വയനാട് ബൈസൈക്കിള്‍ ചലഞ്ചില്‍ ജനപങ്കാളിത്തം കൂടി; ആവേശകരമായി റൈഡ് !
വയനാടന്‍റെ കാറ്റിന്‍റെ കുളിരില്‍ അല്പം പോലും വിറയ്ക്കാതെ ഇഞ്ചോട് ഇഞ്ച് നടന്ന പോരാട്ടത്തില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് 56 കിലോ മീറ്ററുകള്‍ താണ്ടി വയനാട് ബൈക്കേഴ് ക്ലബ്ബിന്‍റെ വയനാട് ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷൻ സമാപിച്ചു. സ്വീഡന്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കേരളം കൂടാതെ മഹാരാഷ്ട്രാ, തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 130 ഓളം ബൈക്കേഴ്സിന്‍റെ സജീവ സാന്നിധ്യം മത്സരത്തിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ചെമ്പ്രയിലായിരുന്നു ഒന്നാം എഡിഷന്‍ നടന്നത്. രാവിലെ 6.15 ന് ഓഷിൻ ഹോട്ടൽ പരിസരത്ത് ജില്ലാ സൈക്കിൾ അസോസിയേഷൻ പ്രസിഡന്‍റ് സലിം കടവൻ, ഓഷിൻ ഹോട്ടൽസ് ആൻഡ് റിസോർട്ട് എം ഡി ഷിഹാബ് ടി എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.
ആവേശകരമായ മത്സരത്തില്‍ എലൈറ്റ് മെൻ റോഡ് ബൈക്ക് റെയ്സില്‍ സോമേഷ്, റിദ്ദുൽ ദാസ് എം, ആദിത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എലൈറ്റ് മെൻ എം ടി ബി വിഭാഗത്തില്‍ വൈശാഖ് കെ വി, ലക്ഷ്മിഷ്, അമൽ ജിത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മാസ്റ്റേഴ്സ് വിഭാഗത്തില്‍ സുധി ചന്ദ്രൻ, വിഷ്ണു തോഠ്കർ, ഷൈൻ മുരളീധരൻ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ സ്ത്രീകളുടെ ബൈക്ക് റെയ്സില്‍ അലാനിസ് ലില്ലി ക്യുബിലിയോ, മഹി സുധി, ലെന എലിസബത് കോര എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ചലഞ്ചിൽ വിദേശ, ദേശീയ, സംസ്ഥാന താരങ്ങൾ ഉൾപ്പെടെ നൂറിലധികം താരങ്ങൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി ഒന്നരലക്ഷം രൂപയാണ് വിജയികൾക്ക് വയനാട് ബൈക്കേഴ്സ് ക്ലബ്ബ് സമ്മാനമായി നൽകിയത്. സുസ്ഥിര വികസനം, ഹരിത തത്വങ്ങൾ പാലിച്ചു പ്രകൃതിയോടിണങ്ങിയ സാഹസിക വിനോദ ടൂറിസം, സൈക്കിൾ യാത്രകളുടെ പ്രോത്സാഹനം തുടങ്ങിയവയാണ് ചലഞ്ച് മുന്നോട്ടുവെക്കുന്നത്. പശ്ചിമഘട്ടത്തിലെ ബാക്ക് റോഡ് സവാരികളുടെ പ്രോത്സാഹനമാണ് സെക്കന്‍റ് എഡിഷന്‍റെ മുഖ്യ ആശയം.
സംസ്ഥാന സർക്കാരിന്‍റെ കേരളീയം -2023 ന്‍റെ ഭാഗമായി വയനാട് ജില്ലയിൽ സുസ്ഥിര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേവുമായി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായാണ് ഇത്തവണ വയനാട് ബൈസൈക്കിൾ ചലഞ്ച് സംഘടിപ്പിച്ചത്.
മുട്ടിൽ മീനങ്ങാടി കൊളഗപ്പറ അമ്പലവയൽ മേപ്പാടി വഴി സഞ്ചരിച്ച് കൽപ്പറ്റ ബൈപ്പാസിൽ കബാബ് ഷാക്ക് ഹോട്ടൽ പരിസരത്ത് ചാലഞ്ച് സമ്മാപിച്ചു.
പതിനൊന്ന് മണിക്ക് ഓഷിൻ ഹോട്ടലിൽ നടന്ന സമാപന ചടങ്ങിൽ വിജയികൾക്ക് ജില്ലാ പോലീസ് മേധാവി പദം സിംഗ് സമ്മാനങ്ങൾ വിതരണം ചെയ്തു. കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടി, സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എം മധു തുടങ്ങിയവർ പങ്കെടുത്തു.