- Home
- News
- International News
- ഭക്ഷണമോ വെള്ളമോ ഇല്ല; യുദ്ധമുഖത്ത് കരഞ്ഞ് വിളിച്ച് റഷ്യന്‍ സേനയെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി
ഭക്ഷണമോ വെള്ളമോ ഇല്ല; യുദ്ധമുഖത്ത് കരഞ്ഞ് വിളിച്ച് റഷ്യന്‍ സേനയെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി
ഉക്രൈനിനെതിരായ (Ukraine) യുദ്ധത്തില്‍ പങ്കെടുക്കുന്ന റഷ്യന്‍ (Russian) സൈനീകരുടെ ശബ്ദരേഖകള്‍ പരിശോധിച്ച ഒരു ബ്രിട്ടീഷ് രഹസ്യാന്വേഷണ ( British intelligence) കമ്പനി ഷോഡോ ബ്രേക്ക് (Shadow Break), റഷ്യ സൈനീകര്‍ 'പൂർണ്ണമായും താറുമാറായ അവസ്ഥയിലാണ്' എന്ന് വെളിപ്പെടുത്തുന്നു. ഉക്രൈന്‍ പട്ടണങ്ങളിൽ ഷെൽ വര്‍ഷിക്കാനുള്ള സെൻട്രൽ കമാൻഡ് ഉത്തരവുകൾ അനുസരിക്കാൻ സൈന്യം വിസമ്മതിക്കുന്നുവെന്നും സൈന്യത്തിനുള്ള ഭക്ഷണത്തിന്‍റെയും ഇന്ധനത്തിന്‍റെയും വിതരണം നിലച്ചതായും സൈനീകര്‍ മേലധികാരികള്‍ക്ക് പരാതിപ്പെടുന്ന റേഡിയോ സന്ദേശങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്. ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം റഷ്യന്‍ സൈനീകര്‍ മേലധികരികളുമായി നടത്തിയ 24 മണിക്കൂര്‍ റോഡിയോ സന്ദേശങ്ങള്‍ പിടിച്ചെടുത്താണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ കമ്പനി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭാഷണങ്ങളിലൊന്നിൽ, ഒരു പട്ടാളക്കാരൻ കരയുകയാണെങ്കില്‍ മറ്റൊന്നിൽ, ഭക്ഷണമോ വെള്ളമോ ഇന്ധനമോ എപ്പോൾ എത്തുമെന്ന് ദേഷ്യത്തോടെ സൈനീകന്‍ ചോദിക്കുന്നതും കേള്‍ക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഞങ്ങൾ മൂന്നു ദിവസമായി ഇവിടെയുണ്ട് ! നരകം എപ്പോഴാണ് തിരിച്ച് പോകുന്നത് ?' എന്നാണ് ഒരു സൈനീകന്‍റെ ചോദ്യം.

യുദ്ധം ആരംഭിക്കുമ്പോള്‍ 30 ശതമാനമുണ്ടായിരുന്ന ജനപ്രീതി യുദ്ധം തുടങ്ങി മൂന്നാം നാളായപ്പോഴേക്കും 90 ശതമാനമായാണ് ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കി (Volodymyr Zelenskyy) ഉയര്‍ത്തിയത്. യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടില്ലെന്നും റഷ്യയ്ക്കെതിരെ മരണം വരെ പോരാടുമെന്നും അദ്ദേഹം ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപിച്ചതോടെ ഉക്രൈന്‍ ജനത തങ്ങളുടെ പ്രസിഡന്‍റിനൊപ്പം നിന്നു.
എന്നാല്‍, യുദ്ധമുഖത്ത് മരിച്ചു വീഴുന്ന റഷ്യന്‍ സൈനീകരുടെ എണ്ണം കുറച്ച് കാണിക്കാനായി സഞ്ചരിക്കുന്ന ക്രിമിറ്റോറിയവും കൊണ്ടാണ് റഷ്യന്‍ സൈന്യം ഉക്രൈന്‍ അക്രമിക്കാന്‍ എത്തിയതെന്ന വര്‍ത്തകളാണ് പുറകെ വന്നത്. ഇത് സൈനീകരുടെ മനോവീര്യം തര്‍ക്കുന്ന നീക്കമാണെന്ന് യുദ്ധവിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഉക്രൈനില്‍ മരിച്ച് വീഴുന്ന റഷ്യന്‍ സൈനീകരുടെ മൃതദേഹമെങ്കിലും അയാളുടെ അമ്മയെ കാണിക്കൂവെന്നായിരുന്നു സെലന്‍സ്കി, പുടിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ റഷ്യ ഇതുവരെ നിപലാട് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന സൈനീകന്‍ തനിക്ക് പുറകെ ഒരു ക്രിമിറ്റോറിയം കൂടി വരുന്നുണ്ടെന്നറിഞ്ഞാല്‍ ഏങ്ങനെ യുദ്ധം ചെയ്യുമെന്നായിരുന്നു മുന്‍ നാറ്റോ അംഗം അഭിപ്രായപ്പെട്ടത്.
ഇതിന് തൊട്ട് പുറകെയാണ് ഉക്രൈനിലേക്ക് കടന്നുകയറിയ റഷ്യന്‍ സൈനീകര്‍ നരകയാതന അനുഭവിക്കുകയാണെന്ന് തരത്തിലുള്ള വാര്‍ത്തകളും വരുന്നത്. ഉക്രൈനിലെ സാധാരണക്കാര്‍ക്ക് നേരെ ആയുധമുപയോഗിക്കാന്‍ അവശ്യപ്പെടുമ്പോള്‍ അതിന് സൈന്യം തയ്യാറല്ലെന്ന് ചില സംഭാഷണങ്ങളില്‍ വ്യക്തമാണെന്നും രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.
'സന്ദേശങ്ങൾ അയച്ചത് അമേച്വർ ആന്‍റിനകൾ ഉപയോഗിക്കുന്നവരാണ്. റഷ്യൻ പ്രവർത്തകർ പൂർണ്ണമായും താറുമാറായ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തി. അവർ എവിടെയാണെന്ന് അവർക്ക് തന്നെ ഒരു സൂചനയും ഇല്ല. യുദ്ധത്തിനിടെ നടത്തിയ ആശയവിനിമയത്തിനിടെ റഷ്യന്‍ പട്ടാളക്കാര്‍ കരയുന്നത് കേള്‍ക്കാം. ഇത് ഒരു സൈന്യത്തിന്‍റെ മനോവീര്യത്തിന് ചേര്‍ന്നതല്ലെന്നും' ഷാഡോ ബ്രേക്കിന്‍റെ സ്ഥാപകൻ സാമുവൽ കാർഡിലോ, ദ ടെലിഗ്രാഫിനോട് പറഞ്ഞു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്ക് മിസൈലുകള്‍ അയക്കാന്‍ ഉത്തരവിട്ടെങ്കിലും അതിന് പല സൈനീകരും തയ്യാറാകുന്നില്ലെന്നും സാമുവൽ കാർഡിലോ പറയുന്നു. ഇത്തരം നീക്കങ്ങള്‍ യുദ്ധകുറ്റങ്ങളില്‍പ്പെടുന്നതാണ്. പല ഓഡിയോ റെക്കോര്‍ഡിങ്ങുകളിലും റഷ്യന്‍ സൈനീകര്‍ നിരാശരാണെന്ന് തെളിക്കുന്നെന്നും സാമുവൽ കാർഡിലോ അവകാശപ്പെട്ടു.
അതിനിടെ ഒരു റഷ്യന്‍ സൈനീകന്‍ തന്‍റെ അമ്മയ്ക്ക് അയച്ച സന്ദേശം പുറത്ത് വന്നു. അതില്‍ 'എനിക്ക് ഇപ്പോൾ വേണ്ടത് എന്നെത്തന്നെ കൊല്ലുക എന്നതാണ്' എന്ന് പറയുന്നു. യുദ്ധം ഒഴിവാക്കാമെന്ന പ്രതീക്ഷയിൽ ചില സൈനികർ അവരുടെ സൈനീക വാഹനങ്ങളുടെ പെട്രോൾ ടാങ്കുകളിൽ 'മനപ്പൂർവ്വം ദ്വാരങ്ങൾ ഇടുന്നു' വെന്ന് ഒരു മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് റഷ്യന്‍ സൈനീകര്‍ക്കിടയില്‍ തന്നെ ഉക്രൈന്‍ യുദ്ധത്തിന് താത്പര്യമില്ലാത്തവരുണ്ടെന്നതാണ്. ഷാഡോ ബ്രേക്ക് പുറത്ത് വിട്ട മറ്റൊരു വീഡിയോയില്‍ സൈനീകന്‍ കരഞ്ഞുകൊണ്ട് സൈനീക വ്യൂഹത്തിന്‍റെ വേഗത വളരെ പതുക്കെയാണെന്ന് സൂചിപ്പിക്കുന്നു. ഇതിനാല്‍ ഉക്രൈന്‍ ജനതയുടെ പ്രതിഷേധത്തിന് കാരണമാകുന്നതായും പറയുന്നു.
റഷ്യൻ സൈന്യം ഇപ്പോഴും അനലോഗ് 'വാക്കീ ടോക്കി' ടു-വേ റേഡിയോകളാണ് ഉപയോഗിക്കുന്നത്. ഇത് അവരുടെ യാത്ര കൂടുതല്‍ തടസ്സപ്പെടുത്തുകയും ദുർബലമാക്കുകയും ചെയ്യുന്നു. ഉക്രൈനിയൻ സേനയ്ക്ക് റഷ്യൻ സൈനീകരുടെ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്തുന്നതിനും അവരുടെ ദേശീയ ഗാനത്തിന്‍റെ ശബ്ദം തടസ്സപ്പെടുത്തുന്നതിനും സാധിക്കുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഉക്രൈനിലെ സാധാരണക്കാര്‍ പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് റഷ്യന്‍ ടാങ്കുകള്‍ തകര്‍ക്കുന്ന നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. റഷ്യന്‍ സേനയെ തെരുവുകളില്‍ തടയാനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ പെട്രോള്‍ ബോംബുകള്‍ (മോള്‍ട്ടോവ് കോക്ടെയില്‍ - Molotov cocktail) എങ്ങനെ നിര്‍മ്മിക്കാമെന്നും അവ ഫലപ്രദമായി ഏങ്ങനെ റഷ്യന്‍ ടാങ്കുകള്‍ക്ക് നേരെ പ്രയോഗിക്കാമെന്നും വ്യക്തമാക്കുന്ന നിരവധി വീഡിയോകളും ഗ്രാഫിക്സുകളും ഉക്രൈന്‍ പ്രതിരോധ വകുപ്പ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇതും സാധാരണക്കാരായ ഉക്രൈനികളെ ഉത്തേജിതരാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ ഉക്രൈന്‍ പിടികൂടിയ റഷ്യന്‍ സൈനീകരുടെ ചിത്രങ്ങളും പുറത്ത് വന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉക്രൈന്‍ നഗരത്തില്‍ ഇത്തരത്തില്‍ കീഴടങ്ങിയ ഡസന്‍ കണക്കിന് റഷ്യന്‍ പട്ടാളക്കാരുടെ മാര്‍ച്ച്, ഉക്രൈന്‍ സൈനീകര്‍ നടത്തിയതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുദ്ധം ആരംഭിച്ച് ആറാം ദിവസമായിട്ടും ഉക്രൈന്‍ തലസ്ഥാനമായ കീവിലും രണ്ടാമത്തെ പ്രധാന നഗരമായ ഖാര്‍ക്കിവിലും ഉയര്‍ന്ന പ്രതിരോധത്തെ ഭേദിക്കാന്‍ കഴിയാത്തത് റഷ്യന്‍ സൈനീകരുടെ ആത്മവീര്യം ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച ആരംഭിച്ച ടെലിഗ്രാം ചാനലിൽ റഷ്യൻ യുദ്ധത്തടവുകാരുടെ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പിടികൂടിയ റഷ്യന്‍ സൈനീകരെല്ലാം 'ധൈര്യം നഷ്ടപ്പെട്ടവരും ക്ഷീണിതരുമായി'ട്ടാണ് വീഡിയോകളില്‍ കാണുന്നത്. തങ്ങൾ അതിർത്തി പ്രദേശങ്ങളിൽ പരിശീലന അഭ്യാസങ്ങൾ നടത്തുകയായിരുന്നെന്നും എന്നാല്‍ അതിനിടെ അപ്രതീക്ഷിതമായി ഉക്രൈന്‍ ആക്രമിക്കാൻ തങ്ങളെ അയക്കുകയായിരുന്നുവെന്നും യുദ്ധത്തെ കുറിച്ച് അറിയില്ലെന്നും പല റഷ്യൻ സൈനികര്‍ അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
യുദ്ധമാരംഭിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷം റഷ്യയുടെ പ്രതിരോധ മന്ത്രാലയം യുദ്ധത്തില്‍ തങ്ങള്‍ക്ക് നഷ്ടം നേരിട്ടതായി ആദ്യമായി സമ്മതിച്ചു. എന്നാല്‍, യുദ്ധത്തിനിടെ എത്ര സൈനീകര്‍ മരിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് വ്യക്തമാക്കിയില്ല. മറ്റ് നാശനഷ്ടങ്ങളുടെ വിവരങ്ങളൊന്നും പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായില്ല.
പരിക്കേറ്റ സൈനീകരുടെ കണക്കുകള്‍ പോലും പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായില്ല. റഷ്യയുടെ നഷ്ടം ഉക്രൈന്‍റെതിനേക്കാള്‍ പല മടങ്ങ് കുറവാണെന്ന് മാത്രം അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ 5,300 സൈനികരെ വധിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടു.
ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ കഴിഞ്ഞ ദിവസം ഉക്രൈന്‍ പ്രതിനിധിയായ സെര്‍ജി ക്യുസ്ലിറ്റസ്യ ഒരു സ്ക്രീന്‍ ഷോട്ട് ഉയര്‍ത്തി കാണിച്ച ശേഷം അത് ഇങ്ങനെ വായിച്ചു." ഞങ്ങള്‍ എല്ലാ നഗരങ്ങളിലും ബോംബിങ്ങ് ചെയ്യുന്നു. സാധാരണക്കാരെയും ലക്ഷ്യമിടുന്നു. ഞാന്‍ പരിഭ്രാന്തിയിലാണ്. ഇവിടെ കനത്ത പോരാട്ടമാണ് നടക്കുന്നത്." യുദ്ധമുഖത്ത് നിന്ന് അമ്മയ്ക്ക് ഈ കുറിപ്പെഴുതിയ സൈനീകന്‍ കൊല്ലപ്പെട്ടെന്നും സെര്‍ജി ക്യുസ്ലിറ്റസ്യ പറഞ്ഞു.
ഉക്രൈന്‍ ജനത തങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് തങ്ങള്‍ക്ക് കിട്ടിയ സന്ദേശം. സെലന്‍സ്കി ജനങ്ങളെ അടങ്കലില്‍ വച്ചിരിക്കുകയാണെന്നും റഷ്യന്‍ സൈന്യം ഉക്രൈനില്‍ പ്രവേശിച്ചയുടന്‍ ജനങ്ങള്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുമെന്നാണ് മുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍, ഇവിടെ ഒരോ തെരുവിലും കനത്ത പോരാട്ടം നടക്കുകയാണെന്നും കത്തില്‍ പറയുന്നു.
പൂച്ചെണ്ടുകള്‍ ആഗ്രഹിച്ചെത്തിയ തങ്ങള്‍ക്ക് ഫാസിസ്റ്റെന്നുള്ള വിളിയും ജനങ്ങളുടെ കടുത്ത എതിര്‍പ്പുമാണ് നേരിടേണ്ടിവന്നതെന്നും റഷ്യന്‍ സൈനീകനായ മകന്‍ അമ്മയ്ക്കെഴുതിയ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഇത്തരമൊരു റഷ്യന്‍ നീക്കത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു.
ലോകത്തിലെ രണ്ടാം സൈനീക ശക്തിയായ റഷ്യയ്ക്ക് ഉക്രൈന് നേരെയുള്ള യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാര്യമായ ഒരു വിജയനീക്കവും അവകാശപ്പെടാനില്ല. ഏഴാം ദിവസം കീവും ഖാര്‍ക്കിവും വളയാന്‍ കഴിഞ്ഞെങ്കിലും നഗരത്തിനകത്തേക്ക് കടക്കാന്‍ റഷ്യന്‍ സൈനീകര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam