Ukraine Crisis: 'യുദ്ധം നിര്‍ത്തൂ, റഷ്യയ്ക്ക് ഇവിടെ ജയിക്കാനാവില്ല.': ഉക്രൈന്‍റെ തടവിലായ റഷ്യന്‍ കേണല്‍
ഉക്രൈന്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈനികര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കരമാര്‍ഗ്ഗം ഉക്രൈനില്‍ അക്രമണത്തിനെത്തിയ റഷ്യന്‍ സൈനിക വാഹനവ്യൂഹത്തിന് വേഗം പോരെന്നും 64 കിലോമീറ്റര്‍ നീളമുള്ള കവചിത വാഹനങ്ങളും ടാങ്കുകളുമടങ്ങിയ വാഹനവ്യൂഹം പോലും വളരെ പതുക്കെയാണ് നീങ്ങുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്തയും പുറത്ത് വരുന്നത്. ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയ്ക്ക് വെറും 22- മത്തെ സൈനിക ശക്തിയായ ഉക്രൈന്‍ കീഴടക്കാന്‍ രണ്ടാഴ്ചത്തെ യുദ്ധം കൊണ്ടും സാധിച്ചില്ലെന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ റഷ്യന്‍ സൈന്യത്തിന്‍റെ ദൗര്‍ബല്യങ്ങളെ കുറിച്ചുള്ള പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ഏറ്റവും ഒടുവിലായി ഉക്രൈന്‍ പ്രതിരോധവൃത്തങ്ങള്‍ പുറത്ത് വിട്ട വീഡിയോയില്‍ സാധാരണക്കാരെ വെടിവെയ്ക്കാനുള്ള ഉത്തരവ് പാലിക്കാത്തതിനാല്‍ റഷ്യന്‍ സൈനിക ഓഫീസര്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഒരു റഷ്യന്‍ സൈനികന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. ഇതോടെ റഷ്യ, ഉക്രൈനില്‍ യുദ്ധക്കുറ്റം ചെയ്തെന്നതിനുള്ള ശക്തമായ തെളിവാണ് ഉക്രൈന്‍ പുറത്ത് വിട്ടത്.
കഴിഞ്ഞ ഫെബ്രുവരി 24 നാണ് നീണ്ട നാളത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യ, ഉക്രൈനിലേക്ക് അധിനിവേശം ആരംഭിക്കുന്നത്. ഇരുരാഷ്ട്രങ്ങളുടെയും സൈനിക ശക്തി താരതമ്യം ചെയ്ത യുദ്ധവിദഗ്ദര്‍ മൂന്ന് ദിവസം മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ റഷ്യയ്ക്ക് സമ്പൂര്‍ണ്ണ വിജയം സാധ്യമാകുമെന്ന് പ്രവചിച്ചു.
എന്നാല്‍, യുദ്ധം ആരംഭിച്ച ആദ്യ ദിവസം മുതല്‍ ഉക്രൈന്‍ അതിശക്തമായ പ്രതിരോധം തീര്‍ത്ത് ലോകത്തെയും റഷ്യയെയും ഞെട്ടിച്ചു. ഇതോടെ യുദ്ധ വിദഗ്ദരുടെയും നിരീക്ഷകരുടെയും പ്രവചനങ്ങളെല്ലാം തെറ്റി. ഒടുവില്‍ പതിനഞ്ച് ദിവസങ്ങള്‍ക്കിപ്പുറം ഉക്രൈന്‍ തലസ്ഥാനം പിടിക്കാന്‍ കഴിയാത്ത റഷ്യന്‍ സൈന്യം ഉക്രൈനിലെ സാധാരണക്കാര്‍ക്ക് നേരെയും കുട്ടികളുടെ ആശുപത്രികള്‍ക്ക് നേരെയും ബോംബ് വര്‍ഷിക്കാന്‍ ആരംഭിച്ചു.
ഉക്രൈന്‍ ആയുധം താഴെ വെക്കണമെന്നും സമ്പൂര്‍ണ നിരായുധീകരണമല്ലാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഉക്രൈന്‍, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളുമായും നടത്തിയ ചര്‍ച്ചകളില്‍ റഷ്യ ആവര്‍ത്തിച്ചു. ഇതോടെ സമാധാനശ്രമങ്ങള്‍ക്കുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പരാചയം മുന്നില്‍ കണ്ടാല്‍ പുടിന്‍ ചെറുആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് ഇതിനിടെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും ഒടുവില്‍ ഉക്രൈനുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയിലും (ആദ്യ മന്ത്രിതല ചര്‍ച്ച) റഷ്യ തങ്ങളുടെ നിലപാടുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഉക്രൈന്‍ ഇത് തള്ളിയതോടെ സമാധാന ശ്രമങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. ഈ സമയത്താണ് റഷ്യയുടെ യുദ്ധക്കുറ്റങ്ങളെ കുറിച്ച് റഷ്യന്‍ സൈനികര്‍ തന്നെ വെളിപ്പെടുത്തുന്ന വീഡിയോ ഉക്രൈന്‍ പുറത്ത് വിട്ടത്. '
സൈനിക കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും മാത്രമാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും സാധാരണക്കാരെ സൈന്യം ലക്ഷമിടില്ലെന്നുമായിരുന്നു പുടിന്‍ യുദ്ധത്തിന്‍റെ ആദ്യനാളുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഉക്രൈന്‍റെ അതിശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് വിജയം നീണ്ടുപോകുമെന്ന് മനസിലായതോടെ സിവിലിയന്‍ കേന്ദ്രങ്ങളും കുട്ടികളുടെ ആശുപത്രികള്‍ പോലും റഷ്യന്‍ സൈന്യം ലക്ഷ്യമിടാന്‍ തുടങ്ങി.
അധിനിവേശം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ തന്നെ റഷ്യന്‍ സൈന്യത്തിന്‍റെ ബലഹീനത വെളിവായിരുന്നു. ഉക്രൈന്‍റെ അതിര്‍ത്തി കടന്നെത്തിയ നിരവധി സൈനിക വാഹനങ്ങള്‍ ഉക്രൈനികള്‍ പിടികൂടിയിരുന്നു. സൈനികര്‍ക്ക് ചായയും ഭക്ഷണവും വീട്ടിലേക്ക് വിളിക്കാന്‍ ഫോണും ഉക്രൈനികള്‍ നല്‍കി. വീട്ടിലേക്ക് വിളിച്ച്, തങ്ങള്‍ തടവിലാണെന്ന് അമ്മമാരോട് കരഞ്ഞ് പറയുന്ന സൈനികരുടെ വീഡിയോയായിരുന്നു ആദ്യ ദിവസങ്ങളില്‍ ഉക്രൈന്‍ പുറത്ത് വിട്ടത്.
കീഴടക്കിയ പല റഷ്യന്‍ സൈനികരും 18 വയസുള്ള കൗമാരം വിടാത്ത കുട്ടികളാണെന്ന് ഉക്രൈന്‍ അവകാശപ്പെട്ടു. യുദ്ധം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഉക്രൈന്‍ പുറത്ത് വിട്ട വീഡിയോകള്‍ക്ക് പ്രതികരണങ്ങളുണ്ടായി. തങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും അന്വേഷിച്ച് റഷ്യയില്‍ നിന്ന് അമ്മമാരും മുത്തശ്ശിമാരും ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
റഷ്യയിലെ സൈനിക കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടികളെ ഉക്രൈനിലേക്ക് അയച്ചിട്ടില്ലെന്നാണ് അവകാശപ്പെട്ടതെന്ന് അമ്മമാര്‍ പറയുന്നു. എന്നാല്‍, മകന്‍ ഉക്രൈനില്‍ തടവിലാണെന്ന് പറഞ്ഞ് വിളിച്ചെന്ന് അറിയിച്ചപ്പോള്‍ റഷ്യന്‍ സൈനിക ഓഫീസര്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്നും യുദ്ധത്തിനെ കുറിച്ചോ സൈനികരെ കുറിച്ചോ രാജ്യം ഒന്നും പറയുന്നില്ലെന്നും മാധ്യമങ്ങള്‍ പോലും ഇക്കാര്യത്തില്‍ നിശബ്ദരാണെന്നും അമ്മമാര്‍ ആരോപിച്ചു.
ഇതിന് തൊട്ട് പുറകെയാണ് ഉക്രൈന്‍ കീഴടങ്ങിയ റഷ്യന്‍ സൈനികരുടെ പുതിയ വീഡിയോ പുറത്ത് വിട്ടത്. ഈ വീഡിയോയില്‍ റഷ്യന്‍ സൈനികരിലെ അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. സാധാരണക്കാരായ ഉക്രൈനികളെ വെടിവെയ്ക്കാന്‍ ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് ഈ വിഡിയോയില്‍ സൈനികര്‍ വ്യക്തമാക്കുന്നു. '
എന്നാല്‍, അതിന് വിസമ്മതിച്ചതിനാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളെ വെടിവെച്ചെന്നും കൂട്ടത്തിലെ പല സൈനികരും ഇത്തരത്തില്‍ കൊല്ലപ്പെട്ടെന്നും സൈനികര്‍ ആരോപിക്കുന്നു. ഫെബ്രുവരി 24 ന് യുദ്ധത്തിന്‍റെ ആദ്യ ദിവസം തന്നെ ഉക്രൈന്‍ നഗരമായ ഖര്‍കീവ് റഷ്യന്‍ സൈനികര്‍ വളഞ്ഞിരുന്നു.
യുദ്ധത്തിനിടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച 20 വയസ്സുള്ള ഒരു ഉക്രൈന്‍ യുവതിയെ ഒരു താനും ഒരു ലെഫ്റ്റനന്‍റും ചേര്‍ന്ന് ഏതെങ്ങനെയെന്ന് രക്ഷപ്പെടുത്തിയതെന്ന് വീഡിയോയിലുള്ള ഒരു സൈനികന്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ സമയം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ അവകാശപ്പെട്ടു. എന്നാല്‍, താന്‍ അതിന് വിസമ്മതിച്ചതായും തടവിലുള്ള സൈനികര്‍ അവകാശപ്പെട്ടു.
എന്നാല്‍, നിര്‍ദ്ദേശം അനുസരിക്കാന്‍ വിസമ്മതിച്ചതോടെ തങ്ങള്‍ക്ക് നേരെ റഷ്യന്‍ സൈനികര്‍ വെടിയുതിര്‍ത്തതായും ഇയാള്‍ ആരോപിച്ചു. ഈ വെടിവയ്പ്പില്‍ തനിക്ക് കാലിന് വെടിയേറ്റതായും ലെഫ്റ്റനന്‍റ് കൊല്ലപ്പെട്ടതായും ഇയാള്‍ വെളിപ്പെടുത്തി. വളരെ പെട്ടെന്ന് തന്നെ അവിടെയുണ്ടായിരുന്ന സാധാരണക്കാരെല്ലാം ഒളിച്ചു. പെട്ടെന്ന് എവിടെ നിന്നില്ലാതെ ഉക്രൈന്‍ സൈന്യം തങ്ങളെ അക്രമിച്ചെന്നും ഇയാള്‍ പറയുന്നു.
റഷ്യന്‍ സൈന്യവും ഉക്രൈന്‍ സൈന്യവും പരസ്പരം വെടിയുതിര്‍ക്കുമ്പോള്‍ വെടിയേറ്റ് വീണ ഒരു ഉക്രൈന്‍ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ലെഫ്റ്റനന്‍റ്. എന്നാല്‍, സിവിലിയന്‍സിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് കണ്ട റഷ്യന്‍ സൈന്യം ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലെഫ്റ്റനെന്‍റും അമ്മയും അവിടെ വച്ച് തന്നെ മരിച്ചു. കാലില്‍ വെടിയേറ്റ ഞാനും യുവതിയും ഒരു ഗ്യാരേജില്‍ ഏതാണ്ട് 20 മിനിറ്റോളം ഒളിച്ചിരുന്നു.
പിന്നീട് സൈന്യം പിന്‍വാങ്ങിയ ശേഷം യുവതി അവളുടെ അമ്മയെ അന്വേഷിച്ച് പുറത്ത് പോയി ഒരു കാറിന്‍റെ താക്കേലുമായി തിരികെ വന്നു. അമ്മയും ലെഫ്റ്റനെന്‍റും കൊല്ലപ്പെട്ടതായി അവള്‍ അറിയിച്ചു. കാറിലേക്ക് ഇഴഞ്ഞ് നീങ്ങിയ എന്ന പുറകിലിരുത്തി ആ യുവതിയാണ് യുദ്ധമുഖത്ത് നിന്നും തന്നെ രക്ഷപ്പെടുത്തിയതെന്നും തടവിലായ റഷ്യന്‍ സൈനികന്‍ അവകാശപ്പെട്ടു.
ഫേസ്ബുക്കിലൂടെ ഉക്രേനിയൻ സെക്യൂരിറ്റി സർവീസ് പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയിൽ, ഒരു റഷ്യൻ മിലിട്ടറി ടെക്നീഷ്യനാണ് സംസാരിക്കുന്നത്. സൈന്യത്തില്‍ നിന്നും ഒളിച്ചോടിയവരെ ഏഴ് വർഷത്തെ തടവാണ് റഷ്യയില്‍ കാത്തിരിക്കുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തുന്നു. എന്നിട്ടും റഷ്യന്‍ സൈന്യത്തില്‍ നിന്ന് നിരവധി പേരാണ് ഒളിച്ചോടുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.
ഉക്രൈന്‍ അധിനിവേശത്തിന് പല റഷ്യന്‍ സൈനികര്‍ക്കും താത്പര്യമില്ല. അവരാരും യുദ്ധം ചെയ്യാനാഗ്രഹിക്കുന്നില്ല. പലരും ബലാറസ് അതിര്‍ത്തിയില്‍ സൈനിക അഭ്യാസങ്ങള്‍ക്കെത്തിയതായിരുന്നു. അതിനിടെയാണ് മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശിച്ചത്. അതൊരു യുദ്ധത്തിലേക്കായിരുന്നുവെന്ന് തങ്ങള്‍ക്ക് ആരും നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും ഇയാള്‍ പറയുന്നു.
ഏഴ് വര്‍ഷത്തെ തടവ് ഭയന്നാണ് പലരും പോകാതെ ഇപ്പോഴും സൈന്യത്തില്‍ തുടരുന്നതെന്നും ഇയാള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ്, ഞങ്ങളോട് ഒരു പ്രത്യേക ഓപ്പറേഷന്‍ ഉണ്ടെന്ന് മാത്രമാണ് അറിയിച്ചത്. പലര്‍ക്കും താത്പര്യമില്ലാതിരുന്നിട്ടും അവര്‍ നിര്‍ബന്ധിച്ചാണ് തങ്ങളെ ഉക്രൈന്‍ അതിര്‍ത്തിയില്‍ പരിശീലനത്തിനായി എത്തിച്ചതെന്നും ഇയാള്‍ ആരോപിച്ചു.
മറ്റൊരു വീഡിയോയില്‍ റഷ്യന്‍ കേണല്‍ പുടിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. നാസികള്‍ ഉക്രൈന്‍ സര്‍ക്കാറിനെ അട്ടിമറിച്ചെന്നും നാസികളെ പരാജയപ്പെടുത്തി ഉക്രൈന്‍റെ വിമോചനം സാധ്യമാക്കണമെന്ന തെറ്റായ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ ഉക്രൈന്‍ അധിനിവേശത്തിനെത്തിയതെന്നും തടവിലായ റഷ്യൻ നാഷണൽ ഗാർഡിന്‍റെ പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് യൂണിറ്റിലെ ലെഫ്റ്റന്‍റ് കേണല്‍ അസ്തഖോവ് ദിമിത്രി മിഖൈലോവിച്ച് അവകാശപ്പെട്ടു.
ഉക്രൈനെതിരായ യുദ്ധത്തിനായി സൈന്യത്തെ മുഴുവനായും തെറ്റിദ്ധരിപ്പിച്ചെന്നും ഉക്രൈനിലെ സാഹചര്യം ഇവിടെയെത്തിയപ്പോഴാണ് വ്യക്തമായതെന്നും ഈ യുദ്ധത്തിനിറങ്ങേണ്ടിവന്നതിലും വംശഹത്യയില്‍ പങ്കാളികളായതിലും ഞങ്ങളിപ്പോള്‍ ലജ്ജിക്കുന്നെന്നും ഇയാള്‍ വിഡിയോയില്‍ അവകാശപ്പെട്ടു.
ഉക്രൈനികളായ തന്‍റെ പ്രിയപ്പെട്ട രണ്ട് ബോക്‌സർമാരായ ഒലെക്‌സാണ്ടർ ഉസിക്കും വാസിലി ലോമാചെങ്കോയും റഷ്യയ്ക്കെതിരെ ചെറുത്തുനിൽപ്പിനായി ആയുധമെടുത്തെന്നറിഞ്ഞപ്പോള്‍ തന്‍റെ സംശയം ദൃഢമായതായും ഇദ്ദേഹം പറഞ്ഞു. 'ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. അധികം വൈകുന്നതിന് മുമ്പ് ഈ യുദ്ധം നിർത്തൂ...റഷ്യയ്ക്ക് ഇവിടെ ജയിക്കാനാവില്ല.' അദ്ദേഹം വീഡിയോയിലൂടെ റഷ്യന്‍ സൈനികരോട് പറഞ്ഞു.
സാമാനമായ നിരവധി വീഡിയോകളാണ് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടുള്ളത്. ഉക്രൈനില്‍ തങ്ങള്‍ക്കെതിരെ ചെറുത്ത് നില്പ്പുണ്ടാകില്ലെന്നും സര്‍ക്കാറിനെ സ്ഥാനഭ്രഷ്ടാക്കിയാല് ജനങ്ങള്‍ തങ്ങളെ പൂക്കള്‍ നല്‍കി സ്വീകരിക്കുമെന്നുമായിരുന്നു തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് പല സൈനികരും വീഡിയോയില്‍ പറയുന്നു.
ഉക്രൈന്‍റെ പല ഭാഗങ്ങളില്‍ നിന്നും പിടിക്കപ്പട്ട എല്ലാ റഷ്യന്‍ സൈനികര്‍ക്കും പറയാന്‍ സമാനമായ കഥകളാണ് ഉള്ളതെന്നും ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യയുടെ അക്രമണത്തില്‍ 400 സിവിലിയൻ മരണങ്ങൾ രേഖപ്പെടുത്തുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
200-ലധികം സ്കൂളുകളും 34 ആശുപത്രികളും 1,500 റെസിഡൻഷ്യൽ കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടെന്നും ഉക്രൈന്‍ ആരോപിച്ചു. എന്നാല്‍, 11,000 ത്തിലധികം റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി ഉക്രൈന്‍ അവകാശപ്പെട്ടു. സാധാരണക്കാരെ പുറത്തെത്തിക്കാനായി സൃഷ്ടിച്ച മാനുഷിക ഇടനാഴിക്ക് നേരെ പോലും റഷ്യന്‍ സൈന്യം വെടിയുതിര്‍ക്കുകയാണ്.
യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന ഉക്രൈന്‍ പൗരന്മാര്ക്കായി മാനുഷിക ഇടനാഴികൾ വികസിപ്പിക്കണമെന്നും റെഡ് ക്രോസിന്റെ കൂടുതൽ പിന്തുണ ആവശ്യമാണെന്നും ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ തങ്ങള്‍ക്ക് തരണമെന്നും സെലെന്‍സ്കി യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെച്ചു.