കടല്‍ കടന്നൊരു 'കടല്‍ സൂപ്രണ്ട്', അവശനിലയില്‍ തലശ്ശേരിയില്‍
ആഴക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തമായൊരു സൂപ്രണ്ടുണ്ട്. കടല്‍ സൂപ്രണ്ട്. കാര്യം ആള് സൂപ്രണ്ടായതിനാല്‍ അപൂര്‍വ്വമായി മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ പോലും ഉള്‍ക്കടലില്‍ വച്ച് സൂപ്രണ്ടിനെ കാണാറുണ്ട്. ആരാണ് ഈ സൂപ്രണ്ടെന്നല്ലേ ? 'നീലമുഖി' (Masked booby) പക്ഷിയെ മത്സ്യത്തൊഴിലാളികൾ വിളിക്കുന്ന വിളിപ്പേരാണ് 'കടൽ സൂപ്രണ്ട് .' ഉള്‍ക്കടലില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന കടല്‍സൂപ്രണ്ടിനെ കഴിഞ്ഞ ദിവസം തലശ്ശേരിയിലെ മത്സ്യതൊഴിലാളികള്‍ക്ക് അവശനിലയില്‍ ലഭിച്ചു. കടല്‍ സൂപ്രണ്ടിന്‍റെ മറ്റൊരു പേരാണ് കടല്‍ വാത്ത. റിപ്പോര്‍ട്ട് വിപിന്‍ മുരളി.
തലശ്ശേരിയിലെ മത്സ്യതൊഴിലാളികള്‍ നീലമുഖിയെ അവശനിലയില്‍ കണ്ടെത്തിയപ്പോള്‍ അതിന്‍റെ ദേഹം നിറയെ ചെള്ള് നിറഞ്ഞ നിലയിലായിരുന്നു. ഒടുവിൽ കൊട്ടിയോർ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദേശ പ്രകാരം കണ്ണൂരിലെ മൃഗസ്‌നേഹി കൂട്ടായ്മയ ആയ പ്രസാദ് ഫാൻസ് അസോസിയേഷൻ പ്രവർത്തകൻ വിജിലേഷും സംഘവും നീലമുഖയുടെ സംരക്ഷണം ഏറ്റെടുത്തു.
'പ്രസാദ്' എന്ന ആനയുടെ സംരക്ഷണത്തിന് വേണ്ടി രൂപീകരിക്കുകയും പിന്നീട് 'മൃഗസ്‌നേഹി കൂട്ടായ്മ' ആയി പ്രവർത്തിച്ച് വരുന്ന വിപുലമായ സൗഹൃദ സംഘമാണ് പ്രസാദ് ഫാൻസ് അസോസിയേഷൻ. മൃഗസ്‌നേഹി കൂട്ടായ്മ നീലമുഖിയെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകി.
'ടിറ്റ്സ്' എന്ന അണുബാധയാണ് നീലമുഖിക്കുള്ളതെന്നും രോഗം മാറിയാൽ ഉടൻ ആഴക്കടലിലേക്ക് തന്നെ തിരിച്ചു കൊണ്ടുവിടുമെന്നും വൈൽഡ് ലൈഫ് റെസ്ക്യൂവർ മനോജ് കാമനാട്ട് മാധവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിൽ അത്യാപൂർവമായെ നീലമുഖിയെ കാണാറുള്ളൂ. പ്രജനനത്തിനും വിശ്രമത്തിനുമാണ് ഇവ സാധാരണ കരയിലേക്ക് എത്താറുള്ളത്. കടലിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലാവർഷം ശക്തമായപ്പോൾ ശക്തമായ കാറ്റിൽപ്പെട്ട് ദിശതെറ്റി കേരളക്കരയില്‍ എത്തിയാതാകാനാണ് സാധ്യത.
കടൽ പക്ഷിയായതിനാല്‍ 7 മീറ്റർ ഉയരത്തിലും മൂന്ന് മീറ്റർ താഴ്ചയിലും മാത്രമേ ഇവയ്ക്ക് പറക്കാൻ ആകുകയുള്ളൂ. ചാര നിറത്തിൽ ആണ് കാലുകൾ അറ്റ്ലാന്‍റിക് സമുദ്രം, ശാന്ത സമുദ്രം, ഇന്ത്യൻ മഹാ സമുദ്രം, ചെറു ദ്വീപുകൾ, ഒമാൻ എന്നിവിടങ്ങളിലാണ് പ്രധാനമായും നീലമുഖിയെ കാണാറുള്ളത്.
വംശ നാശ ഭീഷണി നേരിടുന്നതിനാൽ ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്ചർ (IUCN)ചുവപ്പ് പട്ടികയിൽ ഉൾപെടുത്തിയ പക്ഷിയാണ് കടല്‍ സൂപ്രണ്ട്. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന 'കറുത്ത കടൽ ആള' (Sooty Tern)യെ മഞ്ചേരി ചെറുകുളം ഇ കെ സി കോളേജിനോട് ചേർന്ന വലിയ പാറയിൽ പക്ഷി നിരീക്ഷകനുമായ ശബരി ജാനകി കണ്ടെത്തിയിരുന്നു. ഇതിന് പുറകെയാണ് ഇപ്പോള്‍ കടല്‍ വാത്തയെ കണ്ടെത്തുന്നത്.