Jeff Bezos's yacht: ശതകോടീശ്വരന്‍റെ യാച്ചിന് പോകാന്‍ പാലം പൊളിക്കണം; 'ചീമുട്ട' എറിയുമെന്ന് റോട്ടര്‍ഡാമുകാര്‍
ആമസോൺ (Amazon) സ്ഥാപകനും ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ (Jeff Bezos) പുതിയ സൂപ്പര്‍ യാച്ചിന് ( Y721 superyacht) കപ്പല്‍ ശാലയില്‍ നിന്ന് പുറത്ത് കടക്കാന്‍ റോട്ടർഡാമിലെ ഐതിഹാസികമായ കോണിംഗ്ഷെവൻബ്രഗ് പാലം ഒരു ദിവസത്തേക്ക് പൊളിക്കണം. അങ്ങനെയൊന്ന് സംഭവിച്ചാല്‍ യാച്ചിന് നേരെ ചീമുട്ടയെറിയണമെന്ന് സാമൂഹികമാധ്യമങ്ങളില്‍ ക്യാമ്പൈന്‍ ആരംഭിച്ചു. 400 മില്യണ്‍ പൌണ്ട് ചെലവിട്ടാണ് Y721 സൂപ്പർ യാച്ച് ജെഫ് ബെസോസ് പണിതത്. 17 അടി വിസ്തീർണ്ണമുള്ള Y721 യാച്ച് കപ്പല്‍ശാലയില്‍ നിന്ന് കടലിലെത്തിക്കണമെങ്കില്‍ ചരിത്രപ്രസിദ്ധമായ ഡി ഹെഫ് എന്നറിയപ്പെടുന്ന കോണിംഗ്ഷെവൻബ്രഗ് പാലം (Koningshavenbrug bridge) പൊളിക്കേണ്ടിവരുമെന്നതാണ് പുതിയ ക്യാമ്പൈന് തുടക്കമിട്ടത്.
കോണിംഗ്ഷെവൻബ്രഗ് പാലം, ജെഫ് ബെസോസിന്‍റെ പുതിയ സൂപ്പര്‍ യാച്ചിന് കടന്ന് പോകാന്‍ പോളിക്കുകയാണെങ്കില്‍ റോട്ടർഡാം നിവാസികൾ ചീമുട്ടയെറിയാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിലാണ് പുതിയ പേജ് തുറന്നത്. ഇതോടെ 4,900 ആളുകളാണ് ചീമുട്ടെയെറിയാന്‍ താത്പര്യപ്പെട്ട് രംഗത്തെത്തിയത്.
സാധാരണഗതിയിൽ പുതിയ കപ്പലുകൾ പണി കഴിഞ്ഞ് നീറ്റിലിറക്കുമ്പോള്‍ 130 അടി ഉയരത്തിലുളള പാലത്തിന്‍റെ അടിയിലൂടെ അവയ്ക്ക് സുഖമമായി സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ ജെഫ് ബെസോസിന്‍റെ പുതിയ സൂപ്പര്‍ യാച്ചിന്‍റെ കൊടിമരങ്ങള്‍ക്ക് പാലത്തെക്കാള്‍ ഉയരുമുണ്ടെന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
പാലം പൊളിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചാല്‍ യാച്ചിന് നേരെ ചീമുട്ടയെറിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല. എല്ലാ റോട്ടര്‍ഡാമുകാരോടും പരിപാടിയില്‍ പങ്കെടുക്കാനും സാമൂഹികമാധ്യമ പേജില്‍ ആഹ്വാനം ചെയ്യുന്നു.
നെതർലാൻഡ്‌സിന്‍റെ പടിഞ്ഞാറ് അൽബ്ലാസെർഡാമിലെ ഓഷ്യാനോ കപ്പൽശാലയിലാണ് സൂപ്പര്‍ യാച്ചിന്‍റ നിർമ്മാണം പുരോഗമിക്കുന്നത്. ഈ കപ്പല്‍ശാലയില്‍ നിന്ന് സൂപ്പര്‍യാച്ചിന് കടലിലെത്താന്‍ പാലം കടന്നേമതിയാകൂ. എന്നാല്‍ ഉയരക്കൂടുതലുള്ള പായ്ക്കപ്പല്‍ തൂണുകള്‍ അതിന് അനുവദിക്കില്ല.
2017ൽ പാലം നവീകരിച്ചപ്പോൾ, ഇനിയൊരിക്കലും പൊളിക്കില്ലെന്ന് ലോക്കൽ കൗൺസിൽ പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍, ബെസോസിന്‍റെ സൂപ്പര്‍യാച്ചിന് കടന്ന് പോകാന്‍ ഈ വാഗ്ദാനം ലംഘിക്കപ്പെടുമെന്ന് ഡച്ച് ബ്രോഡ്‌കാസ്റ്റർ റിജൻമണ്ട് പറയുന്നു.
മാത്രമല്ല, പാലം പൊളിക്കുന്നതിന് ആവശ്യമായ ചിലവുകളെല്ലാം വഹിക്കുമെന്ന് ജെഫ് ബെസോസണ്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, യാച്ചിന് കടന്നുപോകാനായി പാലം പൊളിക്കാനുള്ള അപേക്ഷയൊന്നും ഇതുവരെ റോട്ടര്‍ഡാമം നഗര അധികൃതര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം അല്‍ജെമീന്‍ ഡാഗ്ബ്ലാഡിനോട് സംസാരിക്കവെ മേയര്‍ അഹമ്മദ് അബൌട്ടലെബ്, അത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നായിരുന്നു പറഞ്ഞത്. " അത്തരമൊരു അനുമതിക്ക് അപേക്ഷ ലഭിച്ചിട്ടില്ല. പക്ഷേ അതിന് മുമ്പ് തന്നെ പ്രശ്നം സങ്കീര്‍ണമാകുകയാണ്. എന്നാല്‍, അത്തരമൊരു അപേക്ഷ ലഭിച്ചാല്‍, ആഘാത പഠനം നടത്തിയ ശേഷം അനുമതി നല്‍കണോ വേണ്ടയോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1927-ലാണ് ന്യൂവേ മാസ് നദിക്ക് മുകളിലൂടെ 'ഡി ഹെഫ്' പാലം നിര്‍മ്മിക്കപ്പെട്ടത്. നിർമ്മാണ കാലം മുതൽ റോട്ടർഡാമിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായിരുന്നു പാലം. 1940-ൽ റോട്ടർഡാമിലെ ബോംബാക്രമണത്തിനിടെ രണ്ട് ടവറുകള്‍ക്കും സാരമായ കേടുപാട് പറ്റി.
1993-ൽ പാലം ശാശ്വതമായി പൊളിക്കാനുള്ള ശ്രമങ്ങൾ പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ടു. 2014 നും 2017 നും ഇടയിൽ കുറച്ച് കാലത്തേക്ക് പാലത്തിന്‍റെ നടപ്പാലം പുതുക്കിപണിതു. അതിന് ശേഷമാണ് പാലം ഒരിക്കലും പൊളിക്കില്ലെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്തത്.
നഗര ചരിത്രത്തിന്‍റെ ഭാഗമായ പാലം പൊളിക്കാന്‍ കഴിയില്ലെന്ന് നിലപാടില്‍ തന്നെയാണ് പ്രദേശവാസികള്‍. എന്നാല്‍ യാച്ചിന് കടന്ന് പോകാനായി വേണെങ്കില്‍ പാലത്തിന്‍റെ മധ്യഭാഗത്തെ ഭാഗം ഒരു ദിവസത്തേക്ക് പൊളിക്കാമെന്നും ചിലര്‍ പറയുന്നു. നിലവില്‍ എലോൺ മസ്‌കിന് തൊട്ട താഴെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് ജെഫ് ബെസോസ്.