പാകിസ്ഥാനില്‍ അതിശക്തമഴയും വെള്ളപ്പൊക്കവും; മരണം 1000 കടന്നു
പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്ത മഴയില്‍ വടക്കന്‍ പ്രദേശമായ ഖൈബര്‍ പഷ്ണൂണ്‍ മേഖലയില്‍ വന്‍ നാശനഷ്ടം. ഓഗസ്റ്റ് 30 വരെ പ്രവിശ്യയിലെ എല്ലാ ജില്ലകളിലും മഴ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ മൂന്നര കോടിയോളം ജനങ്ങളെ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. പ്രവിശ്യാ ദുരന്ത നിവാരണ സമിതി അതിശക്ത മഴയെ തുടര്‍ന്ന് സ്വാത് നദിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയതായി പ്രമുഖ പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളെയാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. വെള്ളപ്പൊക്കത്തിൽ ഇതുവരെയായി മരിച്ചവരുടെ എണ്ണം 1,000 കടക്കുമെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മൺസൂൺ മഴയുടെ ഫലമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 പേർ ഉൾപ്പെടെ ഈ വർഷം1000 ത്തോളം പേര്‍ കൊല്ലപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ ഏജൻസി (എൻഡിഎംഎ) ഇന്നലെ അറിയിച്ചു. ജൂണിലാണ് പാകിസ്ഥാനില്‍ മണ്‍സൂണ്‍ ആരംഭിച്ചത്. ഈ വർഷത്തെ വെള്ളപ്പൊക്കം 2010-നെ അപേക്ഷിച്ച് ഏറ്റവും മോശം റെക്കോര്‍ഡാണ്. 2010 ലെ മഴയില്‍ 2,000-ത്തിലധികം ആളുകൾ മരിക്കുകയും രാജ്യത്തിന്‍റെ അഞ്ചിലൊന്ന് പ്രദേശം വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.
ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളെ കൂടാതെ സ്വാത്, ഷാംഗ്ല, മിംഗോറ, കൊഹിസ്ഥാൻ മേഖലകളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തു. സ്വാത് മേഖലയിലെ വെള്ളപ്പൊക്കത്തിൽ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. അഗൽ, ദുരുഷ്ഖേല, ചമൻലാലൈ, കലകോട്ട് എന്നിവിടങ്ങളിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു.
ഖൈബർ പഖ്തൂൺഖ്വയിൽ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ജൂൺ മുതൽ ഇതുവരെയായി 251 മരണങ്ങളാണ് രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിൽ അമ്യൂസ്‌മെന്‍റ് പാർക്കുകളും റെസ്റ്റോറന്‍റുകളും വെള്ളത്തിനടിയിലായതായി പാകിസ്ഥാൻ വാർത്താ മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാം.
അതേസമയം, ദേര ഇസ്മായിൽ ഖാനിലും ടാങ്കിലും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കെപി മുഖ്യമന്ത്രി മഹമൂദ് ഖാനും സന്ദർശിച്ചു. രാജ്യത്തുടനീളം ചെറുതും ഇടത്തരവുമായ അണക്കെട്ടുകൾ നിർമ്മിക്കുകയാണെങ്കില്‍ വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറയ്ക്കാൻ കഴിയുമെന്ന് ഇമ്രാൻ അഭിപ്രായപ്പെട്ടു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച സിന്ധ് താഴ്വാര സന്ദർശിച്ച് പ്രളയബാധിതർക്ക് 15 ബില്യൺ പികെആർ സഹായം പ്രഖ്യാപിച്ചു. ഇന്നലെ സ്വാതിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 12 പേർ മരിച്ചു. ഇവിടെ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയത്.
വെള്ളപ്പൊക്കത്തിൽ പള്ളികളും വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോകുമ്പോള്‍ ആളുകൾ ജീവന്‍ രക്ഷിക്കാനായി ഓടുന്ന നിരവധി വിഡീയോകള്‍ പാകിസ്ഥാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വാത്തിലെ ഗ്വാലെറായിയിലെ ചതേക്കൽ മേഖലയിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്ന് ഏഴു പേർ മരിച്ചു.
സമീപത്തെ ജനവാസ മേഖലയ്ക്ക് അപകടകരമായ രീതിയില്‍ നദി കരകവിഞ്ഞൊഴുകുമെന്ന് പ്രദേശിക എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി. സ്വാത് നദിയ്‌ക്കൊപ്പം പാക്കിസ്ഥാനിലെ സിന്ധു നദിയും കരകവിഞ്ഞ് കലബാഗ്, ചഷ്മ മേഖലകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നദിയിൽ വെള്ളപ്പൊക്കനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാൽ ഈ ആഴ്ചയവസാനം പ്രദേശം കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുമെന്ന് പാകിസ്ഥാൻ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാർ എല്ലാ പ്രവിശ്യകളിലും സൈനികരെ വിന്യസിച്ചു.
“പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സിവിലിയൻ അധികാരികളെ സഹായിക്കാന്‍ സൈനികർ രംഗത്തുണ്ടെന്ന്.” പാകിസ്ഥാൻ ആഭ്യന്തര മന്ത്രി റാണ സനാഉല്ല ട്വീറ്റിൽ കുറിച്ചു. കാലാവസ്ഥാ ദുരന്തത്തെ നേരിടാന്‍ ദശലക്ഷക്കണക്കിന് ഡോളറിന്‍റെ സഹായം വേണ്ടിവരുമെന്നു കരുതുന്നു.
ദേശീയ പാതയോരങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട താത്കാലിക ഷെഡ്ഡുകളാണ് ജനങ്ങള്‍ കഴിയുന്നത്. 30 ലക്ഷത്തിലധികം പേരെ മഴ നേരിട്ട് ബാധിച്ചപ്പോള്‍ 220,000 വീടുകൾ തകര്‍ക്കപ്പെട്ടു. അര ദശലക്ഷത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. രണ്ട് ദശലക്ഷം ഏക്കർ കൃഷി ചെയ്ത വിളകൾ സിന്ധ് പ്രവിശ്യയിൽ മാത്രം നശിപ്പിക്കപ്പെട്ടെന്നും പ്രവിശ്യാ ഡിസാസ്റ്റർ ഏജൻസി അറിയിച്ചു.
രാജ്യത്തെ പ്രളയം നേരിടാന്‍ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര ധനസഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. ആഗോള കാലാവസ്ഥാ അപകട സൂചികയിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ വർഷം ആദ്യം രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശവും ഉഷ്ണതരംഗത്തിന്‍റെയും വരള്‍ച്ചയുടെയും പിടിയിലാണ്. സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്നു.
ഇതിന് തൊട്ട് പിന്നാലെയാണ് ഇപ്പോള്‍ അതിശക്ത മഴയില്‍ ഈ പ്രദേശങ്ങള്‍ മുഴുവനും വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കത്തിൽ മിക്ക പാകിസ്ഥാന്‍ നഗരങ്ങളും ഇപ്പോൾ പൊറുതിമുട്ടുകയാണ്. വീടുകള്‍ വെള്ളത്തിനടിയിലാകുകയും റോഡുകളും പാലങ്ങളും ഒലിച്ചുപോവുകയും ചെയ്തു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബ്രിട്ടനിലേക്കുള്ള പ്രളയ പ്രതികരണത്തിന് മേൽനോട്ടം വഹിക്കാൻ നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കി. എല്ലാ വിഭവങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അദ്ദേഹം സൈന്യത്തോട് ഉത്തരവിട്ടു. ”ഞാൻ വായുവിൽ നിന്ന് കണ്ടു, നാശം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബലൂചിസ്ഥാന്‍റെ തെക്കും പടിഞ്ഞാറ് ഭാഗവുമാണ് ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങൾ. വടക്കൻ പർവതപ്രദേശങ്ങളിൽ നദികൾ കരകവിഞ്ഞൊഴുകുന്നതിന്‍റെയും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ച് പോകുന്നതിന്‍റെയും നിരവധി ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയ്ക്ക് സമീപത്തെ വെള്ളപ്പൊക്കത്തിൽ ഒരു പ്രധാന പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഈ ഭാഗത്തെക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചതായി പാകിസ്ഥാൻ റെയിൽവേ അറിയിച്ചു. മിക്ക മൊബൈൽ നെറ്റ്‌വർക്കുകളും ഇന്‍റർനെറ്റ് സേവനങ്ങളും തകരാറിലായി.