02,389
ലോകത്ത് കൊവിഡ് രോഗാണു ബാധ ശമനമില്ലാതെ മുന്നേറുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് 3,33,04,666 പേര്‍ക്ക് കൊവിഡ് 19 രോഗാണു ബാധ സ്ഥിരീകരിച്ചു. ഇതിനിടെ മരണ സംഖ്യ 10 ലക്ഷം കടന്നു. ഇതുവരെയായി 10,02,389 പേര്‍ക്കാണ് കൊവിഡ് 19 രോഗാണു ബാധ മൂലം ജീവന് നഷ്ടമായത്. 2,46,34,298 പേര് രോഗാണുമുക്തമായി. എങ്കിലും ലോകത്ത് ഇപ്പോഴും മൊത്തം രോഗികളില്‍ ഒരു ശതമാനം പേര് (65,129) ഗുരുതരവസ്ഥയിലാണെന്ന് വേള്ഡേോ മീറ്ററിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്ത് ഇപ്പോള്‍ രോഗാണു വ്യാപനം ഏറ്റവും തീവ്രമായ രാജ്യം ഇന്ത്യയാണ്. എന്നാല്‍, രോഗപ്രതിരോധ ശേഷിയിലുള്ള മികവ് കാരണം ഇന്ത്യയില്‍ മരണ സംഖ്യ തരതമേന കുറവാണ്. കേന്ദ്രസര്‍ക്കാര്‍ കണക്ക് പ്രകാരം 1.64 ശതമാനമാണ് ഇന്ത്യയിലെ മരണസംഖ്യാ നിരക്ക്.

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ലോക്ഡൌണ് പ്രഖ്യാപിക്കപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. ഇന്നും ലോക്ഡൌണില് പൂര്‍ണ്ണതോതിലുള്ള ഇളവുകള്‍ രാജ്യത്ത് അംഗീകരിച്ചിട്ടില്ല.
അണ്‍ലോക് 4 ലേക്ക് കടന്ന ഇന്ത്യയില്‍ മാളുകളും ആരാധനാലയങ്ങളും തുറന്നു കൊടുത്തെങ്കിലും സിനിമാ തീയറ്ററുകള്‍ക്കുള്ള വിലക്ക് തുടരുന്നു. എന്നാല്‍ തുറന്നു കൊടുക്കലുകള്‍ തുടരുമ്പോള്‍ ഇന്ത്യയില്‍ രോഗവ്യാപനവും ശക്തമാകുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. ഇന്ത്യയേക്കാള്‍ 12,47,995 പേര്‍ക്ക് അമേരിക്കയില്‍ രോഗാണുബാധയേറ്റിട്ടുണ്ട്. അതായത് 73,21,343 പേര്‍ക്ക് അമേരിക്കയില്‍ രോഗാണുബാധയേറ്റിട്ടുണ്ട്.
ഇന്ത്യയിലെ രോഗാണുവ്യാപനം ഇന്നത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് രോഗാണു വ്യാപനം നടന്ന രാജ്യമായി ഇന്ത്യമാറും.
73,21,343 പേര്‍ക്ക് അമേരിക്കയില്‍ രോഗാണുബാധയേറ്റ അമേരിക്കയില്‍ 2,09,453 പേര്‍ക്ക് ജീവന് നഷ്ടമായി. രോഗാണു വ്യാപനത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ ഇതുവരെയായി 60,73,348 പേര്‍ക്കാണ് രോഗാണു ബാധയേറ്റത്.
95,574 പേര്‍ക്ക് രോഗാണുബാധമൂലം ഇന്ത്യയില്‍ മരണം സംഭവിച്ചു. രോഗാണു വ്യാപനത്തില്‍ മൂന്നാമതുള്ള ബ്രസീലിലാകട്ടെ 47,32,309 പേര്‍ക്കാണ് രോഗാണുബാധയേറ്റത്. 1,41,776 പേര്‍ക്ക് ജീവന് നഷ്ടമായി.
മറ്റ് രാജ്യങ്ങളില്‍ രോഗവ്യാപനത്തിന്റെ തോതില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യയിലെ കൊവിഡ് രോഗാണു വ്യാപനം വര്‍ദ്ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ രോഗവ്യാപനമുണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ കാണിക്കുന്നു.
ഇന്നലെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതത് 82,170 കേസുകളാണ്. വരും ദിവസങ്ങളില്‍ ഇത് ഒരു ലക്ഷത്തിന് മുകളില്‍ പോകുമെന്ന് രോഗവ്യാപന കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട കൊവിഡ് രോഗാണു വ്യാപന കണക്കുകളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗവ്യാപനം ഉണ്ടായത് മഹാരാഷ്ട്രയിലാണ്.
രാജ്യത്തെ കൊവിഡ് 19 രോഗാണു വ്യാപനം ഏറ്റവും ശക്തമായത് മഹാരാഷ്ട്രയിലാണ്. ഇതുവരെയായി മഹാരാഷ്ട്രയില്‍ മാത്രം 13,39,232 പേര്‍ക്ക് കൊവിഡ് 19 രോഗാണുബാധേറ്റു. ഇതില്‍ 35,571 പേര്‍ക്ക് ജീവന് നഷ്ടമായി.
ഇന്നലെയും രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 4111 പേര്‍ക്കാണ് ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ രോഗാണു വ്യാപനമുണ്ടായത്. 380 മരണവും മഹാരാഷ്ട്രയില്‍ ഇന്നലെമാത്രം രേഖപ്പെടുത്തി.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍ രോഗാണുവ്യാപനം രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ കാണിക്കുന്നു.
27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികളുണ്ടായി ഞെട്ടിക്കുന്ന രോഗാണു വ്യാപനത്തിലാണ് കേരളം. പ്രതിദിന രോഗവർധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളം രാജ്യത്ത് മൂന്നാമതെത്തി.
പരിശോധനകൾ കുത്തനെ കൂട്ടണമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുമ്പോഴും കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. സെപ്തംബർ മാസത്തിൽ മാത്രം, 27 ദിവസം പിന്നിട്ടപ്പഴേക്കും 99,999 രോഗികളാണ് പുതുതായി സംസ്ഥാനത്തത് ഉണ്ടായത്.
ഒരു ലക്ഷമാകാൻ ഒരാളുടെ കുറവ്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 1,75,384 പേർക്കാണ് എന്നിരിക്കെയാണിത്. 389 മരണങ്ങളും ഈ 27 ദിവസത്തിനുള്ളില്‍ സംഭവിച്ചു. മൊത്തം മരണങ്ങളുടെ ഇരട്ടിയിലധികവും സെപ്തംബറിലെ ഈ 27 ദിവസങ്ങൾക്കുള്ളിൽ.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവുമെന്ന കണക്കിൽ മാറുകയാണ്.100 പരിശോധനകളിൽ 13.87 രോഗികൾ എന്നതാണ് ഇന്നലത്തെ നിരക്ക്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കിൽ 11.57 ശതമാനം. ഇതിൽ കേരളത്തിന് മുകളിലുള്ളത് കർണാടകയും മഹാരാഷ്ട്രയും.
22.5 ആണ് മഹാരാഷ്ട്രയുടെ കഴിഞ്ഞയാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് 15.96 ആണെന്നിരിക്കെ സംസ്ഥാനത്ത് 32.34 ആണ്.അതായത് രോഗം സ്ഥിരീകരിച്ചവരിൽ 32 ശതമാനം പേർ ഇപ്പോൾ രോഗികൾ.
കർശനമായ ചികിത്സാ ഡിസ്ചാർജ് പ്രോട്ടോക്കോൾ ഉള്ളതിനാൽ രോഗമുക്തി നിരക്ക് ഉയരുന്നത് പതുക്കെയാണ്. ദേശീയതലത്തിൽ 82 ശതമാനമാണ് രോഗമുക്തി നിരക്കെങ്കിൽ സംസ്ഥാനത്തിത് 67 ശതമാനം. രോഗികളുടെ എണ്ണം പരിധി വിട്ടാൽ സംസ്ഥാനം ഡിസ്ചാർജ് പ്രോട്ടോക്കോൾ പുനപരിശോധിക്കാന്‍ സാധ്യതയുണ്ട്.
ഇതിനിടെ നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ രംഗത്തത്തി. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്.
സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഒരാഴ്ചക്കിടെ 6,550 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളിൽ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്.
ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകൾ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് തിരുവനന്തപുരം മേയർ പറഞ്ഞു.വീട്ടിൽ നിരീക്ഷത്തിലുള്ളവരെ കൃത്യമായി നിരീക്ഷിക്കുന്നതിനുൾപ്പടെയുള്ള നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി.
രോഗികളുടെ എണ്ണാം പതിനായിരത്തോടടുക്കുമ്പോൾ നിലവിൽ 45 ശതമാനം രോഗികളും വീടുകളിലാണുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ മാത്രം രോഗതീവ്രത അനുസരിച്ച് കൊവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം മൂർച്ഛിക്കുന്ന ഘട്ടത്തിൽ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നയം.
ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊവിഡ് സെന്ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണ്.