കനത്ത മഴ: മലപ്പുറത്ത് കിണര്‍ ഇടിഞ്ഞ് താഴ്ന്നു, മരങ്ങള്‍ കടപുഴകി, വ്യാപക നാശം
മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന മലപ്പുറത്ത് (Malappuram) പരക്കെ നാശനഷ്ടം. വിവിധ ഇടങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര, തീരദേശ മേഖലകളിലടക്കം വലിയ തോതില്‍ മഴ പെയ്തു. കാളികാവ്, കൊണ്ടോട്ടി ബ്ലോക്കുകളില്‍ മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി. മലപ്പുറം വലിയതോട് കരകവിഞ്ഞ് മേല്‍മുറി, മച്ചിങ്ങല്‍ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍ 23 കെ സി റോഡില്‍ മഴയില്‍ വീടിന് മുകളിലേക്ക് മതില്‍ തകര്‍ന്ന് വീണു.
വലിയ തൊടിക ഇബ്‌റാഹീമിന്‍റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. തിരൂരങ്ങാടി ആങ്ങാട്ട് പറമ്പില്‍ മുബശിര്‍, ആങ്ങാട്ട് പറമ്പില്‍ ആമിന എന്നിവരുടെ വീടുകള്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
ശക്തമായ കാറ്റില്‍ മമ്പുറം പുതിയ പാലത്തിലെ പരസ്യ ബോര്‍ഡുകള്‍ തകര്‍ന്നു വീണു. ഇതേ തുടര്‍ന്ന് പാലത്തിലെ വൈദ്യുതി നിലച്ചു. എടക്കരയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഒഴുകിവന്ന മാലിന്യം മുപ്പിനി പാലത്തില്‍ അടിഞ്ഞ് കൂടി.
മക്കരപ്പറമ്പ് അമ്പലപ്പടി ഭാഗങ്ങളില്‍ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമാണുണ്ടായത്. 12-ാം വാര്‍ഡിലെ പെരുമ്പള്ളി, തെക്കത്ത്, നൂറംകുന്ന് ഭാഗങ്ങളിലാണ് ശക്തമായ കാറ്റ് വീശിയത്. രണ്ട് വീടുകള്‍ക്ക് മുകളില്‍ മരം വീണ് ഭാഗീകമായി കേടുപാടികള്‍ പറ്റി.
ഇന്ന് രാവിലെ പെയ്ത ശക്തമായ മഴയില്‍ ഇരിമ്പിളിയം കിണറും മോട്ടോര്‍പ്പുരയും ഇടിഞ്ഞ് താഴ്ന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തില്‍ കൊടുമുടിയിലെ പീടിയേക്കല്‍ മുല്ലപ്പള്ളി വീട്ടില്‍ നരേന്ദ്രകുമാറിന്‍റെ കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോറും ത്രീഫെയ്‌സ് കണക്ഷന്‍ ബോര്‍ഡുമുള്ള മോട്ടോര്‍പ്പുരയുമാണ് ഇടിഞ്ഞ് താഴ്ന്നത്.
സമീപത്ത് കൂടെ ഒഴുകുന്ന തൂതപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ കിണറിനടിയില്‍ അനുഭവപ്പെട്ട ശക്തമായ മര്‍ദമാണ് കിണര്‍ ഇടിയാന്‍ കരാണമെന്ന് കരുതുന്നു. കിണറിന് പതിമൂന്ന് മീറ്റര്‍ ആഴമുണ്ട്, സംഭവത്തെ കുറിച്ച് കളക്ടര്‍ക്ക് പരാതി നല്‍കി.
തെക്കത്തുപറമ്പ് ദേവയാനി, തുളുവന്‍ കുഞ്ഞി മുഹമ്മദ് എന്നിവരുടെ വീടുകള്‍ക്ക് മുകളിലാണ് മരം വീണത്. വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നൂറോളം മരങ്ങളും തെങ്ങുകളും ജില്ലയിലെമ്പാടും കടപുഴകി വീണു.
പ്രദേശത്ത് അഞ്ച് വൈദ്യുതിക്കാലുകള്‍ പൊട്ടി വീണ് വൈദ്യുതി ബന്ധം പൂര്‍ണമായി തടസ്സപ്പെട്ടു. പല വീടുകളുടെയും മതിലുകള്‍ ഇടിഞ്ഞ് വീണിട്ടുണ്ട്. ചെറിയ പ്രദേശത്ത് ശക്തമായ കാറ്റാണ് വീശിയത്.
ചങ്ങരംകുളത്ത് ആലങ്കോട് ചെറിയത്ത് പടിഞ്ഞാറേതില്‍ വീടുകളുടെ മുകളിലേക്ക് കൂറ്റന്‍ മരം വീണു. ഈ സമയം വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ അറവങ്കര, മേല്‍മുറി എന്നിവിടങ്ങള്‍ വെള്ളക്കെട്ടിലായി. നിലമ്പൂര്‍ താലൂക്കിലെ വിവിധ വില്ലേജ് പരിധികളില്‍ ചെറിയ തോതില്‍ മഴ തുടരുന്നുണ്ടെങ്കിലും അപകട ഭീഷണിയില്ലെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
ചെറുകര പള്ളിത്തൊടി ഭഗവതീക്ഷേത്രത്തില്‍ ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിന് മുകളിലേക്ക് രണ്ട് തേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണു. മണ്ഡപത്തിന്‍റെ ഷീറ്റിട്ട മേല്‍ക്കൂരക്ക് സാരമായ കേടുപാടുണ്ടായി. ജില്ലയിലെ പല പ്രദേശത്തും കാര്യമായ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.