കൂടൊരുങ്ങി, ഇനി മയക്കണം കൂട്ടില്‍ക്കയറ്റണം, പിന്നെ ചട്ടം പഠിപ്പിച്ച് ഓത്തൊരു കുങ്കിയാനയാക്കണം !
കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തില്‍ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്നു.പുതുവര്‍ഷത്തിലെ ഓരോ ദിവസവും കേരളം ഉണരുന്നത് ഓരോരോയിടങ്ങളില്‍ ഏതെങ്കിലുമൊരു വന്യമൃഗത്തിന്‍റെ ആക്രമം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ്. വയനാട്, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നിങ്ങനെ വനവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ജില്ലകളുടെ വനാതിര്‍ത്തികള്‍ കൂടാതെ നാട്ടിന്‍പുറങ്ങളിലേക്കും നഗരങ്ങളിലേക്കും വന്യമൃഗങ്ങള്‍ ഇറങ്ങിത്തുടങ്ങിയെന്നത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വയനാട് കടുവയും കാട്ടാനയും ഒരേ സമയം ആക്രമണം ശക്തമാക്കുമ്പോള്‍ പാലക്കാട് കാട്ടാന ശല്യം രൂക്ഷമാകുന്നു.മനുഷ്യനെ കൊല്ലുന്ന കാട്ടാനയെയും കുടവയെയും വെടിവച്ച് കൊല്ലാന്‍ തയ്യാറാകാത്ത വനം വകുപ്പ് ഒരുവശത്തും ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലണമെന്ന ആവശ്യപ്പെടുന്ന ജനങ്ങള്‍ മറുവശത്തും നിലയുറപ്പിക്കുമ്പോള്‍ സ്വന്തമായിരുന്ന കാടിലും പണ്ടേ അന്യമായ നാട്ടിലും ഇറങ്ങാനാകാതെ വന്യമൃഗങ്ങള്‍ ഓട്ടം തുടരുന്നു.
കാട് വിട്ട് മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന് നിരവധി കാരണങ്ങള്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും അവയെയെല്ലാം കൊന്നൊടുക്കിയുള്ള പ്രശ്നപരിഹാരമല്ല വനം വകുപ്പിന്‍റെ രീതി. മറിച്ച് ശല്യക്കാരനായ മൃഗത്തെ മയക്ക് വെടിവച്ച് പിടികൂടി, കൂട്ടിലടച്ച് ഭക്ഷണം നല്‍കി ചട്ടം പഠിപ്പിച്ച് മെരുക്കുകയാണ് വനം വകുപ്പ് ചെയ്യുന്നത്.
കാട്ടാനകളെ വാരിക്കുഴിക്കുത്തി പിടികൂടി മെരുക്കിയെടുത്ത് ഉത്സവങ്ങളിലും തടിപിടിക്കാനും ഉപയോഗിക്കുന്നത് കേരളത്തില്‍ ഒരു കാലത്ത് സര്‍വ്വസാധാരണമായിരുന്നു. എന്നാല്‍, മനുഷ്യനുള്ള എല്ലാ അവകാശാധികാരങ്ങളും മറ്റ് ജീവികള്‍ക്കും ഉണ്ടെന്ന തത്വചിന്തയ്ക്ക് പ്രമുഖ്യം ലഭിച്ചതോടെ മൃഗങ്ങള്‍ക്ക് വേണ്ടിയും മനുഷ്യന്‍ സംസാരിച്ച് തുടങ്ങി. ഇതിന്‍റെ ഭാഗമായി കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളെ പിടികൂടുന്നതും വളര്‍ത്തുന്നതിനും നിരോധനങ്ങളും നിയന്ത്രണങ്ങളും വന്നു. 1977 -ല്‍ വാരിക്കുഴിക്കുത്തിയും കുത്താതെയും കാട്ടാനകളെ പിടികൂടുന്നത് നിയമവിരുദ്ധ പ്രവര്‍ത്തിയായി.
ഇതേസമയം നാട്ടില്‍ ജനസംഖ്യാ വര്‍ദ്ധനവ് കുതിച്ചുയരുന്നതിന് അനുസൃതമായി കാട്ടില്‍ മൃഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. രണ്ടിടത്തുമുണ്ടായ വര്‍ദ്ധനവിന്‍റെ ആക്കം കുറയ്ക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. സ്വാഭാവികമായും മനുഷ്യന്‍ ഒരു വഴിക്ക് കാട് കയറിയപ്പോള്‍ മൃഗങ്ങള്‍ മറ്റൊരുവഴിക്ക് നാട്ടിലേക്കിറങ്ങിത്തുടങ്ങി. ഇതോടെ കണക്കുകള്‍ നിരത്തി മൃഗങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്ന തരത്തില്‍ ആവശ്യങ്ങളുയര്‍ത്തി മനുഷ്യര്‍ രംഗം കൊഴുപ്പിച്ചു.
അപ്പോഴും കാടിറങ്ങിയ വന്യമൃഗങ്ങളെ പിടികൂടി സുരക്ഷിതമായി കാടുകയറ്റുന്നതിലായിരുന്നു വനം വകുപ്പിന്‍റെ ശ്രദ്ധ. എന്നാല്‍ പിടികൂടി കാട്ടിലേക്ക് വിട്ട മൃഗങ്ങള്‍ മറ്റൊരു വഴിയിലൂടെ വീണ്ടും നാട്ടിലേക്കിറങ്ങി. ഇത്തരത്തില്‍ അടുത്തകാലത്ത് കേരളത്തിലെ വാര്‍ത്തകളില്‍ ഇടം പിടിച്ച രണ്ട് കാട്ടാനകളായിരുന്നു പിഎം 2 ഉം പിടി 7വും. പിഎം 2 വയനാട്ടിലിറങ്ങി ഭീതിപരത്തിയതോടെ പിടികൂടി മുത്തങ്ങ ആന കേന്ദ്രത്തിലെത്തിച്ചു. അപ്പോഴും പാലക്കാട് ധോണി അടക്കമുള്ള പ്രദേശങ്ങളില്‍ പിടി 7 സ്വൈര വിഹാരം തുടര്‍ന്നു.ഒറ്റയ്ക്കും കൂട്ടമായും പിടി 7 കാടതിര്‍ത്തിയും ഗ്രാമാതിര്‍ത്തിയും പിന്നിട്ട് ചെറു നഗരങ്ങില്‍ പകല്‍ വെളിച്ചത്ത് പോലും റോന്ത് ചുറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ ഭയപ്പാടോടെ ജനം കണ്ടു.
ഇതേ സമയം അവന് വേണ്ടി കൂടൊരുക്കുകയായിരുന്നു വനം വകുപ്പ്. വയനാട്ടിലും പത്തനംതിട്ടയിലും മറ്റും നേരത്തെ തന്നെ ആനയെ മെരുക്കാന്‍ കൂടുകളുണ്ടായിരുന്നെങ്കില്‍ പാലക്കാട് അങ്ങനൊന്ന് ഇല്ലായിരുന്നു. ഇതിനാല്‍ തന്നെ പിടികൂടുന്ന പിടി 7 നെ മെരുക്കാനായി മുത്തങ്ങയിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി നാല് ലക്ഷം ചെലവാക്കി കൂടൊരുക്കി. എന്നാല്‍, ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഈ തീരുമാനം പിന്നീട് പിന്‍വലിച്ചു. തുടര്‍ന്ന് പാലക്കാട് തന്നെ കൂടൊരുക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി.
ഇതേ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ ധോണിയില്‍ തന്നെ പിടി 7 ന് കൂടൊരുക്കം ആരംഭിച്ചു. പരമ്പരാഗതമായി കേരളത്തില്‍ ആനക്കൂടിന് കമ്പകം എന്ന മരമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ധോണിയില്‍ പിടി 7 ന് വേണ്ടി ഒരുങ്ങുന്നത് യൂക്കാലിപ്സ് കൂടാണ്.കാട്ടില്‍ സ്വൈരവിഹാരം നടത്തിയ കാട്ടാനെയെ പിടികൂടി കൂട്ടിലിട്ടാല്‍ ചട്ടം പഠിക്കുന്നത് വരെ അത് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കും.
ഇത്തരത്തിലുള്ള ഓരോ ശ്രമവും ആനയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. യൂക്കാലിപ്സിന്‍റെ തടിയാണെങ്കില്‍ ഇത്തരം ശ്രമങ്ങളില്‍ ആനയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കുറയും മാത്രമല്ല, ഉറപ്പുള്ള തടിയായതിനാല്‍ കൂട് പൊളിക്കുക എന്നത് അസാധ്യവുമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പതിനഞ്ച് അടി നീളത്തിലും വീതിയിലുമാണ് ധോണിയിലെ കൂടൊരുക്കിയത്. 140 ഓളം യൂക്കാലിപ്സ് മരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇതിനായി ദിവസങ്ങള്‍ നീണ്ട പണിയാവശ്യമുണ്ട്. ആറടി ആഴത്തില്‍ കുഴിയെടുത്ത് അതില്‍ നാലടി വണ്ണമുള്ള നാല് യൂക്കാലിപ്സ് മരത്തടികളിട്ട് മണ്ണിട്ട്, വെള്ളമൊഴുച്ച് ഉറപ്പിക്കും. ഇത്തരത്തില്‍ പതിനഞ്ച് അടി സമചരുതാകൃതിയില്‍ ഉറപ്പിച്ചിരിക്കുന്ന മരത്തടികള്‍ക്കിടെയില്‍ മറ്റ് തടികള്‍ ഇഴ ചേര്‍ത്ത് കിടത്തി വച്ച് കൂടൊരുക്കും.
മയക്കം വിട്ടുണരുന്ന പിടി 7, അസ്വാതന്ത്രത്തിന്‍റെ ആദ്യദിവസങ്ങളില്‍ രക്ഷപ്പെടാനായി യൂക്കാലിപ്സ് തടികളില്‍ എത്ര ആഞ്ഞ് ഇടിച്ചാലും ശ്രമം വിജയിക്കില്ല. കൂടിപ്പോയാല്‍ തടികള്‍ ചതയുക മാത്രം ചെയ്യും. ഇത്തരത്തില്‍ ഉറപ്പുള്ളൊരു കൂടൊരുക്കാന്‍ ദിവസങ്ങളും ലക്ഷങ്ങളും വേണം. ഇത് തന്നെയാണ് പിടി 7 നായി വയനാട്ടില്‍ ഒരുക്കിയ കൂട് ഉപേക്ഷിച്ച് പാലക്കാട് മറ്റൊരു കൂട് നിര്‍മ്മിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചപ്പോള്‍ ഉയര്‍ന്ന പ്രതിഷേധത്തിന് കാരണവും. മുത്തങ്ങയില്‍ പന്ത്രണ്ട് അടി നീളത്തിലും വീതിയിലുമുള്ള കൂടാണ് പിടി 7 വേണ്ടി ഒരുക്കിയതെങ്കില്‍ ധോണിയില്‍ ഇത് പതിനഞ്ച് അടി നീളത്തിലും വീതിയിലും 18 അടി ഉയരത്തിലുമാണ് ആനക്കൂട് നിര്‍മ്മിച്ചിരിക്കുന്നത്.
ഒടുവില്‍ ആഴ്ചകള്‍ നീണ്ട ജോലികള്‍ കഴിഞ്ഞ് കൂടൊരുങ്ങി. മുത്തങ്ങയില്‍ നിന്നും എത്തിച്ച കുങ്കി ആനകളായ വടക്കനാട് കൊമ്പനെയും കല്ലൂര്‍ കൊമ്പനെയും ഉപയോഗിച്ച് കൂടിന്‍റെ ബല പരിശോധനയും കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ തന്നെ പിടി 7 നെ മയക്ക് വെടിവച്ച് പിടിക്കും. മയക്കം വിട്ട് ഉണരുമുമ്പ് വടക്കനാട് കൊമ്പനും കല്ലൂര്‍ കൊമ്പനും ഇടം വലം നിന്ന് പിടി 7 നെ പുതിയ കൂട്ടില്‍ കയറ്റും. പിന്നെ ചട്ടം പഠിപ്പിക്കലാണ്. അതിനായി പാപ്പന്മാരും ഒരുങ്ങിക്കഴിഞ്ഞു.
അവന്‍റെ വന്യമായ ഓര്‍മ്മകളില്‍ നിന്ന് പോലും കാടും കാടിന്‍റെ ചൂരും സ്വാതന്ത്രവും മായിച്ച് കളയും. അതിനായി സാമം, ദണ്ണം തുടങ്ങി എല്ലാ ശിക്ഷണവിധികളും നടപ്പാക്കും. മായാപുരത്തെ കതിരണിഞ്ഞ പാടങ്ങളില്‍ ഒറ്റയ്ക്കും പിടിയാനകള്‍ക്കൊപ്പവും സ്വതന്ത്രനായി വിഹരിച്ച് നാട്ടുകാര്‍ നട്ട് വളര്‍ത്തിയ ചക്കയും വാഴയും ഏതേഷ്ടം തിന്ന് മതിച്ച എല്ലാ ഓര്‍മ്മകളും മറ്റേതോ ജന്മത്തിലെ സ്വപ്നങ്ങള്‍ മാത്രമാണെന്ന് തോന്നലിലേക്ക് ഒടുവില്‍ അവന്‍ മാറും. അതിനിടെ കഴിക്കാന്‍ തെങ്ങിൻ പട്ട,മുതിര,ശർക്കര,റാഗി,ചോറ്,പഴം, ഈന്തപ്പഴം തുടങ്ങി വനം വകുപ്പ് വെറ്ററിനറി ഡോക്ടര്‍മാര്‍ തയ്യാറാക്കുന്ന ഭക്ഷണം അവന്‍ കഴിച്ച് തുടങ്ങും. ഭക്ഷണത്തിലുള്ള സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പോലും അവനില്‍ നിന്ന് എന്നന്നേക്കുമായി ഇല്ലാതാകും. അറ്റം വളഞ്ഞ ഇരുമ്പിന്‍ തോട്ടിയും കോലും കൂടിന്‍റെ നാല് വശങ്ങളില്‍ നിന്നും ഇടവും വലവും അവനെ പഠിപ്പിക്കും.
മനുഷ്യന്‍റെ രീതികളോട് ഇണങ്ങാന്‍ പാപ്പാന്മാര്‍ അവനെ നിര്‍ബന്ധിച്ച് കൊണ്ടേയിരിക്കും ഒടുവില്‍ പതിനഞ്ച് അടി വ്യാസമുള്ള കൂട്ടില്‍ ദിവസങ്ങളും ആഴ്ചകളും കടന്ന് പോകും. അങ്ങനെ സാമവും ദണ്ണവും ഒരുമിക്കുന്ന മൂന്ന് മാസക്കാലം അവന്‍റെ സ്വാതന്ത്രം വെറും പതിനഞ്ച് അടി സമചതുരത്തില്‍ മാത്രമാകും. ഒടുവിലൊരുനാള്‍ ഉണരുമ്പോള്‍ അവന്‍റെ ഓര്‍മ്മകളുടെ അതിരുകളില്‍ പോലും സഹ്യന്‍റെ വന്യതയുണ്ടാകില്ല.വടക്കനാട് കൊമ്പനെയും കല്ലൂര്‍ കൊമ്പനെയും പോലെ മറ്റൊരു പേരില്‍ മറ്റൊരു കൊമ്പനായി കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താനായ അവനും ഒടുവില്‍ നിയോഗിക്കപ്പെടും. ഒറ്റപ്പാപ്പാന്‍റെ ഒരൊറ്റ തോട്ടിക്ക് മുന്നില്‍ അവനും ഇടവും വലവും അടിവച്ച് നീങ്ങും. ഒരു മദപ്പാടിന്‍റെ ഓര്‍മ്മയിലേക്ക് എല്ലാ സ്വാതന്ത്രവും അടക്കിവച്ച് മറ്റൊരു പേരില്‍ മറ്റൊരു കുങ്കിയാനയായി...