- Home
- News
- India News
- ദില്ലി പ്രതിഷേധം; അമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഇഡിക്ക് ഉത്തരം കിട്ടിയില്ലേയെന്ന് കോണ്‍ഗ്രസ്
ദില്ലി പ്രതിഷേധം; അമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഇഡിക്ക് ഉത്തരം കിട്ടിയില്ലേയെന്ന് കോണ്‍ഗ്രസ്
കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ (Rahul Gandhi) ചോദ്യംചെയ്യൽ അഞ്ചാം ദിവസവും തുടരുന്നതിനിടെ ദില്ലിയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്വന്തം ഭരണപരാജയത്തില്‍ നിന്നും ജനശ്രദ്ധതിരിക്കാനാണ് ഇഡിയുടെ ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലെന്നും ഏഴ് വർഷമായിട്ടും ഈ കേസിൽ എഫ് ഐ ആർ പോലുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. സംഘർഷത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപിക്ക് പരിക്കേറ്റു. ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്ദുപ്രഭ.

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ അടക്കം ദില്ലി പൊലീസ് വലിച്ചിഴച്ചതായി ഉണ്ണിത്താൻ ആരോപിച്ചു. ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പൊലീസിന്‍റെ മർദ്ദനമേറ്റു. പൊലീസിന്‍റെ ബസിന് മുകളിൽ കയറിയും കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
രാഹുൽ ഗാന്ധിയെ അഞ്ചാം ദിവസം ചോദ്യം ചെയ്യുമ്പോൾ ഇഡി നടപടിക്കെതിരെ രൂക്ഷ വിമർശമുയര്‍ത്തിയാണ് കോൺഗ്രസ് ജനപ്രതിനിധികളടക്കം തെരുവിൽ പ്രതിഷേധിച്ചത്. നാല് ദിവസം കൊണ്ട് അന്‍പത് മണിക്കൂറോളമെടുത്ത് ചോദ്യം ചെയ്തിട്ടും ഉത്തരം കിട്ടാത്ത എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അഞ്ചാം ദിവസവും രാഹുല്‍ ഗാന്ധിയെ മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയാണ്.
ഇഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. അഭിഭാഷക ജീവിതത്തില്‍ ഇതുവരെയും ഇത്രയും നീണ്ട ചോദ്യം ചെയ്യൽ കണ്ടിട്ടില്ലെന്നാണ് പാര്‍ട്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഗ് വി പറഞ്ഞു.
2014 ല്‍ അവസാനിപ്പിക്കയും പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയെ തുടര്‍ന്ന് 2105 ല്‍ വീണ്ടും അന്വേഷണം തുടങ്ങിയ കേസില്‍ ഇതുവരെയും എഫ്ഐആര്‍ ഇട്ടിട്ടില്ലെന്നതും ശ്രദ്ധേയം. പണമിടപാട് നടത്താതെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് എങ്ങിനെ തെളിയിക്കാനാകുമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
അഗ്നിപഥ് അടക്കം കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ഗാന്ധിയെ കരുവാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇന്നലെ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചെങ്കില്‍ സമര വേദി പാര്‍ട്ടി ആസ്ഥാനത്തേക്ക് മാറ്റി കൂടുതല്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് ഇന്നത്തെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം.
എംഎല്‍എമാരടക്കം കൂടുതല്‍ പേരെ എത്തിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് എഐസിസി നിര്‍ദ്ദേശം നല്‍കി. സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
അസുഖം കാരണം രണ്ടാഴ്ചതേക്ക് ഡോക്ടര്‍മാര്‍ സോണിയാ ഗാന്ധിക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു. അതിനാല്‍ പെട്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിലെത്താനാകില്ലെന്ന് സോണിയാ ഗാന്ധി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam