നാല് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പകുതിപ്പേര്‍ക്കും കൊവിഡ് വരാമെന്ന് വിദഗ്ധ സമിതി
നാലുമാസത്തിനുള്ളിൽ ഇന്ത്യന്‍ ജനസംഖ്യയിലെ പകുതി പേർക്കും കൊവിഡ് ബാധിച്ചേക്കാമെന്ന് കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കേന്ദ്ര വിദഗ്ധ സമിതി വിലയിരുത്തി. അടുത്ത വർഷം ഫെബ്രുവരിയോടെ ഇന്ത്യയിലെ 1.3 ബില്യൺ ജനങ്ങളിൽ പകുതി പേർക്കും കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര വിദഗ്ധ സമിതി അംഗവും കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രൊഫസറുമായ മണീന്ദ്ര അഗര്‍വാള്‍ പറഞ്ഞത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ നിയോഗിക്കപ്പെട്ട കേന്ദ്ര വിദഗ്ധ സമിതി അംഗമായ മണീന്ദ്ര അഗര്‍വാളാണ് ജനസംഖ്യയിലെ പകുതി പേർക്കും നാലുമാസത്തിനുള്ളിൽ കൊവിഡ് ബാധിച്ചേക്കാമെന്ന് അഭിപ്രായപ്പെട്ടത്.
കേന്ദ്രസര്‍ക്കാരിന്‍റെ സെറോളജിക്കല്‍ സര്‍വേ പ്രകാരം രാജ്യത്ത് ഇതുവരെ 14 ശതമാനം പേര്‍ക്ക് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. അതായത് 75 ലക്ഷം പേര്‍ക്ക് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്.
എന്നാല്‍ ഇത് തെറ്റാണെന്നും ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കും ഇതിനകം കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും അഗര്‍വാള്‍ പറയുന്നു. അടുത്ത വർഷം ഫെബ്രുവരിയില്‍ ഇത് 50 ശതമാനമായി ഉയരുമെന്നുമാണ് മണീന്ദ്ര അഗര്‍വാള്‍ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
കണക്കുകളിൽ ലോക രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയുടെ തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 75,94,736 കൊവിഡ് ബാധിതരാണ് ഇന്ത്യയിലുള്ളത്കൊവിഡ് . അമേരിക്കയിലാവട്ടെ 84,56,653 കൊവിഡ് ബാധിതരും.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളുടെ വർദ്ധനവാണ് കൊവിഡ് വ്യാപനം ദ്രുതഗതിയിലാവാനുള്ള പ്രധാന കാരണമായി തങ്ങളുടെ സമിതി കണക്കാക്കുന്നതെന്നാണ് അഗർവാൾ പറയുന്നത്.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളെ കൂടി ഉള്‍പ്പെടുത്തി പുതിയ മാതൃകയിലാണ് കേന്ദ്ര വിദഗ്ദ്ധ സമിതി കണക്കെടുപ്പ് നടത്തിയത്. കൊവിഡ് ബാധിച്ചതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കുകയായിരുന്നു.
മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒരു മാസം കൊണ്ട് മാത്രം 2.6 ദശലക്ഷം കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിക്കാന്‍ ഇടയുണ്ടെന്നും കേന്ദ്ര വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നല്‍കുന്നു.
അവധിക്കാലം അടുക്കുമ്പോൾ കൊവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നേക്കുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഹൈന്ദവ ആഘോഷങ്ങളായ ദുർഗ പൂജ, ദീപാവലി എന്നിവ ഈ മാസവും അടുത്ത മാസം പകുതിയോടെയും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സമിതിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിൽ ജനസംഖ്യയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ സീറോളജിക്കൽ സർവേകൾക്ക് വേണ്ടി സാമ്പിൾ കൃത്യമായി ശരിയാക്കാൻ കഴിയില്ലെന്നും അഗർവാൾ പറയുന്നു.
പ്രവചനങ്ങൾ കണക്കുകൾക്ക് വേണ്ടി മാത്രമുള്ളതാണ്. കനത്ത ജാഗ്രതയും സാമൂഹിക അകലവും മാസ്കും നിർബന്ധമാക്കിയാൽ മാത്രമേ ഇന്ത്യയില്‍ രോഗ്യവ്യാപനം കുറയാനുള്ള സാധ്യത കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സീറോളജിക്കൽ സർവേകളേക്കാൾ വളരെ ഫലപ്രദമായ ഒന്നാണ് വൈറസിന്‍റെ നിലവിലെ വ്യാപനത്തിനുള്ള സാധ്യതകൾ നിർണ്ണയിക്കുന്നതിന് സമിതി തയ്യാറാക്കിയ പുതിയ മാർഗ്ഗം.
ഇന്നലത്തെ കണക്കനുസരിച്ച് ലോകത്ത് കൊവിഡ് രോഗികള്‍ നാല് കോടി കവിഞ്ഞു. പകുതിയിലേറെ രോഗികളും ഉള്ളത് അമേരിക്കയിലും ഇന്ത്യയിലും ബ്രസീലിലുമാണ്. സ്ഥിരീകരിക്കാത്ത രോഗികള്‍ ഇതിലും ഏറെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 11 ലക്ഷത്തിലധികം പേരാണ്.
24 മണിക്കൂറിനിടെ 55,722 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ രോഗികളുടെ എണ്ണം 75,50,273 ആയി. 7,72,055 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 66,63,608 പേർ രോഗമുക്തി നേടി. 579 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ ഇന്നലെ 9,060 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 7,012 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 8,344 പേർക്ക് രോഗം ഭേദമായി. രാജ്യത്താകെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഇന്ത്യയിൽ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ജനിതകപരമായി സ്ഥിരതയുള്ളതാണെന്നും കാര്യമായ ജനിതകവ്യതിയാനമൊന്നും അത് കാണിച്ചിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഐസിഎംആറും ബയോ ടെക്‌നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ അറിയിപ്പ്.