'...ന്‍റെ കാപ്സ്യൂള്‍ പുണ്യാളാ...'; പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലവും ട്രോളും
പുതുപ്പള്ളി എംഎല്‍എയാകാമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്‍റെ മൂന്നാമത്തെ മോഹത്തിനും കടുത്ത തിരിച്ചടി നല്‍കി പുതുപ്പള്ളി മണ്ഡലം. രണ്ട് തവണ ഉമ്മന്‍ ചാണ്ടിയോടും ഒരു തവണ ചാണ്ടി ഉമ്മനോടും നേരിട്ടുള്ള തെരഞ്ഞെടുപ്പില്‍ തോറ്റ ജെയ്കിനെ ട്രോളി ട്രോളന്മാരും രംഗത്തെത്തി. തോറ്റ സ്ഥാനാര്‍ത്ഥിയെയും തോല്‍വിയുടെ കരണങ്ങളായി നിരത്തിയ 'ക്യാപ്സൂളു'കളെയും ട്രോളന്മാര്‍ വെറുതെ വിട്ടില്ല. ഒപ്പം നിലം തോടാതെ പോയ ബിജെപിയും ട്രോളുകളേറ്റ് വാങ്ങി വാടിക്കരിഞ്ഞു. 37,719 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു ചാണ്ടി ഉമ്മന് ലഭിച്ചത്. മൂന്ന് തവണ മത്സരിച്ച ജെയ്കിനാകട്ടെ ഏറ്റുവും കുറഞ്ഞ വോട്ട് ലഭിച്ചത് ഈ തെരഞ്ഞെടുപ്പിലും. കാണാം പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലവും ട്രോളുകളും.
ബിജെപിയുടേയും സിപിഎമ്മിന്‍റെയും വോട്ട് കിട്ടിയിട്ടുണ്ട്. അവർ തന്നതല്ല. ഞങ്ങൾ പിടിച്ച് വാങ്ങിയതാണ്. യുഡിഎഫിനോടും ഉമ്മൻചാണ്ടിയോടും ആഭിമുഖ്യം കാണിക്കുന്നവരാണ് ഞങ്ങൾക്ക് വോട്ട് ചെയ്തത്. ഇടത് പക്ഷത്തോടുള്ള വെറുപ്പാണ് പുതുപ്പള്ളിയിൽ വ്യക്തമായത്. ഭരിച്ച് ഭരിച്ച് പിണറായി വിജയവും എൽഡിഎഫും ഈ കൊച്ചു കേരളത്തെ കുട്ടിച്ചോറാക്കിയെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു തൊഴിലാളി വർഗ പാർട്ടിക്ക് അപമാനമാകുന്ന ഭരണമാണ് കേരളത്തിലുള്ളത്. പിണറായി വിജയന്റെ ധിക്കാരത്തിനും ഏകാധിപത്യത്തിനും കുടുംബാധിപത്യത്തിനും എതിരെ ജനം വോട്ട് ചെയ്തുവെന്നാണ് വിലയിരുത്താൻ കഴിയുക. ഇത് രാഷ്ട്രീയ വിജയമാണ്. സഹതാപ തരംഗമില്ലെന്ന് പറയുന്നില്ല. പക്ഷേ സഹതാപ തരംഗത്തിൽ പാർട്ടി വോട്ടൊന്നും പോകില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പിനോട് പ്രതികരിക്കവെ കെ സുധാകരൻ പറഞ്ഞത്.
ഏകപക്ഷീയമായ വിധിതിര്‍പ്പിനില്ലെന്നും പുതുപ്പള്ളിയുടെ വികസനത്തിനായുള്ള രാഷ്ട്രീയ സമരങ്ങള്‍ തുടരുമെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകവേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് പറഞ്ഞു. വോട്ട് എണ്ണുന്നതിന്‍റെ തലേ ദിവസം മാധ്യമങ്ങളെ കണ്ടോപ്പോഴും വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്നു ജെയ്ക്ക്.
'പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുളളത് വൈകാരിക ബന്ധമാണ്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പൈശാചികമായാണ് ഇടതുപക്ഷം വേദനിപ്പിച്ചത്. എത്ര ഉറക്കമില്ലാത്ത രാത്രിയിലൂടെയാണ് ഉമ്മൻചാണ്ടിയും കുടുംബവും കടന്ന് പോയത്. മറുപടി നൽകാൻ പുതുപ്പളളിക്കാർ തയ്യാറെടുത്തിരുന്നുവെന്നാണ് അവിടെ പോയപ്പോൾ മനസിലായത്. ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചവർക്ക് ഈ വിജയം ബോധക്കേട് ഉണ്ടാക്കി. അവർക്ക് പുതുപ്പള്ളി കടുത്ത ശിക്ഷ നൽകിയെന്നായിരുന്നു എ കെ ആന്‍റണിയുടെ പ്രതികരണം.
വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ വിലയിരുത്തല്‍. എൽഡിഎഫിന്‍റെ പുതുപ്പള്ളിയിലെ അടിത്തറയിൽ ഒരു കോട്ടവും വന്നിട്ടില്ലെന്നും മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളം കണ്ട തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു പുതുപ്പള്ളി തെരഞ്ഞെടുപ്പ്. യുഡിഎഫ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ അതിനീചമായ സൈബര്‍ അധിക്ഷേപം ഈ തെരഞ്ഞെടുപ്പ് കാലത്തുണ്ടായി.
ചാണ്ടി ഉമ്മന്‍റെ സഹോദരി അച്ചു ഉമ്മന്‍റെ ചെരിപ്പിന്‍റെയും ഉടുപ്പിന്‍റെയും വില ഉള്‍പ്പെടെ സൈബര്‍ ആക്രമണത്തിന് വഴിമാറി. ഇപ്പുറത്താകട്ടെ പ്രചാരണത്തിനിറങ്ങിയ ജെയ്കിന്‍റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ ഗീതു തോമസ് സൈബറിടത്തില്‍ ആക്ഷേപിക്കപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍ ധരിച്ച ടീഷർട്ടിന്റെ വില 40,00 രൂപയാണെന്ന് കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് അച്ചു ഉമ്മന്‍റെ വസ്ത്രത്തിന്‍റെയും ചെരിപ്പിന്‍റെയും ബാഗിന്‍റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം തുടങ്ങിയത്.
ആദ്യ ഘട്ടത്തില്‍ ട്രോളുകള്‍ ആയിരുന്നുവെങ്കില്‍ പിന്നീടത് സൈബര്‍ ആക്രമണമായി മാറി. അച്ചു ഉമ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. മുഖമില്ലാത്തവർക്കെതിരെ നിയമ നടപടിക്കില്ലെന്നും ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ അച്ചു ഉമ്മന്‍റെ നിലപാട്.
ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഉമ്മന്‍ മറുപടി നല്‍കി. ചില പരാതികള്‍ പോലീസിലുമെത്തി. ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന, സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാര്‍ കൊളത്താപ്പളളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ കനത്ത തോല്‍വിയുടെ പരാജയത്തെ കുറിച്ച് പഠിക്കണമെന്നാണ് സിപിഎമ്മിന്‍റെ നിലപാടെന്ന് ട്രോളന്മാരും.