മഴക്കാലത്ത് അടുക്കളയിൽ ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ ഇതാണ്
വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് അടുക്കള. മഴക്കാലങ്ങളിൽ അടുക്കള വൃത്തിയോടെ സൂക്ഷിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

മാലിന്യങ്ങൾ
മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പലതരം ജീവികളെ ആകർഷിക്കാനും അണുക്കൾ പടരാനും കാരണമാകുന്നു. എപ്പോഴും ഈർപ്പമുള്ള സ്ഥലമാണ് അടുക്കള. അതിനാൽ മാലിന്യങ്ങൾ കൂടെ ആകുമ്പോൾ അടുക്കള വൃത്തിയില്ലാതാവുന്നു.
ഉണക്കി സൂക്ഷിക്കാം
അടുക്കളയിൽ വെള്ളത്തിന്റെ ഉപയോഗം ഉള്ളതുകൊണ്ട് തന്നെ മഴക്കാലത്ത് അമിതമായി ഈർപ്പം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അടുക്കളയിൽ അണുക്കൾ പടരാനും പൂപ്പലും ദുർഗന്ധവും ഉണ്ടാവാനും കാരണമാകുന്നു. അതിനാൽ തന്നെ അടുക്കള പ്രതലങ്ങൾ എപ്പോഴും തുടച്ച് ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ദുർഗന്ധം
അടുക്കളയിൽ ദുർഗന്ധം ഉണ്ടാവുന്നത് സാധാരണമാണെങ്കിലും മഴസമയങ്ങളിൽ ഇത് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈർപ്പം ഉണ്ടാവുന്നതുകൊണ്ടാണ് ഇത്തരത്തിൽ ദുർഗന്ധം എപ്പോഴും അടുക്കളയിൽ തങ്ങി നിൽക്കുന്നത്. ഈർപ്പത്തെ തടയാൻ ബേക്കിംഗ് സോഡ, കല്ലുപ്പ് എന്നിവ തുറന്ന പാത്രത്തിൽ അടുക്കളയിൽ സൂക്ഷിക്കാം. ഇത് ഈർപ്പത്തെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
വായു സഞ്ചാരം
മഴക്കാലങ്ങളിൽ അടുക്കളയിൽ കൃത്യമായ വായുസഞ്ചാരം ഉണ്ടാവുകയില്ല. ഇത് ഈർപ്പത്തെ തങ്ങി നിർത്തുകയും പൂപ്പൽ ഉണ്ടാവാനും കാരണമാകുന്നു. ദിവസവും അരമണിക്കൂറെങ്കിലും അടുക്കളയുടെ ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം.
ഭക്ഷണ സാധനങ്ങൾ
മഴക്കാലത്ത് ഭക്ഷണ സാധനങ്ങൾ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ശരിയായ രീതിയിൽ ഭക്ഷണം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വേവിച്ച ഭക്ഷണങ്ങൾ അധിക നേരം പുറത്ത് വയ്ക്കരുത്. ഫ്രിഡ്ജിൽ അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്.

