തീ കൊണ്ട് കളിക്കരുത് ; അൽ-അക്സാ പള്ളി അക്രമത്തില്‍ ഇസ്രയേലിന് ഹമാസിന്‍റെ മുന്നറിയിപ്പ്

First Published May 8, 2021, 11:12 PM IST


റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍‌ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ പള്ളി സംയുക്തം. ഈ സ്ഥലം യഹൂദന്മാരുടെയും ഏറ്റവും പുണ്യസ്ഥലമാണ്, അവർ ഇതിനെ ക്ഷേത്ര പര്‍വ്വതം എന്ന് വിളിക്കുകയും വേദപുസ്തക ക്ഷേത്രങ്ങൾ നിലകൊള്ളുന്ന സ്ഥലമായി അതിനെ ആരാധിക്കുകയും ചെയ്യുന്നു. ക്രിസ്തുമതവും ഈ പ്രദേശത്തെ വുശുദ്ധമായ ആരാധിക്കുന്നു. എന്നാല്‍ ഇന്ന് ഇസ്രായേൽ-പലസ്തീൻ അക്രമത്തിന്‍റെ ഒരു പ്രധാന കേന്ദ്രമാണ് ഈ വിശുദ്ധ പ്രദേശം. ഇന്നലെ രാത്രിയില്‍‌ അൽ-അക്സാ പള്ളിക്ക് സമീപം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും ആശയകുഴപ്പം നിലനില്‍ക്കുകയാണ്. വിശുദ്ധമാസത്തിലെ അവസാന വെള്ളിയാഴ്ച രാത്രി ഏതാണ്ട് 70,000 ത്തോളം പാലസ്തീനികള്‍ അൽ-അക്സയിൽ നടന്ന റമദാൻ പ്രാർത്ഥനയിൽ പങ്കെടുത്തതായി സൈറ്റിന്റെ മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക് എൻ‌ഡോവ്‌മെന്‍റ് അറിയിച്ചു. വിശാലമായ ആ കുന്നില്‍ മുകളില്‍ രാത്രിയിലുണ്ടായ അക്രമത്തില്‍ 200 ല്‍ പരം സാധാരണക്കാര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റവരിൽ 88 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്‍റ് എമർജൻസി സർവീസ് പറഞ്ഞു. അക്രമത്തില്‍‌ 17 ഇസ്രയേല്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഇസ്രായേൽ പൊലീസും പറയുന്നു.