കരമടിവലയില്‍ അപൂര്‍വ്വയിനം കടലാമ; കടലിലേക്ക് തിരികെ വിട്ട് മത്സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് കരമടി വലയിൽ കുടുങ്ങിയ അപൂർവ്വ ഇനത്തിൽപ്പെട്ട ആമയെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11 മണിയോടെ ശംഖുമുഖത്ത് കരമടി വല വീശിയ ജോൺ മാർട്ടിൻ, ഫ്രാങ്ക്ലിൻ എന്നിവരുടെ വലയിലാണ് അപൂർവ്വ ഇനമായ ഒലിവ് റിഡ്‌ലി ആമ കുടുങ്ങിയത്. വംശനാശ ഭീഷണി നേരിടുന്ന ആമ ഇനമാണ് ഒലിവ് റിഡ്‌ലി. ആമയെ കടലിൽ തിരികെ വിട്ടു. കഴിഞ്ഞ മാസം ഇവരുടെ വലയിൽ കുടുങ്ങിയ വെള്ളുടുമ്പൻ സ്രാവിനെ കടലിൽ വിട്ടിരുന്നു. ചിത്രങ്ങൾ പകർത്തിയത് അജിത്ത് ശംഖുമുഖം .
ഇന്ത്യന്‍ മഹാസുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന വലിയതരം കടലാമകളാണ് ഒലീവ് റിഡ്‍ലി എന്ന പേരിലറിയപ്പെടുന്ന കടലാമ. ആഴക്കടലിലാണ് ഇവയുടെ സഞ്ചാരമെന്നതിനാല്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ മുട്ടയിടാനായി ഇവ കൂട്ടതോടെ കരയിലേക്ക് വന്നെത്തുന്നു.
പ്രായപൂര്‍ത്തിയായ ഒരു ഓലിവ് റിഡ്‍ലി കടലാമയുടെ പുറംതോടിന് ഏതാണ്ട് ഒരു മീറ്ററോളം നീളമുണ്ടാകും. ഏകദേശം 150 കിലോ ഗ്രാം ഭാരവും. പുറന്തോടിന് ഒലീവ് ഇലയുടെ നിറമായ പച്ചകലര്‍ന്ന തവിട്ടുനിറമാണ്. അടിഭാഗത്ത് നേര്‍ത്ത ഇളം മഞ്ഞ നിറവും കാണും.
എന്നാല്‍ പ്രായപൂർത്തിയാകാത്തവയ്ക്ക് നിറ വ്യത്യാസമുണ്ടാകും. മുതുകിൽ വരിയായി കവചശൽക്കങ്ങൾ കാണാം. അഞ്ചോ അതിൽക്കൂടുതലോ കവചശൽക്കങ്ങൾ ഉണ്ടായിരിക്കും. വശങ്ങളിലുള്ള ശൽക്കങ്ങളുടെ എണ്ണം 27ആണ്.
കടലിന്‍റെ ഏറ്റവും ആഴം കൂടിയ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഇവ പത്ത് പതിനഞ്ച് മിനിറ്റിനിടെ ശ്വാസമെടുക്കാന്‍ ഉപരിതലത്തിലേക്കെത്തും. ചെറിയ ഞണ്ടുകള്‍, ജന്തുപ്ലവങ്ങള്‍, കക്കയുടെയും മറ്റും മൃദുഭാഗങ്ങള്‍ എന്നിവയാണിവയുടെ പ്രധാന ഭക്ഷണം.
പ്രജനകാലത്ത് ആയിരക്കണക്കിന് കടലാമകൾ മുട്ടയിടാനായി തീരത്തെത്തുന്നു. ഈ പ്രതിഭാസത്തെ 'അറിബദ്ദാ' (arribada) എന്നാണ് പറയുന്നത്. അറിബദ്ദാ എന്ന സ്പാനിഷ് വാക്കിന് ആഗമനം എന്നാണര്‍ത്ഥം. 40 മുതല്‍ 125 ഓളം മുട്ടകള്‍ ഒറ്റ തവണ തന്നെ ഇവ ഇടും.
കടലില്‍ ഉപേക്ഷിക്കപ്പെടുന്ന മത്സ്യബന്ധന വലകള്‍ ഇവയുടെ ജീവന് കടുത്ത ഭീഷണിയുയര്‍ത്തുന്നു. ഒലീവ് റിഡ്‍ലി കടലാമകളെ സംരക്ഷിക്കുവാനായി നിരവധി പദ്ധതികളുണ്ട്.