തുറമുഖ നിര്‍മ്മാണം നിര്‍ത്തും വരെ സമരം; ഭയപ്പെടുത്താന്‍ നോക്കേണ്ട: ലത്തീന്‍ അതിരൂപത
സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ, 'മുഖ്യമന്ത്രി തങ്ങളെ കേള്‍ക്കണം' എന്ന ആവശ്യമുന്നയിച്ച ലത്തീന്‍സഭയെയും തീരദേശവാസികളെയും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എം വിന്‍സന്‍റ് എം എല്‍ എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വിഴിഞ്ഞം അദാനി തുറമുഖം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് (23.8.2022) കടന്നപ്പോഴാണ് സമരം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന ഗുരുതര ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉന്നയിച്ചത്. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. സമരക്കാർ എല്ലാവരും വിഴിഞ്ഞത്തുകാരല്ലെന്നും പദ്ധതി കാരണം സമീപത്ത് തീരശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അവകാശപ്പെട്ടു. പദ്ധതി പ്രദേശത്തുനിന്നുമുള്ള ചിത്രങ്ങള്‍ റോബര്‍ട്ട്, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ റോണി.
മുഖ്യമന്ത്രി സമരത്തെ തള്ളിപ്പറഞ്ഞതോടെ സമരം കടുപ്പിക്കാനാണ് സമര സമിതി തീരുമാനം. അടുത്ത തിങ്കളാഴ്ച വീണ്ടും കരയും കടലും ഉപരോധിച്ച് സമരം ശക്തമാക്കുമെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു. 31 -ാം തിയതി വരെ തുറമുഖ കവാടത്തില്‍ സമരം ചെയ്യുമെന്ന് നേരത്തെ ലത്തീന്‍ അതിരൂപത അറയിച്ചിരുന്നു. കഴിഞ്ഞ ഏഴ് ദിവസവും സമരത്തിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ രംഗത്തെത്താതിരുന്ന മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ സമരത്തെ തള്ളിപ്പറഞ്ഞത് ഏറെ വിവാദമായിരുന്നു.
സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയതെന്നും പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കായി സര്‍ക്കാര്‍ പുനരധിവാസ പദ്ധതി നടപ്പാക്കും. എന്നാല്‍ തുറമുഖം കാരണം തീരശോഷണം ഉണ്ടാകുന്നുവെന്ന വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.
വീട് നിർമ്മിക്കും വരെ വീടില്ലാത്തവരുടെ വാടക സർക്കാർ നൽകുമെന്നും വാടക നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ലത്തീന്‍ അതിരൂപത പ്രതികരിച്ചത്. നികൃഷ്‌ടജീവി യുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭയെന്നാരോപിച്ച ഫാദർ തിയോഡേഷ്യസ് ഡിക്രൂസ്, കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് ആരും പറയണ്ടെന്നും പറഞ്ഞു.
തുറമുഖ നിർമാണം നിർത്തി വെച്ചേ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സമരത്തെ വർഗീയ സമരമെന്ന് ആദ്യം ആക്ഷേപിച്ചു. എന്നാല്‍ മുസ്ലിംകളും സമരത്തിനെത്തുമെന്നും ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് മാധ്യമങ്ങോട് പറഞ്ഞു.
മുഖ്യമന്ത്രി യാഥാർത്ഥ്യം തിരിച്ചറിയുന്നില്ലെന്ന് പറഞ്ഞ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ്, കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക് തിരിച്ച് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. തുറമുഖ മന്ത്രിക്കെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി. തുറമുഖ മന്ത്രി വിഡ്ഢിയാണ്.
അഹമ്മദ് ദേവർകോവിലിന്‍റേത് കള്ളങ്ങൾ കുത്തിനിറച്ച പ്രസംഗമാണ്. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നുവെന്നും മുഖ്യമന്ത്രി നിലപാട് മാറ്റിയെ മതിയാകൂവെന്നും ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂർത്തിയായപ്പോൾ 600 കിലോമീറ്റർ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. തീരശോഷണത്തിൽ അദാനിയുടെയും സർക്കാരിന്‍റേയും നിലപാട് ഒന്നാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. 3,000 ത്തോളം വീടുകൾ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് യുഡിഎഫ് സർക്കാർ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.
കഴിഞ്ഞ നാല് വർഷമായി മത്സ്യ തൊഴിലാളികൾ സിമന്‍റ് ഗോഡൗണിൽ കഴിയുകയാണെന്നും സമരത്തെ പിന്തുണയ്ക്കുന്നുവെന്നും അവകാശപ്പെട്ടു. വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ്.
കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തില്‍ ഇന്ന് മൂല്ലൂരിലെ അദാനി തുറമുഖ കവാടത്തില്‍ സമരം ചെയ്യും. സമരത്തെ തള്ളിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സമരം കൂടുതൽ കടുപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം.
തുറമുഖ നിർമാണം നിർത്തിവച്ചുള്ള പഠനം അടക്കം സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് അതിരൂപത. അടുത്ത തിങ്കളാഴ്ച വീണ്ടും കടൽ മാർഗം തുറമുഖം ഉപരോധിക്കും. ക്രമസമാധാന വിഷയങ്ങളിൽ ഇന്നലെ ജില്ലാതല സർവകക്ഷി യോഗം ചേർന്നിരുന്നെങ്കിലും സമവായത്തിൽ എത്താനായിരുന്നില്ല.