മോഷണം പോയിട്ട് 50 വര്‍ഷം; ഒടുവില്‍ യുഎസില്‍ നിന്ന് കണ്ടെത്തിയത് ചോള കാലഘട്ടത്തിലെ പാർവതി ദേവിയുടെ വിഗ്രഹം
തമിഴ്‍നാട്ടിലെ കുംഭകോണം തണ്ടൻതോട്ടിലുള്ള നടനപുരേശ്വരർ ശിവൻ ക്ഷേത്രത്തിൽ നിന്ന് 1979 മേയില്‍ ഒരു വിഗ്രഹമോഷണ കേസ് രജിസ്റ്റര്‍ ചെയ്തു. ചോള കാലഘട്ടത്തിലെ 52 സെന്‍റീമീറ്റർ ഉയരമുള്ള വിഗ്രഹമായിരുന്നു മോഷണം പോയത്. ന്യൂയോർക്കിലെ ബോൺഹാംസ് ലേലശാലയിൽ നിന്ന് നഷ്ടപ്പെട്ട പുരാവസ്തു തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്ന് തമിഴ്നാട് സിഐഡി ഐഡൽ വിംഗിലെ ഉദ്യോഗസ്ഥന്‍റെ ട്വീറ്റ്.
"അഭിനന്ദനങ്ങൾ ! തണ്ടൻതോട്ടിലെ നടനപുരീശ്വര ക്ഷേത്രത്തിൽ നിന്ന് ന്യൂയോർക്കിലെ ബോൺഹാംസ് ഹൗസിലേക്ക് മോഷ്ടിക്കപ്പെട്ട ത്രിഭംഗ ഭാവത്തിലുള്ള പാർവ്വതിയുടെ അതിമനോഹരമായ ഒരു പുരാതന വിഗ്രഹം കണ്ടെത്താൻ സഹായിച്ച എന്‍റെ ടീമിന്. “42 തിങ്കളാഴ്ചകൾ” എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയായ ഡിജിപി ജയന്ത് മുരളി ഐപിഎസ് തന്‍റെ ട്വിറ്ററില്‍ കുറിച്ചു.
12 -ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട പാർവതി വിഗ്രഹമാണ് ഇത്. ഏകദേശം 52 സെന്‍റീമീറ്റർ ഉയരമുള്ള വിഗ്രഹത്തിന് 2,12,575 യുഎസ് ഡോളർ (ഏകദേശം 1.68 കോടി രൂപ) വിലവരും. ദക്ഷിണേന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള ദേവിയും ശിവന്‍റെ ഭാര്യയുമായ പാർവതി ( ഉമ ), നിൽക്കുന്ന നിലയിലാണ് വിഗ്രഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
വിഗ്രഹത്തിന് കിരീടമുണ്ട്. കൂമ്പാര വളയങ്ങളോടെ കൊട്ടയോട് സാമ്യമുള്ള കിരീടത്തിന്‍റെ (കരന്ദ-മുകുട) ഏറ്റവും മുകളില്‍ വലിപ്പം കുറഞ്ഞ ഒരു താമര മൊട്ടാണ്. വെങ്കലത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വിഗ്രഹത്തിന്‍റെ കിരീടത്തിലെ ശില്പ രീതികള്‍ ആധുനീക നെക്ലേസുകളെ അനുസ്മരിപ്പിക്കുന്നു. അതോടൊപ്പം കൈകള്‍, അരക്കെട്ട്, വസ്ത്രം എന്നിവയിലും തനത് വ്യത്യാസങ്ങളുണ്ട്.
“ചോള സാമ്രാജ്യത്തിന്‍റെ ആത്മവിശ്വാസവും സമയബന്ധിതവുമായ സൗന്ദര്യശാസ്ത്ര രീതികളെ പ്രതിനിധീകരിക്കുന്ന ശിൽപം കലാകാരന്‍റെ സാങ്കേതിക പ്രതിഭയുടെ തെളിവാണ്. ശിവരാമമൂർത്തിയുടെ ശൈലീപരമായ കാലഗണനയെ പിന്തുടർന്ന്, ഈ ശില്പം പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോള ശൈലിയെ പ്രതിനിധീകരിക്കുന്നു. ” വിഗ്രഹ വിഭാഗത്തിന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു.
1971 മെയ് 12 ന് തണ്ടൻതോട്ടിലെ നടനപുരേശ്വരർ ശിവൻ ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹം ആദ്യമായി മോഷണം പോയതെന്ന് സിഐഡി വിഗ്രഹ വിഭാഗം പറയുന്നു. ഒരു ദിവസം കഴിഞ്ഞ് പൊലീസില്‍ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 2019 ൽ കെ വാസു എന്ന വ്യക്തി ലോക്കൽ പൊലീസിനെ സമീപിക്കുകയും വീണ്ടും പരാതി നൽകുകയും ചെയ്തു.
പൊതു ആരാധനയ്ക്കായി ക്ഷേത്രത്തിൽ എത്തിയപ്പോൾ താൻ അഞ്ച് വിഗ്രഹങ്ങൾ കണ്ടിട്ടുണ്ടെന്നും 1971 ന് ശേഷം അവ കണ്ടിട്ടില്ലെന്നും ക്ഷേത്ര ട്രസ്റ്റിയായ കെ വാസിന്‍റെ പരാതിയിൽ പറയുന്നു. മോഷണം നടന്ന രാത്രിയിൽ ക്ഷേത്രത്തിന്‍റെ പൂട്ട് തകർത്തതായി ശ്രദ്ധയിൽപ്പെട്ടതായും പരാതിയിൽ പറയുന്നു. അന്നത്തെ സബ് ഇൻസ്പെക്ടർ ക്ഷേത്രം സന്ദർശിച്ചെങ്കിലും പരാതി രേഖപ്പെടുത്തിയില്ല. ഇത് വേദനാജനകവും ദൗർഭാഗ്യകരവുമാണ്,” വാസിന്‍റെ 2019 ലെ പരാതിയിൽ പറയുന്നു.
സിബിഐ വിഗ്രഹവിഭാഗം ഇൻസ്‌പെക്ടർ എം ചിത്ര അന്വേഷണം ഏറ്റെടുത്തു. വിദേശത്തെ വിവിധ മ്യൂസിയങ്ങളിലും ലേലശാലകളിലും ചോള കാലഘട്ടത്തിലെ പാർവതി വിഗ്രഹങ്ങൾ തിരയാൻ ആരംഭിച്ചു. ഇതിനകം മോഷ്ടിച്ച വിഗ്രഹത്തിന്‍റെ ചിത്രങ്ങൾ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ (എഫ്‌ഐപി) ആർക്കൈവുകളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
എഫ്‌ഐപിയിൽ നിന്ന് ലഭിച്ച ചിത്രം ബോൺഹാംസിലെ ചിത്രവുമായി താരതമ്യം ചെയ്യുകയും ചെയ്തു. വിഗ്രഹം ഒന്ന് തന്നെയാണെന്ന് ഉറപ്പിക്കാനായി ഒരു വിഗ്രഹ വിദഗ്ധന്‍റെ സഹായം തേടുകയും ചെയ്തു. തമിഴ്നാട്ടില്‍ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായി സേവനമനുഷ്ഠിച്ച വിദഗ്ദന്‍റെ അഭിപ്രായമനുസരിച്ച്, ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിലെ വിഗ്രഹത്തിന്‍റെയും ബോൺഹാംസ് ലേല സ്ഥലത്ത് വിൽക്കുന്ന പാർവതിയുടെ വിഗ്രഹത്തിന്‍റെയും ഫോട്ടോകള്‍ അവ ഒന്നുതന്നെയാണെന്ന് ഉറപ്പിച്ചെന്ന് വിഗ്രഹ വിഭാഗം സിഐഡി ഡയറക്ടർ ജനറൽ കെ ജയന്ത് മുരളിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
"യുനെസ്‌കോ ഉടമ്പടി പ്രകാരം വിഗ്രഹം വീണ്ടെടുക്കാനും കുംഭകോണം തണ്ടൻതോട്ടിലുള്ള നടനപുരേശ്വരർ ശിവൻ ക്ഷേത്രത്തിൽ ഉടൻ പുനഃസ്ഥാപിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്നും നഷ്ടപ്പെട്ടിട്ടുള്ള പുരാതന വിഗ്രഹങ്ങള്‍ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍.
2021 ൽ പ്രധാനമന്ത്രി മോദി ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കടത്തിയ 157 ഇന്ത്യൻ പുരാവസ്തുക്കൾ തിരികെ കൊണ്ടുവന്നിരുന്നു. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നീ മതങ്ങളുമായി ബന്ധപ്പെട്ട വിഗ്രഹങ്ങള്‍ ഇത്തരത്തില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു.
2016-ല്‍ 200 മില്യൺ ഡോളർ വിലമതിക്കുന്ന 200 ലധികം പുരാവസ്തുക്കൾ യുഎസ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ നിന്ന് കൊള്ളയടിച്ച 2,000 വർഷം പഴക്കമുള്ള പ്രതിമകൾ, വെങ്കലങ്ങൾ, ടെറാക്കോട്ട കഷണങ്ങൾ എന്നിവയും ഇത്തരത്തില്‍ തിരികെ ലഭിച്ചവയിൽ ഉൾപ്പെടുന്നു.
ചോള കാലഘട്ടത്തിലെ (ഏകദേശം 850 എഡി മുതൽ 1250 എഡി വരെ) ചെന്നൈയിലെ ശിവൻ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഒരു ഹിന്ദു യോഗിയും കവിയുമായ വിശുദ്ധ മാണിക്ക വിചാവകറിന്‍റെ പ്രതിമയും തിരികെ ലഭിച്ചവയില്‍ പെടുന്നു. 1.5 മില്യൺ ഡോളറാണ് ഇതിന്‍റെ മൂല്യം കണക്കാക്കിയത്. പതിനൊന്നാം നൂറ്റാണ്ടില്‍ വെങ്കലത്തില്‍ തീര്‍ത്ത ഗണേഷ വെങ്കലവും ഇത്തരത്തില്‍ തിരിച്ചെത്തിയവയില്‍പ്പെടുന്നു.