ഐഎസിന് തിരിച്ചടി; ആഫ്രിക്കന്‍ തലവന്‍ അദ്‍നാന്‍ അബു വാലിദ് അല്‍ സഹ്റാവിയെ ഫ്രഞ്ച് സൈന്യം വധിച്ചു
കുപ്രസിദ്ധ ഭീകരനും ആഫ്രിക്കയിലെ ഐഎസിന്‍റെ തലവനുമായ അദ്‍നാന്‍ അബു വാലിദ് അല്‍ സഹ്റാവിയെ ഫ്രഞ്ച് സൈന്യം വധിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ അമേരിക്കന്‍, ഫ്രഞ്ച് സൈനീകരെ അക്രമിച്ച് കൊലപ്പെടുത്തിയതില്‍ അദ്‍നാന്‍ അബു വാലിദ് അല്‍ സഹ്റാവിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് പട്ടാളക്കാരെ കൊന്നതിന് തലയിൽ 5 മില്യൺ ഡോളർ വില പ്രഖ്യാപിക്കപ്പെട്ട കൊടും ഭീകരരുടെ പട്ടികയില്‍ ഇടം നേടിയ ആളാണ് സഹ്റാവി. സഹ്റാവിയുടെ കൊലപാതകം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്ഥിരീകരിച്ചു.
Adnan Abou Walid al Sahraoui, chef du groupe terroriste État islamique au Grand Sahara a été neutralisé par les forces françaises. Il s’agit d’un nouveau succès majeur dans le combat que nous menons contre les groupes terroristes au Sahel.
— Emmanuel Macron (@EmmanuelMacron) September 15, 2021
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്‍റെ ട്വീറ്റര്‍ ഹാന്‍ഡിലില്‍ ഇങ്ങനെ എഴുതി: 'ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ നേതാവ് അദ്നാൻ അബൂ വാലിദ് അൽ സഹ്റൗയിയെ ഫ്രഞ്ച് സൈന്യം നിർവീര്യമാക്കി. സഹേലിയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിലെ മറ്റൊരു പ്രധാന വിജയമാണിത്.
2020 ഓഗസ്റ്റിൽ ആറ് ഫ്രഞ്ച് സഹായ തൊഴിലാളികളെയും അവരുടെ പ്രാദേശിക ഗൈഡിനെയും ഡ്രൈവറെയും കൊലപ്പെടുത്താൻ അൽ സഹ്റായി ഉത്തരവിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കൊലകളാണ് സഹ്റാവിയെ തെരഞ്ഞ് പിടിച്ച് കൊല്ലാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചതെന്ന് കണക്കാക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍, ആഫ്രിക്കയിലെ സാഹെലിയില്‍ നിന്ന് ഫ്രഞ്ച് സൈന്യത്തെ പിന്‍വലിക്കുമെന്ന് മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഡ്രോണും വ്യോമസേനയും അടങ്ങുന്ന പ്രത്യേക സായുധ സേന തീവ്രവാദികള്‍ക്കെതിരെ രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ഓഗസ്റ്റ് പകുതിയോടെ ഫ്രഞ്ച് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സഹ്റാവി കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തുന്നത്.
ആഗസ്ത് 17 ന് നൈജറിന്‍റെ അതിർത്തിക്കടുത്തുള്ള മാലിയിലെ ഡംഗലസ് വനത്തില്‍ ഡ്രോൺ ഉപയോഗിച്ചാണ് സഹ്റാവിയുടെ കൊല നടത്തിയതെന്നാണ് വിവരം. 40 വയസ്സുള്ള അദ്‌നാൻ അബൂ വാലിദ് അൽ സഹ്റായി, നൈജറിൽ ഫ്രഞ്ച് സൈന്യത്തെ അക്രമിക്കാന്‍ ഉത്തരവിട്ട് ഒരു വർഷത്തിന് ശേഷമാണ് കൊല്ലപ്പെട്ടുന്നത്.
അൽ-സഹ്റാവി ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച ശേഷമായിരുന്നു അക്രമണമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തിയറി ബുർഖാർഡ് പറഞ്ഞു. അൽ സഹ്റാവി മറ്റൊരു വ്യക്തിയുമായി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേയാണ് കൊല്ലപ്പെട്ടതെന്ന് ബുർഖാർഡ് കൂട്ടിച്ചേർത്തു.
ഫ്രഞ്ച് ആർമിയുടെ പ്രത്യേക സേനയിലെ 20 സൈനികർ അടങ്ങുന്ന ഒരു യൂണിറ്റ് കൊല്ലപ്പെട്ടവരുടെ സാമ്പിളുകള്‍ ശേഖരിക്കുകയും അവരെ തിരിച്ചറിഞ്ഞതായും ബുർഖാർഡ് അവകാശപ്പെട്ടു. ഇത് സംബന്ധിച്ച് സ്ഥിരീകരണം വരാന്‍ വൈകിയതാണ് പ്രഖ്യാപനവും വൈകാന്‍ കാരണമെന്ന് ഫ്രഞ്ച് ഔദ്ധ്യോഗീക വൃത്തങ്ങള്‍ പറഞ്ഞു.
പടിഞ്ഞാറൻ സഹാറയിലെ ലായൗണിലെ ഒരു സമ്പന്ന വ്യാപാര കുടുംബത്തിലാണ് അൽ-സഹ്റാവി ജനിച്ചത്. മെന്‍റൌറി കോൺസ്റ്റന്‍റൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹ്യശാസ്ത്രം പഠിച്ച സഹ്റാവി അവിടെ നിന്ന് 1997 ൽ ബിരുദം നേടി. ഒരു വർഷത്തിന് ശേഷം സഹ്‌റാവി യൂത്ത് യൂണിയനിൽ ചേർന്നു.
2004 -ൽ, നീണ്ടുനിന്ന ആരോഗ്യപ്രശ്നങ്ങള്‍ സഹ്റാവിയെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. പിന്നീട് നൗക്ചോട്ടിലെ ഇബ്നു അബ്ബാസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തിയ സഹ്‌റാവി ഇസ്ലാമിന്‍റെ തീവ്രമതബോധത്തിലേക്ക് തിരിഞ്ഞു.
2010 നവംബറിൽ സഹ്‌റാവി അൾജീരിയയിലെ ടിൻഡൗഫ് വിട്ട് വടക്കൻ മാലിയിലേക്ക് പോവുകയും അവിടെ ഇസ്ലാമിക് മഗ്രിബിലെ അൽ-ഖ്വയ്ദയുടെ യൂണിറ്റായ കതിബ താരിക് ബിൻ സായിദിൽ ചേർന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.
2011 ഒക്ടോബറിൽ, പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇസ്ലാം ജിഹാദിന് വേണ്ടി പ്രസ്ഥാനം സ്ഥാപിച്ച ഗ്രൂപ്പിലെ അംഗമായിരുന്ന സഹ്‌റാവി, അതിന്‍റെ ശൂറ കൗൺസിലിൽ സേവനമനുഷ്ഠിക്കുകയും മുജ്‌വയുടെ വക്താവായി അന്താരാഷ്ട്ര മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
2012 മാർച്ചിൽ സഹ്‌റാവി അസ്കിയ പട്ടണത്തിന്‍റെ നിയന്ത്രണം കൈയാളിയിരുന്ന ഒരു സായുധ ഗ്രൂപ്പിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. 2015 മേയ് 13-ന് അബു വലീദ് , ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്‍റെ നേതാവായ അബൂബക്കർ അൽ ബാഗ്ദാദിയോടുള്ള കൂറ് പ്രഖ്യാപിക്കുകയും വിശാല സഹാറയിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുകയും ചെയ്തു.
എന്നാല്‍ , അൽ-മൗറബിറ്റൗണിലെ എല്ലാ തീവ്രവാദ അംഗങ്ങളും ഈ നീക്കം അംഗീകരിച്ചില്ല. മൊഖ്താർ ബെൽമോക്തർ , അൽ-മുറാബി നഗരം ബാഗ്ദാദിക്ക് പണയം വച്ചതായി ആരോപിച്ചു. ഇത് ഗ്രൂപ്പിൽ ഭിന്നിപ്പുണ്ടാക്കി. എന്നാല്‍ സംഘടനയിലെ ഭിന്നതകളെ അതിജീവിക്കാന്‍ സഹ്റാവിക്ക് കഴിഞ്ഞു.
2016 മേയിൽ സഹ്‌റാവി മൊറോക്കൻ സർക്കാരിനെതിരെ ഭീഷണി മുഴക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു വര്‍ഷങ്ങള്‍ക്ക് ശേഷം 2017 ജൂണിൽ നൈജറിനെതിരെയും ഫ്രാൻസിനെതിരെയും സഹ്റാവി അക്രമണ ഭീഷണി മുഴക്കി.
2017 ഒക്ടോബറിൽ, തന്‍റെ തീവ്രവാദ സംഘത്തെ ഉപയോഗിച്ച് നൈജീരിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് പട്ടാളക്കാർക്കെതിരായ ടോംഗോ ടോങ്കോ ആക്രമണത്തിന് സഹ്റാവി നേതൃത്വം നൽകി. 2019 ഒക്ടോബർ 4 -ന്, സഹ്റാവിയെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അമേരിക്ക 5 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്നാണ് ആഫ്രിക്കയിലെ തീവ്രവാദ യുദ്ധത്തില്‍ അമേരിക്കയുടെ സഖ്യശക്തിയായ ഫ്രാന്‍സിനെ അക്രമിക്കാന്‍ സഹ്റാവി പദ്ധതി തയ്യാറാക്കുകയും കൊലകള്‍ നടത്തുകയും ചെയ്യുന്നത്. ഈ നീക്കം അയാളുടെ കൊലയില്‍ തന്നെ അവസാനിച്ചു.
തുടര്‍ന്നാണ് ആഫ്രിക്കയിലെ തീവ്രവാദ യുദ്ധത്തില്‍ അമേരിക്കയുടെ സഖ്യശക്തിയായ ഫ്രാന്‍സിനെ അക്രമിക്കാന്‍ സഹ്റാവി പദ്ധതി തയ്യാറാക്കുകയും കൊലകള്‍ നടത്തുകയും ചെയ്യുന്നത്. ഈ നീക്കം അയാളുടെ കൊലയില്‍ തന്നെ അവസാനിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona