മൂവാറ്റുപുഴ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം; പരിശോധന തുടങ്ങി, ഗതാഗത നിയന്ത്രണം
മൂവാറ്റുപുഴ (Muvattupuzha) പാലത്തോട് ചേര്‍ന്നുള്ള അപ്രോച്ച് റോഡില്‍ ഇന്നലെ പെയ്ത മഴയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഏറെ ഗതാഗതത്തിരക്കുള്ള എംസി റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗാതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് അപ്രോച്ച് റോഡില്‍ ചെറിയൊരു കുഴി കണ്ടത്തിയത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ചെറിയ കുഴി, വലിയൊരു ഗര്‍ത്തമായി മാറി. റോഡിലെ ടാറിങ്ങ് അടക്കം ഈ ഗര്‍ത്തത്തിലൂടെ ഒലിച്ച് പോയി. മൂവാറ്റുപുഴ പാലത്തിനും ആറിനും സമീപത്തായി രൂപപ്പെട്ട ഗര്‍ത്തം വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. മൂവാറ്റുപുഴയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ്.
ഗര്‍ത്തത്തിന്‍റെ വലിപ്പം കൂടാന്‍ സാധ്യതയുണ്ടെന്ന് രാവിലെ സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗര്‍ത്തത്തിന്‍റെ ആഴവും വലിപ്പവും കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മൂവാറ്റുപുഴ അപ്രോച്ച് റോഡ് ദേശീയ പാതയുടെ ഭാഗമാണ്. രണ്ട് പാലങ്ങളാണ് ഇവിടെ ഉള്ളത്. ഇതില്‍ പുതിയ പാലത്തിന്‍റെ അപ്രോച്ച് റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് പഴയ പാലത്തിലൂടെയാണ് ഇപ്പോള്‍ ഗതാഗതം തിരിച്ച് വിട്ടിരിക്കുന്നത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. ഇതുവഴിയുള്ള ഗതാഗതം പൊലീസിന്‍റെ നിയന്ത്രണത്തിലാണ്. മൂവാറ്റുപുഴയില്‍ കാര്യമായ മഴ ഇന്ന് പെയ്തിട്ടില്ലെങ്കിലും മൂവാറ്റുപുഴയാര്‍ പല സ്ഥലങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്.
മൂവാറ്റുപുഴയില്‍ ഇന്നലെയും ഇന്നുമായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി മൊത്തം 220 പേരാണുള്ളത്. മൂവാറ്റുപുഴയാറിന്‍റെ കൈവഴിയായ കാളിയാറും ഇപ്പോള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇവിടെ താഴ്ന്നപ്രദേശത്തെ വീടുകളില്‍ വെള്ളം കയറുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഇന്ന് ഇതുവരെയായും കാര്യമായ മഴയില്ലാത്തതിനാല്‍ ജലനിരപ്പ് കുറയുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മഴ മാറിനില്‍ക്കുമ്പോഴും പുഴയിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. മൂവാറ്റുപുഴ ടൗണിലും സ്റ്റേഡിയം ജംഗ്ഷനിലുമൊക്കെ ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.
1978 ലാണ് പാലം അപ്രോച്ച് റോഡ് നിര്‍മ്മിച്ചത്. അതിനാല്‍ റോഡിന്‍റെ അടിയില്‍ മറ്റെന്തെങ്കിലും നിര്‍മ്മിതികള്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും കാര്യമായ ധാരണയില്ല. അതിനാല്‍ ഗര്‍ത്തത്തിന്‍റെ വ്യാപ്തി അറിയാനായി ജെസിബി ഉപയോഗിച്ച് ഗര്‍ത്തത്തിന്‍റെ വശങ്ങള്‍ ഇടിച്ച് പരിശോധിക്കുകയാണ്.
ജെസിബി ഉപയോഗിച്ചുള്ള പരിശോധനയില്‍ ഗര്‍ത്തത്തിന്‍റെ അടിയില്‍ കോണ്‍ക്രീറ്റ് ടാങ്കിന് സമാനമായ ഒരു നിര്‍മ്മിതി കണ്ടെത്തിയിരുന്നു. നിലവില്‍ പാലത്തിന് കാര്യമായ കുഴപ്പങ്ങളില്ലെന്നും എന്നാല്‍ റോഡിന്‍റെ മണ്ണ് ഒലിച്ച് പോയതാണെന്നും പിഡബ്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റോഡിന് താഴെ പഴയൊരു കലിങ്ക് ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ ആഴത്തില്‍ പരിശോധിച്ചാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയൂവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പിഡബ്യു ഉദ്യോഗസ്ഥര്‍ക്ക് പുറമെ കെഎസ്ഇബി, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. റോഡിന്‍റെ അടിയിലുള്ള കോണ്‍ക്രീറ്റ് ടണല്‍ പോലുള്ള നിര്‍മ്മിതി ബിഎസ്എന്‍എല്ലിന്‍റെ ചെയ്മ്പറാണെന്നും പിഡബ്യുഡി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റോഡിന്‍റെ അടിയിലെ കലിങ്കില്‍ വിള്ളലുണ്ടായി അതുവഴി വെള്ളം കുത്തിയൊലിച്ചിറങ്ങിയപ്പോള്‍ രൂപപ്പെട്ട ഗര്‍ത്തമാണോ ഇതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുറഞ്ഞത് ഒരാഴ്ചയെങ്കിലും പരിശോധനയ്ക്കായി വേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.