കൊവിഡ്19 മരണം മൂന്ന് ലക്ഷത്തിലേക്ക്; തുടച്ചുനീക്കുക അസാധ്യമെന്ന് ലോകാരോഗ്യ സംഘടന

First Published May 14, 2020, 3:28 PM IST

2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ച കൊവിഡ്19 എന്ന കൊറോണാ വൈറസ് ഒരു മഹാമാരിയായി ലോകം മൊത്തം മരണം വിതയ്ക്കാന്‍ തുങ്ങിയിട്ട് ആറ് മാസങ്ങള്‍ പിന്നിടുന്നു. ഇതിനകം ഭൂമിയില്‍ നിന്ന് ഇല്ലാതായത് 2,98,165 പേരാണ്. 44,29,235 പേര്‍ക്ക് ഇതുവരെയായി രോഗബാധയേറ്റു. മാസങ്ങള്‍ നീണ്ട ലോക്ഡൗണിനെ തുടര്‍ന്ന് പല രാജ്യങ്ങളും സാമ്പത്തിക തകര്‍ച്ചയിലേക്കും അത് വഴി കലാപങ്ങളിലേക്കും നീങ്ങുകയാണ്. ജയിലുകളിലാരംഭിച്ച കലാപങ്ങള്‍ തെരുവുകളിലേക്കും പടരുകയാണെന്നാണ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.


ലോകം ഇങ്ങനെ അസ്ഥിരമാകുന്നുവോയെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് നോവല്‍ കൊറോണാ വൈറസിനെ മറ്റ് മഹാമാരികളെ പോലെ പെട്ടെന്ന് തുടച്ച് നീക്കാനാകില്ലെന്നും സുരക്ഷയൊരുക്കുക മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യങ്ങളുടെ വരുമാനം നിലച്ചതോടെ നിയന്ത്രിതമായി ലോക്ഡൗണ്‍ നിയമങ്ങള്‍ പിന്‍വലിക്കാനും അതുവഴി സാമ്പത്തിക മേഖലയിലെ നിശ്ചലാവസ്ഥയെ പതുക്കെയെങ്കിലും മറികടക്കുവാനുള്ള ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ തയ്യാറെടുക്കാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.