രാജ്യം മുഴുവനും തകര്‍ന്ന റഷ്യന്‍ സൈനിക വാഹനങ്ങളും കാറുകളും; സൂര്യകാന്തി പൂക്കള്‍ വരച്ച് കലാകാരന്മാര്‍
കേരളത്തിന്‍റെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തും തോവാളയിലും സൂര്യകാന്തിപൂക്കള്‍ വിരിഞ്ഞെന്ന വാര്‍ത്തയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട് അധിക ദിവസങ്ങളായിട്ടില്ല. അതിനിടെയാണ് യുക്രൈനില്‍ നിന്നൊരു വാര്‍ത്തവരുന്നത്. യുക്രൈനില്‍ കഴിഞ്ഞ ആറ് മാസക്കാലമായി നടക്കുന്ന റഷ്യന്‍ ആക്രമണത്തിനിടെ തകര്‍ന്നടിഞ്ഞ ആയിരക്കണക്കിന് റഷ്യന്‍ സൈനീക വാഹനങ്ങളിലും കാറുകളും യുക്രൈനിലെമ്പാടും കാണാം. കുറച്ച് കലാകാരന്മാര്‍ ചേര്‍ന്ന് യുക്രൈന്‍റെ ദേശീയ പുഷ്പമായ സൂര്യകാന്തിപൂക്കള്‍ ആ തകര്‍ന്ന കാറുകളില്‍ വരയ്ക്കുകയാണ്. യുദ്ധാവശിഷ്ടങ്ങളെ എങ്ങനെ മനോഹരമാക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് എത്തിയതെന്ന് കലാകാരന്മാര്‍ പറയുമ്പോള്‍ ചില പ്രദേശവാസികളെ അത് അസ്വസ്ഥമാക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇങ്ങനെ വരയ്ക്കുന്ന ചിത്രങ്ങളുടെ ഫോട്ടോയെടുത്ത് വില്‍പ്പനയ്ക്ക് വെക്കുകയും ചിത്രങ്ങള്‍ വരച്ച വാഹനങ്ങള്‍ വിറ്റും ലഭിക്കുന്ന പണം രാജ്യത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാനാണ് കലാകാരന്മാരുടെ ലക്ഷ്യം. യുക്രൈനിലെയും യുഎസിലെയും കലാകാരന്മാരാണ് സൂര്യകാന്തിപ്പൂക്കളുടെ ചിത്രരചനയ്ക്ക് പിന്നില്‍.
കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യൻ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ ടാങ്കുകളുടെ മുന്നേറ്റം തടയാനായി യുക്രൈന്‍ സൈന്യം തകർത്ത തലസ്ഥാനമായി കീവിന്‍റെ പ്രാന്തപ്രദേശത്തുള്ള ഇർപിൻ നഗരത്തിൽ നിന്നാണ് കൂടുതല്‍ കാറുകൾ കണ്ടെടുത്തതെന്ന് ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ചുമർചിത്രകാരൻ ട്രെക്ക് കെല്ലി പറഞ്ഞു.
ട്രെക്ക് കെല്ലിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇത്തരമൊരു ആശയവുമായി നഗര അധികാരികളെ സമീപിച്ചപ്പോള്‍ അതിന് സമ്മതം നല്‍കുകയും വാഹനങ്ങളില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ചിത്രകാരന്മാര്‍ക്ക് ഉറപ്പ് കൊടുക്കുയും ചെയ്തതായി ട്രെക്ക് കെല്ലി പറഞ്ഞു.
സൂര്യകാന്തിപൂക്കള്‍ വരച്ച കാറുകളിലൊന്ന് സ്വന്തമാക്കിയ യുക്രൈന്‍ ദമ്പതികള്‍ , ഈ കാറുകൾ കൂടുതൽ മനോഹരമായി പുനർനിർമ്മിച്ചതിന് കലാകാരന്മാര്‍ക്ക് നന്ദി പറഞ്ഞതായി അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.
മാർച്ച് അവസാനത്തോടെ റഷ്യന്‍ സൈന്യത്തില്‍ നിന്ന് ഇര്‍പിന്‍ യുക്രൈന്‍ സൈന്യം തിരിച്ച് പിടിക്കുന്നതിന് മുമ്പ് റഷ്യൻ ആക്രമണത്തിൽ 200-300 ഇടയില്‍ സാധാരണക്കാരായ യുക്രൈനികള്‍ നഗരത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അവകാശപ്പെട്ടു. എന്നാല്‍ പ്രദേശവാസികള്‍ക്ക് അത്തരമൊരു കണക്കിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും കെല്ലി പറഞ്ഞു.
റഷ്യന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തിന് പിന്നാലെ നഗരപ്രാന്തത്തില്‍ നിന്ന് നിരവധി കൂട്ടകുഴിമാടങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ അധിനിവേശം തുടങ്ങിയപ്പോള്‍ തന്നെ ഇത് യുദ്ധമല്ലെന്നും മറിച്ച് പ്രത്യേക സൈനിക ഓപ്പറേഷനാണെന്നുമായിരുന്നു റഷ്യയുടെ വാദം. യുക്രൈനില്‍ ശക്തിപ്രാപിക്കുന്ന നവനാസികള്‍ക്കെതിരെയാണ് തങ്ങളുടെ നീക്കമെന്നും പുടിന്‍ അവകാശപ്പെട്ടിരുന്നു.
"ഭാവിയെക്കുറിച്ചുള്ള പ്രത്യാശ പ്രകടിപ്പിക്കുന്ന പൂക്കള്‍ എന്ന ആശയം ഞാൻ മനസ്സിലാക്കുന്നു. റഷ്യക്കാർ ഇവിടെ എന്ത് ചെയ്യാന്‍ ശ്രമിച്ചാലും യുക്രൈനെ നശിപ്പിക്കാൻ കഴിയില്ല. പക്ഷേ, ചിലപ്പോള്‍ അത് വളരെ പെട്ടെന്നും സംഭവിക്കാം." വെയിൽസിൽ നിന്നുള്ള കാസിമിർ കിൻഡൽ പറഞ്ഞു.
“ഓർമ്മകൾ ഇപ്പോഴും വളരെ പുതുമയുള്ളതാണ്.” യുദ്ധസമയത്ത് ഫ്രാൻസിലേക്ക് പലായനം ചെയ്യുകയും കഴിഞ്ഞ ആഴ്ചയില്‍ യുക്രൈനിലേക്ക് തിരിച്ചെത്തുകയും ചെയ്ത കീവ് നിവാസിയായ യൂലിയ സാലിയുബോവ്‌സ്ക പറയുന്നു.
'ഞങ്ങൾ മനുഷ്യരുടെ ആശങ്കകളെ മാനിക്കുന്നു. എന്നാൽ, ആളുകള്‍ സ്ഥലം സന്ദര്‍ശിക്കാനും ചിത്രങ്ങളെടുക്കാനും വാഹനങ്ങള്‍ വാങ്ങാനും ശ്രമിക്കുന്നതോടെ ഈ പ്രദേശം പ്രതിഫലം നേടിത്തരുന്ന ഒരു സ്ഥലമായിമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ചിത്രകലാ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരിയായ കെല്ലിയും ഒലീന യാങ്കോയും പറയുന്നു.
"അതെ, ഞങ്ങളെ മനസ്സിലാക്കാത്ത ആളുകളുണ്ട്. ഞങ്ങൾ മരിച്ചവരുടെ ശവക്കുഴികളിൽ നൃത്തം ചെയ്യുകയാണെന്ന് അവർ കരുതുന്നു," യാങ്കോ പ്രദേശവാസികളുടെ ആശങ്ക പങ്കുവച്ചു. "എന്നാൽ ജീവിതം മുന്നോട്ട് പോകും, ഞങ്ങൾ വിജയിക്കും യുദ്ധം കൂടാതെ നമുക്ക് ശത്രുവിനെ തോൽപ്പിക്കാൻ കഴിയും, അത് പെയിന്‍റ് ബ്രഷ് കൊണ്ടായാലും ആയുധങ്ങൾ കൊണ്ടായാലും. ഞങ്ങൾ അത് കാണിക്കാൻ ആഗ്രഹിക്കുന്നു." യാങ്കോ കൂട്ടിചേര്‍ത്തു.
യുഎസ് ചാരിറ്റി ബ്യൂട്ടിഫൈ എര്‍ത്ത് ഡോട്ട് ഓര്‍ഗ് എന്ന് സംഘടന കലാകാരന്മാർക്കായി നികുതിയിളവ് നൽകുന്ന സംഭാവനകൾ സ്വീകരിക്കുന്നു. ചിത്രങ്ങള്‍ എവിടെ നിന്ന് വാങ്ങാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്ന് കെല്ലി പറഞ്ഞു.
യുക്രൈന്‍റെ ദേശീയ പുഷ്പമായ സൂര്യകാന്തി പൂക്കളുള്ള കൂടുതൽ ചുവർചിത്രങ്ങൾക്കായി, യുദ്ധത്തില്‍ തകര്‍ന്ന മറ്റ് യുക്രൈന്‍ നഗരങ്ങൾ ഇതിനകം തന്നെ തങ്ങള്‍ക്ക് പ്രദേശങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെല്ലി കൂട്ടിച്ചേർത്തു."ഈ ദുരിതബാധിത പ്രദേശങ്ങൾ പുനർനിർമിക്കുന്നതുവരെ അവ മനോഹരമായിരിക്കാന്‍ അവർ ആഗ്രഹിക്കുന്നു. പുനർജന്മത്തിൽ, അവശിഷ്ടങ്ങളിൽ നിന്ന് തെളിച്ചവും നിറവും പ്രകൃതിയും ഉയർന്നുവരുന്നു." കെല്ലി കൂട്ടിച്ചേര്‍ത്തു.