രാജീവ് ഗാന്ധി; ഓര്‍മ്മയുടെ 29 വര്‍ഷം

First Published May 21, 2020, 2:08 PM IST

ഇന്ത്യയുടെ പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ മരണത്തോടെയാണ് രാജീവ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. അങ്ങനെ, 1984 ല്‍ തന്‍റെ നാല്പതാമത്തെ വയസ്സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി. സംഭവബഹുലമായിരുന്നു രാജീവ് ഗാന്ധിയുടെ ജീവിതം. മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. പിന്നീട് അമ്മയും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായി പഠനം. പഠന സമയത്തെ സുഹൃത്തായിരുന്ന ഇറ്റാലിയന്‍ വംശജ അന്‍റോണിയ അല്‍ബിനാ മൈനോ എന്ന സോണിയാ ഗാന്ധിയെ വിവാഹം കഴിച്ചു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കും മുന്നേ വൈമാനികനായി ഔദ്ധ്യോഗീക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് രാഷ്ട്രീയം അത്ര പഥ്യമായിരുന്നില്ല. എന്നാല്‍ സഹോദരന്‍ സഞ്ജയുടെ മരണവും അമ്മ ഇന്ദിരയുടെ മരണവും രാജീവിനെ ഇന്ത്യന്‍ രാഷ്ട്രീയ കളരിയിലേക്ക് ഇറക്കുകയായിരുന്നു. പിന്നീട്, ഇന്ത്യയുടെ പ്രധാനമന്ത്രിയായ രാജീവ്. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കവേ ശ്രീലങ്കയിലെ സിംഹള - തമിഴ് വംശീയ  പ്രശ്നത്തില്‍ സൈനീകമായി ഇടപെടാനുള്ള നീക്കത്തിന് രാജീവ് ഗാന്ധിക്ക് സ്വന്തം ജീവതം തന്നെ കൊടുക്കേണ്ടിവന്നു. മരണാനന്തരം 1991 ല്‍ രാജ്യം ഒരു പൗരന് നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നല്‍കി ആദരിച്ചു.