ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മദ്യശാല ഒരു ശ്മശാനത്തിലായിരുന്നു !
കൊവിഡിനെ തുടര്‍ന്ന് തളര്‍ന്ന ഈജിപ്ഷ്യന്‍ ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മദ്യശാല കണ്ടെത്തി. ഈജിപ്തിലെ നൈല്‍ നദിയുടെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ കെയ്റോയ്ക്ക് തെക്ക് 450 കിലോമീറ്റര്‍ മാറിയാണ് പുതിയ മദ്യശാല കണ്ടെത്തിയത്. നൈൽ നദിയുടെ പടിഞ്ഞാറന്‍ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു പുരാതന ശ്മശാനമാണെന്ന് കരുതുന്നു. പുരാതന ഈജിപ്തിലെ മരണത്തിന്‍റെ ദൈവമായ ഒസിരിയാണ് ഈ ശ്മശാന പ്രദേശത്തിന്‍റെ അതിദേവന്‍. ഏതായാലും പുതിയ കണ്ടെത്തല്‍ ഈജിപ്തിന്‍റെ ടൂറിസത്തിന് ഗുണം ചെയ്യുമെന്ന കരുതുന്നു. ഇന്ന് ഈജിപ്തിലെ സോഹാഗ് ഗവർണറേറ്റിലാണ് ഈ മദ്യശാല സ്ഥിതിചെയ്യുന്നത്.
പുരാവസ്തു ഗവേഷണകരെ എന്നും അത്ഭുതപ്പെടുത്തിയിരുന്ന ഒരു ദേശമാണ് ഈജിപ്ത്. വിശാലമായ മരുഭൂമിയുടെ ഒത്തനടുക്കുകൂടിയൊഴുകുന്ന നൈല്‍ നദിയുടെ ഇരുകരകളിലുമായി ആയിരക്കണക്കിന് വര്‍ഷം ജീവിച്ച ഒരു ജനത നിര്‍മ്മിച്ച്, അവശേഷിപ്പിച്ച് പോയ അനേകം അത്ഭുതങ്ങള്‍ ഇന്നും ഈജിപ്തില്‍ കണ്ടെത്തപ്പെടാതെ കിടുന്നു.2011 ലെ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് സ്വേച്ഛാധിപതിയായിരുന്ന ഹൊസ്‌നി മുബാറക്കിന്‍റെ പിന്‍മാറ്റത്തോടെയാണ് ഈജിപ്തില്‍ വീണ്ടും പുരാവസ്തു ഗവേഷണങ്ങള്‍ക്കും ടൂറിസത്തിനും പുതിയൊരു ഉണര്‍വ് സംജാതമായത്. അമേരിക്കന്‍, ഈജിപ്ത് സംയുക്ത സംരംഭത്തിന്‍റെ ഭാഗമായ പര്യവേക്ഷണത്തിലാണ് ലോകത്തിലെ ഏറ്റവും പുരാതന മദ്യശാല കണ്ടെത്തിയത്. (കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും Read More -ല്‍ ക്ലിക്ക് ചെയ്യുക)
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്‌സിലെ ഡോ. മാത്യു ആഡംസും പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പുരാതന ഈജിപ്ഷ്യൻ കലാ ചരിത്ര - പുരാവസ്തുശാസ്ത്ര അസിസ്റ്റന്‍റ് പ്രൊഫസറായ ഡെബോറ വിസ്ചാക്കും ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 5,000 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്ത് ഭരിച്ച നർമർ രാജാവിന്‍റെ പ്രദേശത്താണ് ഈ മദ്യശാല കണ്ടെത്തിയതെന്ന് ഈജിപ്ത് മ്യൂസിയം സുപ്രീം കൗൺസിൽ സെക്രട്ടറി ജനറലായ മുസ്തഫാ വസീരി പറഞ്ഞു. 5000 വര്‍ഷം മുമ്പ് ഈജിപ്തിലെ ആദ്യ രാജവംശമായ ഒന്നാം രാജവംശം (3150 ബി.സി.- 2613 ബി.സി.) സ്ഥാപിച്ച രാജാവാണ് നർമർ. ഒന്നാം രാജവംശത്തോടെ പുരാതന ഈജിപ്തിനെ ഏകീകരിച്ചത് നര്‍മര്‍ രാജാവാണെന്ന് കരുതുന്നു.
പുരാവസ്തു ഗവേഷകർ എട്ട് കൂറ്റൻ വീപ്പകളാണ് കണ്ടെത്തിയത്. ഓരോന്നിനും 20 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുണ്ട്. കൂടാതെ ഓരോ യൂണിറ്റിലും രണ്ട് വരികളിലായി 40 മൺപാത്ര തടങ്ങൾ ഉൾപ്പെടുന്നു, അവ ധാന്യങ്ങളും വെള്ളവും ചേർത്ത് ബിയർ ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചിരുന്നുവെന്ന് വസിരി പറഞ്ഞു. ബലി അനുഷ്ഠാനങ്ങളിൽ മദ്യം ഉപയോഗിച്ചതിന്‍റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്തി.പുരാതന ഈജിപ്തുകാരുടെ ത്യാഗപരമായ ചടങ്ങുകളിൽ ബിയർ ഉപയോഗിച്ചതിന്‍റെ തെളിവുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. 1900 കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകരാണ് ആ ഫാക്ടറിയെ കുറിച്ച് ആദ്യം പരാമർശിച്ചതെങ്കിലും അവർക്ക് അതിന്‍റെ സ്ഥാനം നിർണ്ണയിക്കാൻ കഴിഞ്ഞില്ലെന്ന് പുരാവസ്തു മന്ത്രാലയം അറിയിച്ചു.
പുരാതന ഈജിപ്തിന്‍റെ ആദ്യകാലം മുതൽ വിശാലമായ ശ്മശാനങ്ങളും ക്ഷേത്രങ്ങളുമുള്ള പ്രദേശമാണ് അബിഡോസ്. പുരാതന ഈജിപ്തിലെ അധോലോക ദേവനായ ഒസിരിസിനെ ബഹുമാനിക്കുന്ന സ്മാരകങ്ങൾക്കും മരണാനന്തര ജീവിതത്തിൽ ആത്മാക്കളെ വിഭജിക്കാനുള്ള ഉത്തരവാദിത്തമുള്ള ദേവതയ്ക്കും പേരുകേട്ട പ്രദേശമാണ് അബിഡോസ്. ചരിത്രാതീത കാലം മുതൽ റോമൻ കാലം വരെയുള്ള ഈജിപ്ഷ്യൻ ചരിത്രത്തിന്‍റെ എല്ലാ കാലഘട്ടങ്ങളിലും ശ്മശാന പ്രദേശമായി ഈ ദേശം ഉപയോഗിക്കപ്പെട്ടിരുന്നു.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ബിയർ നിര്‍മ്മാണ കല ഏറ്റവും മികച്ചതാക്കിയ ആദ്യത്തെ നാഗരികരാണ് ഈജിപ്തുകാർ. ഇപ്പോൾ, പുതിയ തെളിവുകൾ കാണിക്കുന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൻതോതിലുള്ള മദ്യ ഉൽപാദന ശാലയുടെ ആസ്ഥാനവും ഈജിപ്തും ആയിരിക്കാമെന്നാണ്. നോർത്ത് അബിഡോസിലെ പുരാതന ശ്മശാനത്തെ മദ്യശാലയുടെ കണ്ടെത്തലാണ് ഈ നിഗമനത്തിലെത്താന്‍ കാരണം.
നൈൽ നദിയുടെ പടിഞ്ഞാറന്‍ മരുഭൂമിയിലാണ് പുരാതന മദ്യശാല കണ്ടെത്തിയത്. ഇത് കെയ്‌റോയ്ക്ക് 450 കിലോമീറ്റർ തെക്ക് മാറിയാണ്. ബിസി 3150 നും ബിസി 2613 നും ഇടയിൽ ഭരിച്ചിരുന്ന നർമർ രാജാവിന്‍റെ കാലം വരെ, അതായത് ഏതാണ്ട് 5,000 വർഷങ്ങൾ പഴക്കമുണ്ട് ഈ മദ്യശാലയ്ക്കെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഈജിപ്ത്-യുഎസ് സംയുക്ത സംഘത്തെ നയിച്ച ഗവേഷകരിലൊരാളായ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ മാത്യു ആഡംസ് പറയുന്നതനുസരിച്ച്, മദ്യശാലയിൽ ഒരു സമയം 22,400 ലിറ്റർ മദ്യം ഉത്പാദിപ്പിക്കാന്‍ കഴിയുമായിരുന്നെന്നാണ്.
ഫാക്ടറിക്ക് എട്ട് യൂണിറ്റുകളുണ്ട്. ഓരോ യൂണിറ്റിനും ഏകദേശം 20 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുണ്ട്. മാത്രമല്ല, ഈ യൂണിറ്റുകളിൽ ഓരോന്നും രണ്ട് വരികളായി നിരത്തിയ 40 ഓളം മൺപാത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ധാന്യങ്ങളും വെള്ളവും ചട്ടിയിൽ ചേർത്ത് പുളിപ്പിച്ചാകാം ഇവിടെ മദ്യം ഉത്പാദിപ്പിച്ചിരുന്നതെന്ന് കരുതുന്നു. ഈജിപ്തുകാര്‍ക്ക് ബിയർ ഒരു പാനീയം മാത്രമായിരുന്നില്ല, അത് ഭക്ഷണത്തിന്‍റെ ഭാഗമായിരുന്നു. ഈജിപ്തിലെ ആദ്യ കാർഷിക വിപ്ലവത്തിന്‍റെ ഫലമായിരുന്നു ബിയർ ഉദ്പാദനമെന്ന് കരുതുന്നു. ശേഖരിച്ച് വച്ച ധാന്യം ആഴുകി നശിക്കുന്നത് ഒഴിവാക്കുന്നതിനായുള്ള അന്വേഷണമാകാം ഇവരെ ബിയര്‍ ഉദ്പാദനത്തിലേക്കെത്തിച്ചത്.
ഈജിപ്തുകാർ വലിയ അളവിൽ തന്നെ ബിയര്‍ കഴിച്ചിരുന്നെന്ന് വേണം കണക്കാക്കാന്‍. 1900 കളിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ അത്തരമൊരു ഫാക്ടറി നിലവിലുണ്ടാകാണെന്ന് അഭിപ്രായപ്പെട്ടിരുന്നെങ്കിലും അതിന്‍റെ സ്ഥാനം നിർണ്ണയിക്കാൻ കഴിഞ്ഞിരുന്നില്ല. പുരാതന ഈജിപ്തിൽ, ബിയർ ദൈനംദിന ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്നു എന്നതാണ് അവരുടെ സിദ്ധാന്തത്തിന്‍റെ കാരണം, അത് ഭക്ഷണത്തിന്‍റെ ഭാഗമാമായി കണക്കാക്കപ്പെട്ടിരുന്നു. ഗിസയിലെ പിരമിഡുകൾ നിർമ്മിച്ചവരെപ്പോലെ തൊഴിലാളികൾക്ക് ബിയർ ഒരു ആവശ്യമായിരുന്നു. ഓരോ വ്യക്തിക്കും പ്രതിദിനം 10 ലധികം പിന്‍റുകൾ നൽകിയിരുന്നു.
ആറ് വർഷം മുമ്പ് ഇസ്രായേൽ ആന്‍റിക്വിറ്റീസ് അഥോറിറ്റി ടെൽ അവീവില്‍ ബിയർ ഉണ്ടാക്കാൻ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകൾ ആദ്യമായി കണ്ടെത്തിയിരുന്നു. എന്നാല്‍, അബിഡോസിലേത് 5,000 വർഷം പഴക്കമുള്ള ഒരു കൂറ്റൻ ബിയർ ഫാക്ടറിയാണ്. ഇത് പുരാതന ഈജിപ്തിലെ ശ്മശാന പ്രദേശമാണെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞരുടെ അഭിപ്രായം. പുരാതന ഈജിപ്തിലെ മരണ ദേവനായ ഒസിരിയാണ് ഈ പ്രദേശത്തെ ദൈവമെന്ന് കരുതുന്നു. ഹിന്ദു വിശ്വാസങ്ങളിലെ യമരാജനെ പോലെ മരണാനന്തര ജീവിതത്തിൽ ആത്മാക്കളെ വിഭജിക്കാനുള്ള ഉത്തരവാദിത്തം ഒസിരിസിനാണ്.
എന്നാല്‍ പുരാതന ഈജിപ്തില്‍ ഒസിരി മാത്രമല്ല മദ്യപിക്കുന്ന ദൈവം. പുരാതന ഈജിപ്തിലെ ഒട്ടുമിക്ക ദേവതകളിലേക്കും ഹത്തോർ പോലുള്ള പ്രധാന ദേവതകളും മദ്യം ഉപയോഗിച്ചിരുന്നതായാണ് പറയുന്നത്. ഹത്തോർ സ്നേഹത്തിന്‍റെയും നൃത്തത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ദേവതയാണ്. ഈ ദേവത ‘മദ്യപാനിയുടെ ലേഡി’ എന്നും അറിയപ്പെടുന്നു.
അതായത്, പുരാതന ഈജിപ്ഷ്യര്‍ക്ക് മദ്യം ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്നുവെന്ന് വേണം കരുതാന്‍. ഈ മാസം ആദ്യം, അലക്സാണ്ട്രിയയ്ക്ക് സമീപം പ്രവർത്തിക്കുന്ന മറ്റൊരു പുരാവസ്തു ഗവേഷക സംഘം ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് വായിൽ സ്വർണ്ണ നാവുമായി അടക്കം ചെയ്ത നിരവധി മമ്മികളെ കണ്ടെത്തിയിരുന്നു.