വിഴിഞ്ഞം തുറമുഖ സമരം; പദ്ധതി പ്രദേശം കൈയടക്കി കൊടിനാട്ടി സമരക്കാര്‍, പ്രതിരോധിക്കാതെ പൊലീസ്
വിഴിഞ്ഞത്ത് അദാനിയുടെ തുറമുഖ കവാടത്ത് നടക്കുന്ന ലത്തീന്‍ അതിരൂപതയുടെയും തീരദേശവാസികളുടെയും സമപം നാലാം ദിവസത്തേക്ക് കടന്നു. ഇന്ന് രാവിലെ മുതലെ സമരസ്ഥലംസംഘര്‍ഷ ഭരിതമായിരുന്നു. പള്ളം, ലൂര്‍ദ് പുരം, അടിമലത്തുറ, കൊച്ചുപള്ളി എന്നാ ഇടവകകളില്‍ നിന്നുള്ള തീരദേശവാസികളാണ് സമരവുമായി ഇന്ന് മുല്ലൂരിലെ തുറമുഖ കവാടത്തിലുള്ളത്. തുറമുഖ കവാടത്തിലേക്ക് മാര്‍ച്ച് നടത്തിയ തീരദേശവാസികള്‍ പൊലീസിന്‍റെ ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ട് പോയി. ഒടുവില്‍ പൊലീസ് ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെ തുറമുഖ കവാടത്തിലെത്തിയ നാല് ഇടവകകളില്‍ നിന്നുള്ള തീരദേശവാസികള്‍ പൊലീസ് തുറമുഖ കവാടത്തില്‍ സ്ഥാപിച്ച ബാരികേടുകള്‍ എടുത്ത് മാറ്റി തുറമുഖ നിര്‍മ്മണം നടക്കുന്ന സ്ഥലത്തേക്ക് ഓടി. സമരക്കാര്‍ക്കെതിരെ പരമാവധി സംയമനം പാലിച്ചായിരുന്നു പൊലീസ് നീക്കം. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളില്‍ നിന്നും തീരദേശവാസികള്‍ വിഴിഞ്ഞം സമരത്തില്‍ പങ്കെടുക്കാനെത്തുമെന്ന് അറിയിച്ചതായി ലത്തീന്‍ അതിരൂപത അറിയിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ റോണി ജോസഫ്.
പൊലീസിന്‍റെ തടസങ്ങള്‍ മറികടന്ന് സ്ത്രീകളും കുട്ടികളും യുവജനതയും മത്സ്യത്തൊഴിലാളികളടക്കമുള്ള അടങ്ങിയ നൂറ് കണക്കിന് തീരദേശവാസികള്‍ പദ്ധതി പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ കൈയ്യടക്കി. കഴിഞ്ഞ ദിവസം പൊലീസ് കുറച്ചുകൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് തീരദേശവാസികളുടെ സമരശക്തിമുന്നില്‍ പൊലീസിന്‍റെ എല്ലാ നിയന്ത്രണവും പാളി. ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമായതിനാല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടാവുകയാണെങ്കില്‍ അത് സര്‍ക്കാറിനെതിരെയുള്ള ശക്തമായ ആയുധമായി മാറും.
ഇതിനാല്‍ സമരക്കാര്‍ക്കെതിരെ ശക്തമായൊരു നടപടിക്ക് പൊലീസും തയ്യാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവും ഉണ്ടാകാതെ ശ്രദ്ധിച്ച പോലീസ് സംഘം ഒരു ഘട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ കവാടം ഭേദിച്ച് പദ്ധതി നിര്‍മ്മാണ സ്ഥലത്തേക്ക് നീങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം നീങ്ങുന്ന കാഴ്ചയും കാണാമായിരുന്നു. അദാനിയുടെ വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണമായും തീരദേശവാസികള്‍ കൈയടക്കിയെന്ന് തന്നെ പറയാം.
ഒടുവില്‍ തുറമുഖ നിര്‍മ്മാണം നടക്കുന്ന തീരദേശം മുഴുവനും സമരക്കാരെ കൊണ്ട് നിറഞ്ഞു. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും രൂക്ഷമായ സമരമായി ഈ സമരം മാറിക്കഴിഞ്ഞു. വിഴിഞ്ഞത്തെ തുറമുഖ സമരത്തിൽ സർക്കാർ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് തീരദേശവാസികള്‍ സമരം ശക്തമാക്കിയത്. തുറമുഖ നിർമ്മാണം നിർത്തിവച്ച് കരയെയും കടലിനെയും കുറിച്ച് സമഗ്രപഠനം നടത്തണമെന്നാണ് സമരക്കാരുടെ നിലപാട്. തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് ഇനി പിന്നോട്ടില്ലെന്ന് സമരക്കാര്‍ നാലാം ദിവസവും ആവര്‍ത്തിച്ചു.
ഒരു ഘട്ടത്തിൽ സര്‍ക്കാറിനെതിരെയും പൊലീസിനെതിരെയും സമരക്കാർ മുദ്രാവാക്യം വിളിച്ചു. എന്നാൽ സംയമന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്. ഇന്ന് വൈകീട്ട് സര്‍ക്കാരും സമരക്കാരും തമ്മില്‍ നടത്തുന്ന നിർണായക ചർച്ചയുണ്ടാകും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലാണ് ഇന്നത്തെ ചർച്ച.
മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തമെന്നായിരുന്നു സമരക്കാര്‍ ഉന്നയിച്ചത്. സമരക്കാരുടെ ഈ ആവശ്യം സര്‍ക്കാര്‍ ആദ്യമേ തള്ളി. തുറമുഖം നിര്‍മ്മാണം നിർത്തി വെച്ച് ആഘാത പഠനം നടത്തുക, തീരശോശണം പരിഹരിക്കുക, മുതലപൊഴി പോലുള്ള അപകടം കൂടിയ പൊഴികളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക സുരക്ഷ ഉറപ്പാക്കുക, മണ്ണെണ്ണ വില വര്‍ദ്ധനയ്ക്ക് തടയിടുക, പുനരധിവാസ പാക്കേജ് കൃത്യമായി നടപ്പാക്കുക തുടങ്ങി തങ്ങളുന്നയിച്ച ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത.
എന്നാൽ, സമരസമിതി മുന്നോട്ട് വച്ച ആദ്യത്തെ ആവശ്യത്തെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ലെന്നാണ് സർക്കാർ പ്രഖ്യാപനം. ഇതിനിടെ തുറമുഖ കവാടം ഉപരോധിച്ചുള്ള ശക്തമായ സമരം നാലാം ദിനത്തിലേക്ക് കടന്നതോടെയാണ് സർക്കാർ, സമരക്കാരുമായി ചർച്ചക്ക് തയ്യാറായത്. എന്നാല്‍, ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ലത്തീന്‍ അതിരൂപ അറിയിച്ചു.
അടുത്ത തിങ്കളാഴ്ച മുതല്‍ കരയും കടലും അടച്ച് തുറമുഖ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് പോകുന്നത് തടഞ്ഞ് കൊണ്ട് സമരം ചെയ്യുമെന്നും ലത്തീിന്‍ അതിരൂപ അറിയിച്ചു. വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണമെന്ന നലപാടിലാണ് പ്രതിപക്ഷമായ കോൺഗ്രസിനുള്ളത്. മുഖ്യമന്ത്രി തങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറായില്ല. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി കൂടുതൽ പണം ആവശ്യപ്പെടണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ ആവശ്യപ്പെട്ടു.
എന്നാല്‍, വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്തെത്തി. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആഞ്ഞടിച്ചു.