സെന്‍ട്രല്‍ വിസ്റ്റ നിര്‍മ്മാണം വിലയിരുത്താന്‍ പാതിരാത്രിയില്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി മോദി (Narendra Modi) ഇന്നലെ അര്‍ദ്ധരാത്രിയില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരമായ സെന്‍ട്രല്‍ വിസ്റ്റയുടെ (central vista) നിര്‍മ്മാണം വിലയിരുത്താന്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി പാർലമെന്‍റ് നിർമ്മാണ സ്ഥലത്തെത്തിയ പ്രധാനമന്ത്രി നിര്‍മ്മാണ പുരോഗതി വിലയിരുത്തി. മുൻകൂട്ടി അറിയിപ്പുകളോ സുരക്ഷാ വിശദാംശങ്ങളോ ഇല്ലാതെ ഏകദേശം രാത്രി 8.45 നാണ് പ്രധാമന്ത്രി പാര്‍ലമെന്‍റ് നിര്‍മ്മാണ സ്ഥലത്തെത്തിയത്. ഏകദേശം 60 മിനിറ്റോളം സ്ഥലത്ത് ചെലവഴിച്ച പ്രധാനമന്ത്രി തെഴിലാളികള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയാണ് പോയത്.
പുതിയ പാർലമെന്‍റ് മന്ദിരമായ സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടക്കുന്നത്.
രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് 3 കിലോമീറ്റർ നീളമുള്ള രാജ്പഥ് നവീകരിക്കുന്നതും ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയ്ക്ക് വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഉപരാഷ്ട്രപതിക്കായി പുതിയ ബംഗ്ലാവ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഏകദേശം 60,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ പാർലമെന്‍റ് കെട്ടിടത്തിന്‍റെ നിർമ്മാണം 2022 ഒക്ടോബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പാർലമെന്‍റ് ഹൗസ് എസ്റ്റേറ്റിന്‍റെ പ്ലോട്ട് നമ്പർ 118-ലാണ് പുതിയ പാർലമെന്‍റ് കെട്ടിടം നിര്‍മ്മിക്കുന്നത്. മതിലുകളും മറ്റ് താൽക്കാലിക ഘടനകളും നിര്‍മ്മാണ ഘട്ടത്തിലാണ്.
പുതിയ പാർലമെന്‍റ് മന്ദിരത്തിൽ, ലോകസഭയിൽ 888 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ഇരിക്കാനുള്ള ശേഷിയും രാജ്യസഭയിൽ 384 സീറ്റുകളും ഉണ്ടായിരിക്കും. കൂടാതെ, എല്ലാ എംപിമാർക്കും പ്രത്യേകം ഓഫീസുകളും പുതിയ കെട്ടിടത്തിലുണ്ടാകും.
ടാറ്റ പ്രൊജക്റ്റ്സ് ലിമിറ്റഡ് നിർമ്മിക്കുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന് 970 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്നു.
വോട്ടിംഗ് എളുപ്പമാക്കുന്നതിനും പ്രോഗ്രാം ചെയ്യാവുന്ന മൈക്രോഫോണുകളും സാങ്കേതിക സുരക്ഷയൊരുക്കുന്നതിനായി ബയോമെട്രിക്സ് സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു.
ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളുമായി പുതിയ പാർലമെന്‍റിലേക്ക് ബന്ധിപ്പിക്കുന്ന മൂന്ന് ഭൂഗർഭ തുരങ്കങ്ങളെങ്കിലും ഉണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ഇതുവരെ സ്ഥിരീകരണമില്ല.
റോഡിലെ ഗതാഗത കുരുക്കൊഴിവാക്കാനും സുരക്ഷ ശക്തമാക്കാനുമാണ് തുരങ്കങ്ങളെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, പുതിയ പാര്‍ലമെന്‍റിന്‍റെ പണിക്കിടെ പണ്ട് ബ്രിട്ടീഷുകാര്‍, സ്വതന്ത്രസമര സേനാനികളെ ജനങ്ങള്‍ കാണാതെ തൂക്ക് മരത്തിലേക്കെത്തിക്കാനായി ഉപയോഗിച്ചിരുന്ന തുരങ്കത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, പുതിയ പാര്‍ലമെന്‍റിന്‍റെ പണിക്കിടെ പണ്ട് ബ്രിട്ടീഷുകാര്‍, സ്വതന്ത്രസമര സേനാനികളെ ജനങ്ങള്‍ കാണാതെ തൂക്ക് മരത്തിലേക്കെത്തിക്കാനായി ഉപയോഗിച്ചിരുന്ന തുരങ്കത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona