ലോകത്തിലെ ഏറ്റവും മികച്ച 5 എയര്‍ലൈനുകൾ
ലോകത്ത് മികവ് പുലർത്തുന്ന അഞ്ച് അത്യാധുനിക എയർലൈനുകളെ റാങ്ക് ചെയ്ത് ബിസിനസ് ട്രാവലർ. 95,000-ത്തിലധികം യാത്രക്കാരാണ് 2025ലെ ഏറ്റവും മികച്ച എയർലൈനുകളെ നിർണ്ണയിക്കാൻ വോട്ട് ചെയ്തത്.

ബെസ്റ്റ് ഇൻ ദി വേൾഡ്
ബെസ്റ്റ് ഇൻ ദി വേൾഡ് വിഭാഗത്തിൽ യാത്രക്കാരുടെ വോട്ടുകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എയർലൈനുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സാണ് പട്ടികയിൽ ഒന്നാമത്. ആഡംബരപൂർണ്ണമായ ഖത്തർ എയർവേയ്സിന്റെ ക്യുസ്യൂട്ട്, മികച്ച സേവനം, ആധുനികമായ ഫ്ലീറ്റ്, മികച്ച ഭക്ഷണരീതി എന്നിവയാൽ യാത്രക്കാരുടെ പ്രീതി സ്വന്തമാക്കി. ദോഹ വഴി വിപുലമായ ആഗോള ശൃംഖല, കൃത്യമായ ടൈം മാനേജ്മെന്റ്, സ്ഥിരമായി ഉയർന്ന ഉപഭോക്തൃ സംതൃപ്തി എന്നിവയാണ് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഖത്തർ എയർവേയ്സിനെ സഹായിച്ച പ്രധാന ഘടകങ്ങൾ.
സിംഗപ്പൂർ എയർലൈൻസ്
സിംഗപ്പൂർ എയർലൈൻസാണ് രണ്ടാം സ്ഥാനത്ത്. പ്രീമിയം ക്യാബിനുകളാണ് സിംഗപ്പൂർ എയർലൈൻസിന്റെ സവിശേഷത. A380 സർവീസിൽ യാത്രക്കാർ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. ഊഷ്മളവും പ്രൊഫഷണലുമായ ഏഷ്യൻ ആതിഥ്യമര്യാദ, വിപുലമായ ഇൻ-ഫ്ലൈറ്റ് വിനോദ സംവിധാനങ്ങൾ, രുചികരമായ ഭക്ഷണം എന്നിവയെ യാത്രക്കാർ പ്രശംസിക്കുന്നു.
എമിറേറ്റ്സ്
എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസിനാണ് യാത്രക്കാരുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഫ്ലോർ-ടു-സീലിംഗ് വാതിലുകളുള്ള സ്വകാര്യ സ്യൂട്ടുകൾ, സീറോ-ഗ്രാവിറ്റി സീറ്റുകൾ, A380-ൽ ഓൺബോർഡ് ഷവർ സ്പാകൾ, എയർപോർട്ട് ട്രാൻസ്ഫറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള ഇന്റർമീഡിയറ്റ് ഓപ്ഷനായി ആഗോളതലത്തിൽ അംഗീകാരം ലഭിച്ച ഒരു പുതിയ പ്രീമിയം ഇക്കണോമി ക്ലാസും എയർലൈൻ അവതരിപ്പിച്ചിട്ടുണ്ട്.
കാത്തേ പസഫിക്
ഹോങ്കോങ്ങിന്റെ ദേശീയ വിമാന കമ്പനിയാണ് കാത്തെ പസഫിക് ലിമിറ്റഡ്. സുഖകരവും പുതുക്കിയതുമായ ക്യാബിൻ ഡിസൈനുകളും വിശാലമായ സ്ഥലസൗകര്യവും യാത്രക്കാരെ തൃപ്തിപ്പെടുത്തുന്നു. കാത്തേ പസഫിക്കിന്റെ ഇക്കണോമി ക്ലാസിനോട് യാത്രക്കാർക്ക് അതീവ താത്പ്പര്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് വാഗ്ദാനം ചെയ്യുന്ന കാത്തേ പസഫിക്, എല്ലാ ക്യാബിനുകളിലും വിപുലമായ 4K കണ്ടന്റ് ഓപ്ഷനുകൾ അവതരിപ്പിച്ച ആദ്യ കമ്പനിയായി മാറി.
ടർക്കിഷ് എയർലൈൻസ്
എല്ലാ ക്ലാസുകളിലെയും ഓൺബോർഡ് ഡൈനിംഗിന് യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ടർക്കിഷ് എയർലൈൻസ്. ടർക്കിഷ് ഡോ & കോയുമായി സഹകരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇത് എപ്പോഴും യാത്രക്കാരുടെ ഫേവറിറ്റായി തുടരുന്നു. 129-ലധികം രാജ്യങ്ങളിലേക്ക് പറക്കുന്ന ഈ എയർലൈൻ ലോകത്തിലെ മറ്റേതൊരു കാരിയറേക്കാളും കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

