കടലേറ്റം രൂക്ഷം; കടല്‍ഭിത്തിക്കായി ആത്മഹത്യാ ഭീഷണി മുഴക്കി സ്ത്രീകള്‍
തിരുവനന്തപുരം വലിയതുറയിൽ കടലേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി സ്ത്രീകൾ കടൽപാലത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ ദിവസം ശംഖുമുഖം അടക്കമുള്ള തീരദേശത്ത് ശക്തമായ കടലേറ്റം ഉണ്ടായിരുന്നു. ഇന്ന് രാവിലെയും കടലേറ്റം ശക്തമായതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ ആത്മഹത്യ ഭീഷണിയുമായി കടല്‍പാലത്തിലെത്തിയത്. തുടര്‍ന്ന് സമരക്കാരുമായി ചര്‍ച്ചയ്ക്കെത്തിയ തഹസീല്‍ദാറെ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ തടഞ്ഞുവച്ചു. രാവിലെയെത്തിയ തഹസീല്‍ദാറെ പ്രശ്നത്തില്‍ തീരുമാനമുണ്ടായാലെ തഹസീല്‍ദാറെ വിട്ടയക്കുകയുള്ളൂവെന്നാണ് സമരക്കാരുടെ നിലപാട്. കരയിടിഞ്ഞ് ദുരിതം രൂക്ഷമായതോടെയാണ് കടുത്ത സമരവുമായി തീരദേശവാസികൾ രംഗത്തിറങ്ങുന്നത്. റിപ്പാര്‍ട്ട് : ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാന്ദ്രാ മരിയ. ചിത്രങ്ങള്‍ : അജിത്ത് ശംഖുമുഖം.

സ്ത്രീകള്‍ കടല്‍പാലം ഉപരോധിച്ച് ഭീഷണി മുഴക്കിയതോടെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിച്ചേര്‍ന്നു. ഇതോടൊപ്പം തഹസീല്‍ദാര്‍ സുരേഷ് അടക്കമുള്ള ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി.

എന്നാല്‍ തസഹില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ മത്സ്യതൊഴിലാളികൾ പള്ളിമേടയില്‍ തടഞ്ഞ് വച്ചു.

സ്ത്രീകളടക്കം നൂറോളം വരുന്ന ആളുകളാണ് സമരവുമായി ആദ്യം കടൽപ്പാലത്തിൽ കയറിയത്. കടൽക്ഷോഭം തടയാൻ തുടങ്ങിവച്ച കടൽഭിത്തി നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. വീട് നഷ്ടമായവർക്ക് വീട് നിർമിച്ച് നൽകുമെന്ന ഉറപ്പുകളും പാലിക്കാതായതോടെയാണ് സമരം.

വര്‍ഷങ്ങളായി തങ്ങളുടെ തീരം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇതിന് ശാശ്വത പരിഹാരം കാണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

കടല്‍ ഭിത്തി നിര്‍മ്മാണത്തിനാവശ്യമായ കല്ല് കൊണ്ടുവരാതെ സമരം അവസാനിപ്പിക്കില്ലെന്ന് മത്സ്യത്തൊഴിലാളി സ്ത്രീകള്‍ പറഞ്ഞതോടെ അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി.


കല്ലിറക്കാതെ സ്ഥലത്ത് നിന്ന് തഹസീല്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ വിടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആവര്‍ത്തിച്ചു.

എന്നാല്‍, ജിയോളജി വകുപ്പിന്‍റെ അനുമതി കിട്ടാത്തതാണ് കല്ലിറക്കുന്നതിലെ പ്രശ്നമെന്നായിരുന്നു തഹസീല്‍ദാര്‍ സുരേഷ് മത്സ്യത്തൊഴിലാളികളോട് പറഞ്ഞത്.


ജിയോളജി വകുപ്പില്‍ നിന്നും തീരത്ത് കല്ലിറക്കാനുള്ള അനുമതിക്കായി കലക്ടര്‍ നടപടിയാരംഭിച്ചെന്നും തഹസീല്‍ദാര്‍ സമരക്കാരെ അറിയിച്ചു.

എന്നാല്‍ തീരത്ത് കരിങ്കല്ലുകളെത്തിയാല്‍ മാത്രമേ തഹസീല്‍ദാറെ വിട്ടയക്കുകയൊള്ളൂവെന്ന് സമരക്കാരും അറിയിച്ചു. ഇതേതുടര്‍ന്ന് തഹസീല്‍ദാറും സംഘത്തെയും സമരക്കാര്‍ പള്ളിമേടയില്‍ തടഞ്ഞിരിക്കുകയാണ്.
