Chittari River: ചിത്താരി പുഴ ഗതി മാറി; പുഴയ്ക്ക് നേര്‍വഴി കാട്ടി നാട്ടുകാര്‍
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുളള ചിത്താരി പുഴയ്ക്ക് അജാനൂരെത്തിയപ്പോള്‍ ഒരു മോഹം. എത്രകാലമായി ഇങ്ങനെ ഒഴുകുന്നു. ഇനിയെങ്കിലും ഒന്ന് ഗതിമാറിയൊഴുകിയാലെന്ത് ? അങ്ങനെ പുഴയൊന്ന് ഗതി മാറിയൊഴുകി. എന്നാല്‍ പുഴയുടെ പുതിയ ഒഴുക്ക് പഴയ പലതും തടസമായി. ഒടുവില്‍ പുഴയ്ക്ക് നേര്‍വഴി കാട്ടാന്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. ഒടുവില്‍ പുഴയുടെ പഴയ ഒഴുക്ക് തിരിച്ച് പിടിച്ചു.
ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്. ലെപ്റ്റെർമാ ബിജു എന്ന ഞണ്ടുകൾ കാണപ്പെടുന്ന ഏക സ്ഥലവും ഈ പുഴയാണ്. വിവിധ കൈയ്യേറ്റങ്ങളിലൂടെ കടന്നു പോകുന്ന പുഴ ഇപ്പോൾ നാശത്തിന്‍റെ വക്കിലാണെന്ന് ഇത് സംബന്ധിച്ച പഠനങ്ങള്‍ പറയുന്നു.
അജാനൂരെത്തിയപ്പോഴാണ് ചിത്താരി പുഴ ഗതി മാറിയൊഴുകിയത്. ഇതോടെ സമീപത്തെ മീനിറക്ക് കേന്ദ്രത്തിന്‍റെ കെട്ടിടത്തില്‍ പുഴ ഭീഷണിയായി. അങ്ങനെയാണ് പുഴയ്ക്ക് പഴയ ഗതി കാട്ടാനായി നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.
ഏറെ നേരം നീണ്ട കഠിനാധ്വാനത്തിലൂടെ, കൈമെയ് മറന്ന് നാട്ടുകാർ പുഴയ്ക്ക് നേർവഴി കാട്ടിക്കൊടുത്തു. ഓലയും മണൽ ചാക്കുകളും ഉപയോഗിച്ചാണ് വഴിമാറിയൊഴുകിയ പുഴയെ നാട്ടുകാർ നേർവഴിക്ക് നയിച്ചത്.
തടയണ നിര്‍മ്മിച്ച് പുഴയെ നേര്‍വഴിക്ക് കൊണ്ടുവരാനായിരുന്നു നാട്ടുകാരുടെ ശ്രമം. മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരോടൊപ്പം കൂടി. ഇതോടെ പുഴയുടെ ഒഴുക്ക് തിരിച്ച് പിടിക്കുന്നതിന് ഉത്സവ പ്രതീതി.
മണല്‍ച്ചാക്കുകളും മുളയും ഓലയും വടവും മണല്‍ചാക്കും അങ്ങിനെ കൈയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മാണം. രണ്ടായിരത്തോളം മണല്‍ച്ചാക്കുകളാണ് തടയണയ്ക്കായി ഉപയോഗിച്ചത്.
അൻപതോളം പേരാണ് തടയണ നിർമ്മാണത്തിനായി രംഗത്തെത്തിയത്. നൂറുകണക്കിന് ഓലയും ഉപയോഗിച്ചു. ചിത്താരിക്കടപ്പുറത്ത് നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തായാണ് അഴി മുറിഞ്ഞത്. സാധാരണ പുഴ അറബിക്കടലിൽ ചെന്ന് ചേരുകയാണ് പതിവ്. എന്നാല്‍ ഗതിമാറിയതോടെ ഇത് അജാനൂര്‍ മീനിറക്ക് കേന്ദ്രത്തിന് സമീപത്തേക്ക് ഒഴുകാന്‍ തുടങ്ങി.
ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ പുഴയുടെ നീരൊഴുക്ക് ഒരു പരിധി വരെ പൂർവസ്ഥിതിയിലാക്കാൻ നാട്ടുകാർക്ക് സാധിച്ചു. നാല് വർഷം മുൻപും സമാനമായ സാഹചര്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അന്നും ഇതേ മാർഗത്തിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് തടയണ നിർമ്മിച്ചാണ് നാട്ടുകാർ വെള്ളത്തിന്‍റെ ഗതി മാറ്റിയത്. പഴയ അനുഭവം ഉള്ളത് കൊണ്ട് ഇക്കുറി കാര്യങ്ങൾ കുറേക്കൂടി വേഗത്തിലായിരുന്നുവെന്ന് മാത്രം.