താങ്ങ് വില, തൊഴിലില്ലായ്മ, അഗ്നിപഥ്; കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യതലസ്ഥാനത്ത് മഹാപഞ്ചായത്ത് നടത്തി കര്‍ഷകര്‍
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങ് വില പ്രഖ്യാപിക്കുക, രാജ്യത്ത് അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുക, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ഒമ്പത് ഇന ആവശ്യങ്ങളുയര്‍ത്തി രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ മഹാപഞ്ചായത്ത് നടത്തുകയാണ്. കഴിഞ്ഞ മൂന്നാല് വര്‍ഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്. ഇതിനെതിരെയാണ് പ്രധാനമായും മഹാപഞ്ചായത്തെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് കര്‍ഷകരുടെ മഹാപഞ്ചായത്തിനും റാലിക്കുമുള്ള അനുമതി നിഷേധിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഇന്നത്തെ സമരത്തില്‍ പങ്കെടുക്കുന്നു. ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ അനന്ദുപ്രഭ. ദീപു എം നായര്‍.
ദില്ലിയിലെ ജന്ദര്‍മന്ദിറിലാണ് ഇന്ന് മഹാപഞ്ചായത്ത് നടക്കുകയെന്ന് കര്‍ഷകര്‍ അറിയിച്ചത്. എന്നാല്‍, ഇന്ന് അതിരാവിലെ തന്നെ പ്രദേശം ദില്ലി പൊലീസ് കെട്ടിയടച്ചു. ദില്ലി പൊലീസിന്‍റെ അതിസുരക്ഷയിലാണ് ഇപ്പോള്‍ തലസ്ഥാന നഗരം. ദില്ലി പൊലീസിന്‍റെ സുരക്ഷ മറികടന്ന് വേണം കര്‍ഷകര്‍ക്ക് സമരസ്ഥലത്തെത്താന്‍.
ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 15,000 കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് അതിവസുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഇന്നത്തെ പ്രതിഷേധത്തിനെത്തി ചേര്‍ന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ 26 ന് ആരംഭിച്ച കര്‍ഷക സമരം അവസാനിപ്പിച്ചത് 2021 ഡിസംബര്‍ 11 നായിരുന്നു. ഒരു വര്‍ഷത്തിന് മേലെ ദില്ലിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്ത കര്‍ഷകര്‍ തിരിച്ച് പോകുമ്പോള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിരുന്നു.
എന്നാല്‍, സമരം അവസാനിപ്പിച്ച് ഏതാണ്ട് എട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാഴ്വാക്കായി മാറി. സര്‍ക്കാറിന്‍റെ വാഗ്ദാന ലംഘനത്തെ തുടര്‍ന്ന് ഇന്ന് തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ദില്ലി പൊലീസും വിലയിരുത്തുന്നു.
ഇതിനെ തുടര്‍ന്നാണ് കര്‍ഷക മാര്‍ച്ചിനും മഹാപഞ്ചായത്തിനുമുള്ള അനുമതി ദില്ലി പൊലീസ് നിഷേധിച്ചത്. അതോടൊപ്പം കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് എത്താതെ നോക്കാനും ദില്ലി പൊലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ദില്ലി- ഹരിയാന അതിര്‍ത്തിയിലും ദില്ലി - പഞ്ചാബ് അതിര്‍ത്തിയിലും വലിയ ബരിക്കേടുകളും നൂറ് കണക്കിന് പൊലീസുകാരെയും വിന്യസിച്ച് ദില്ലി പൊലീസ് കര്‍ഷകരെ ഇന്നലെ മുതല്‍ സംസ്ഥാന അതിര്‍ത്തികളില്‍ തടഞ്ഞു.
'ദില്ലി ചലോ' എന്ന പേരില്‍ ആരംഭിച്ച കര്‍ഷക സമരത്തിന്‍റെ മുന്നണിയില്‍ നിന്ന കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്തിനെ ഇന്നലെ തന്നെ ഗാസിയാബാദില്‍ തടഞ്ഞ ദില്ലി പൊലീസ്, അദ്ദേഹത്തെ തിരിച്ചയച്ചു. രാകേഷ് ടിക്കായത്തിന്‍റെ നേതൃത്വത്തിലുള്ള വിഭാഗമല്ല ഇന്നത്തെ സമരത്തിന് നേതൃത്വം നല്‍കുന്നത്.
എങ്കിലും കര്‍ഷക നേതാക്കളെയെല്ലാം തന്നെ കരുതല്‍ തടങ്കലെന്ന നിലയില്‍ തടഞ്ഞ് വെക്കാനോ തിരിച്ചയക്കോനോ ആണ് ദില്ലി പൊലീസിന്‍റെ ശ്രമം. കഴിഞ്ഞ സമരത്തിലുണ്ടായിരുന്ന നേതാക്കളെ ഇന്ന് ദില്ലിയിലേക്ക് കയറ്റാതിരിക്കാനും പൊലീസ് പ്രത്യേകം ശ്രദ്ധിക്കുന്നു.
ഇതിനിടെ ദില്ലിയിലെ ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ചും കര്‍ഷകര്‍ ഇന്നലെ തന്നെ എത്തിചേര്‍ന്നു. ഇതിനെ തുടര്‍ന്ന് ദില്ലിയിലെ ഗുരുദ്വാരകള്‍ക്ക് മുമ്പിലും പൊലീസ് ശക്തമായ ബാരിക്കേഡ് ഉയര്‍ത്തി. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങ് വില നിശ്ചയിക്കാനുള്ള അടിയന്തര യോഗം ഇന്ന് ചേരും.
എട്ട് മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷകര്‍ക്ക് നല്‍കിയ നിരവധി ഉറപ്പുകളില്‍ ഒന്നാായിരുന്നു ഇത്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നിശ്ചയിക്കാന്‍ ഒരു സമിതിയെ പ്രഖ്യാപിക്കുമെന്നത്. ഇതിനുള്ള ആദ്യ യോഗം ഇന്ന് ചേരുമെന്നണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. മുന്‍ കൃഷി സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ ചെയര്‍മാനായ 26 അംഗ സമിതിയാണ് ഇന്ന് യോഗം ചേരുക.
ഈ സമിതിയോട് സമരത്തില്‍ പങ്കെടുത്ത കര്‍ഷക സംഘടനകള്‍ സഹകരിക്കുന്നില്ല. ഇതിന് കര്‍ഷകര്‍ക്ക് അവരുടെതായ നിലപാടുകളുണ്ട്. സമരത്തിന്‍റെ ഭാഗമായി കര്‍ഷക സംഘടനകള്‍ മുന്നോട്ട് വച്ച, സമരത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുക, സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുക എന്നീ രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്.
കര്‍ഷകരുടെ ഈ രണ്ട് ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അന്ന് സമര വേളയില്‍ അംഗീകരിച്ചെങ്കിലും ഇത് വരെ നടപ്പാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ ഒരു നടപടിയും കൈകൊണ്ടിട്ടില്ല. മാത്രമല്ല, ഈ സമിതിയില്‍ കര്‍ഷക പ്രതിനിധികളും വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിനും തയ്യാറായിട്ടില്ല.
കാര്‍ഷിക വിദഗ്ദരെന്നും കര്‍ഷകരെന്നും സര്‍ക്കാര്‍ തീരുമാനിച്ച ആളുകളെ താങ്ങുവില സമിതിയുടെ പാനലില്‍ തിരുകിക്കയറ്റിയെന്നും കാര്‍ഷിക സംഘടനകള്‍ ആരോപിക്കുന്നു. അതിനാല്‍ തന്നെ ഇന്ന് യോഗം ചേരുന്ന എന്‍ഡിഎ സര്‍ക്കാറിന്‍റെ താങ്ങ് വില സമിതി വെറും പ്രഹസനം മാത്രമാണെന്നാണ് കര്‍ഷകരുടെ നിലപാട്.