വാളയാറില്‍ നീതി നിഷേധത്തിന്‍റെ നാല് വര്‍ഷം; തലമുണ്ഡനം ചെയ്ത് അമ്മയുടെ പ്രതിഷേധം
കഴിഞ്ഞ നാല് വര്‍ഷമായി, വാളയാറില്‍ ഒരു അമ്മ തന്‍റെ രണ്ട് മക്കളുടെ കൊലപാതകത്തിന് നീതി തേടി മുട്ടാത്ത വാതിലുകളില്ല. എഴുതാത്ത പരാതികളില്ല. കാണാത്ത അധികാരികളില്ല. സ്വന്തം കുഞ്ഞുങ്ങളുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് അമ്മ, മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ നേരിട്ട് കണ്ട് പരാതി കൊടുത്തു. പരാതികളെല്ലാം കൈ നീട്ടി വാങ്ങിയവര്‍ 'എല്ലാം ശരിയാകു'മെന്ന് ഉരിയാടിയതല്ലാതെ ഒന്നും ശരിയായില്ല. പ്രതിഷേധവുമായി ഇന്നും ആ അമ്മയും അച്ഛനും പെരുവഴിയില്‍ തന്നെയാണ്. കേസ് അട്ടിമറിച്ച് കേരളാ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഇന്ന് സമരപന്തലില്‍ വച്ച് കുട്ടികളുടെ അമ്മയും സലീന പ്രക്കാനവും ബിന്ദു കമലനും തങ്ങളുടെ മുടി മുറിച്ച് പ്രതിഷേധിച്ചു.
മക്കളുടെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു. കേരളത്തിലെ 14 ജില്ലകളിലും സർക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ സമരം നടത്തുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. (കൂടുതല്‍ വാര്‍ത്തയും ചിത്രങ്ങളും കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
വാളയാർ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡിവൈഎസ്പി സോജൻ, എസ് ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് തീയതി ഇന്നലെ പ്രഖ്യാപിച്ചതോടെയാണ് ഇന്ന് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. 14 ജില്ലകളിലും സർക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ വാളയാർ അമ്മയെ മുൻനിർത്തി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരങ്ങളും നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് അമ്മ തലമുണ്ഡനത്തിനായി സമരവേദിയിലിരുന്നത്.
ഡിഎച്ച്ആർഎം നേതാവ് സലീന പ്രക്കാനം, സാമൂഹ്യ പ്രവർത്തക ബിന്ദു കമലൻ എന്നിവരും സമരത്തിന് ഐക്യദാർഡ്യവുമായി ഇന്ന് തലമുണ്ഡനം നടത്തി. രമ്യ ഹരിദാസ് എംപി, മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് എന്നിവരും സമരപന്തലിലെത്തി.
ഇളയ പെൺകുട്ടിയുടെ നാലാം ചരമവാഷിക ദിനമായ മാർച്ച് നാലിന് എറണാകുളത്ത് 100 പേർ തലമൊട്ടയടിച്ച് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. വാളയാറിലെ അമ്മതന്നെ പ്രത്യക്ഷ സമരവുമായി സംസ്ഥാനത്തുടനീളം പ്രചരണത്തിനിറങ്ങുമ്പോൾ സക്കാരിന് മേൽ വീണ്ടും സമ്മർദ്ദമേറുകയാണ്.
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയാനായി ഇന്ത്യന്‍ സര്‍ക്കാര്‍ 2012 ല്‍ കൊണ്ടുവന്ന നിയമമാണ് പോക്സോ ആക്ട് (POCSO Act -The Protection of Children from Sexual Offences ). ശക്തമായ നിയമം ഉണ്ടായിരുന്നിട്ടും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈംഗീകാതിക്രമം നേരിടുന്നത് കുട്ടികളാണെന്നതാണ് യാര്‍ത്ഥ്യം.
ഇതിന് നമ്മുടെ മുന്നില്‍ പ്രത്യക്ഷത്തിലുള്ള കേസാണ് വാളയാറിലെ രണ്ട് പിഞ്ച് പെണ്‍കുഞ്ഞുങ്ങളുടെ കേസ്. വാളയാര്‍ അട്ടപ്പള്ളത്തെ ഒറ്റ മുറി വീട്ടില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് നാല് വര്‍ഷമാകുന്നു. 2017 ജനുവരി 13 നാണ് മൂത്തകുട്ടിയെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൂത്തകുട്ടിയുടെ മരണത്തിന് 52 ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ അതേ സ്ഥലത്ത് രണ്ടാമത്തെ കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷവും പൊലീസും പ്രാദേശിക അധികാരികളും ഏങ്ങനെയാണ് കുട്ടികള്‍ക്ക് നീതി നിഷേധിച്ചത് എന്നതിന്‍റെ പ്രത്യക്ഷസാക്ഷ്യമാണ് കഴിഞ്ഞ നാല് വര്‍ഷമായി മരിച്ച കുട്ടികളുടെ അമ്മയും അച്ഛനും നീതിക്കായി നടത്തുന്ന ഈ സമരം.