കൊവിഡ് 19; യുദ്ധമുഖത്തെ മാലാഖമാർക്ക് ആദരം

First Published May 13, 2020, 10:41 PM IST

ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ 1853 ല്‍ മൂന്ന് വര്‍‌ഷം നീണ്ടുനിന്ന ഒരു യുദ്ധം നടന്നു. എതിര്‍ പക്ഷത്ത് അന്നത്തെ കരുത്തരായിരുന്ന  ബ്രിട്ടൻ, ഫ്രാൻസ്, ഓട്ടോമൻ സാമ്രാജ്യം എന്നീ രാജ്യങ്ങളുടെ സഖ്യസേനയായിരുന്നു. 1853 ൽ ആരംഭിച്ച യുദ്ധം മൂന്ന് വർഷം നീണ്ടുനിന്നു 1856 ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധത്തിന് അവസാനമായിത്. എന്നാല്‍, അതിനിടെ ബ്രീട്ടീഷ് കാരിയായ ഒരു സ്ത്രീ അതിപ്രശസ്തയായിത്തീര്‍ന്നു. എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യയുമായിരുന്ന ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആയിരുന്നു അവര്‍. ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ് യുദ്ധമുഖത്ത് നിന്ന് മടങ്ങുന്ന പട്ടാളക്കാരെ അവര്‍ നിസ്വാര്‍ത്ഥമായി ശുശ്രൂഷിച്ചു. ആ സമയത്ത് അവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയറിംഗ് സിക്ക് ജെന്‍റില്‍വുമണ്‍ എന്ന സ്ഥാപനത്തിലെ സൂപ്രണ്ടായിരുന്നു. 

തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന 38 നഴ്സുമാരോടൊപ്പം ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ തുര്‍ക്കിയിലെ യുദ്ധമുഖത്തെത്തി. തുര്‍ന്ന് അവരുടെ ശ്രമഫലമായി യുദ്ധമുഖത്തുണ്ടായിരുന്ന മരണസംഖ്യയില്‍ കാര്യമായ വ്യത്യാസമുണ്ടായി.  യുദ്ധത്തില്‍ പരിക്കേറ്റ് ഉണ്ടാകുന്ന മരണത്തെക്കാള്‍ പകര്‍ച്ചവ്യാതി മൂലമുള്ള മരണമായിരുന്നു കൂടുതലും. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യുദ്ധമവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ വിക്ടോറിയ രാജ്ഞി കഴിഞ്ഞാല്‍ പിന്നെ പ്രശസ്തയായ വ്യക്തി ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആണെന്ന് പറയപ്പെടുന്നു. നഴ്സിങ്ങ് രംഗത്ത് അവരെഴുതിയ നോട്ടുകള്‍ പിന്നീട് ഈ രംഗത്തെ അടിസ്ഥാന പാഠ്യവിഷയമായിരുന്നു.  മറ്റൊരു മഹാമാരിയുടെ കാലത്ത് മറ്റെന്തിനേക്കാളും വിശുദ്ധരായി കരുതുന്നത് ആരോഗ്യപ്രവര്‍ത്തകരെയാണ്.