സ്വാതന്ത്ര്യദിന പരേഡിനായെത്തി, തിരിച്ച് പോകും വഴി കുതിര വാഹനത്തില്‍ മറിഞ്ഞ് വീണു
രാജ്യത്തിന്‍റെ 76-ാം സ്വാതന്ത്ര്യദിന പരേഡിന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരം പട്ടാള ക്യാമ്പിലെത്തിയതായിരുന്നു അഞ്ച് കുതിരകള്‍. പരേഡ് കഴിഞ്ഞ് തിരിച്ചു പോകും വഴി തിരുവനന്തപുരം തൈക്കാട് സംഗീത കോളേജിനടുത്തെത്തിയപ്പോള്‍ പട്ടാള വണ്ടിയിലുണ്ടായിരുന്ന ഒരു കുതിര വണ്ടിയിലേക്ക് മറിഞ്ഞ് വീണു. ഇതോടെ വണ്ടിയിലുണ്ടായിരുന്ന മറ്റ് കുതിരകള്‍ ബഹളം വച്ചതോടെ വാഹനം സംഗീത കോളേജിന് മുന്നില്‍ നിര്‍ത്തിയിട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുതിരയെ എഴുന്നേല്‍പ്പിക്കാനായത്.
പാങ്ങോട് പട്ടാള ക്യാമ്പില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിനായായിരുന്നു കുതിരകളെ തൃശ്ശൂരില്‍ നിന്നും എത്തിച്ചത്. പരേഡ് കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് കുതിരകളെ പ്രത്യേക വാഹനത്തില്‍ തൃശ്ശൂരിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്.
എന്നാല്‍, പാങ്ങോട് നിന്നും അഞ്ച് കുതിരകളുമായി വന്ന ഐഷറിന്‍റെ വാഹനം തൈക്കാടുള്ള സംഗീത കോളേജിന്‍റെ മുന്നിലെത്തിയപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന എ സെഡ് എന്ന് ചാപ്പകുത്തിയ കുതിര വണ്ടിയിലേക്ക് മറിഞ്ഞു വീണു.
ഇതേ തുടര്‍ന്ന് മറ്റ് നാല് കുതിരകളും ബഹളം വയ്ക്കുകയായിരുന്നു. ആ ഒരു അവസ്ഥയില്‍ കുതിരകളെയും കൊണ്ട് തൃശ്ശൂരിലേക്കോ തിരിച്ച് പാങ്ങോട് സൈനിക ക്യാമ്പിലേക്കോ വാഹനത്തില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയായി.
തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റ് കുതിരകളെ ഇറക്കിയ ശേഷം താഴെ വീണ കുതിരയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമമായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഏതാണ്ട് രണ്ട് രണ്ടര മണിക്കൂറോളം പണിപ്പെട്ട് വാഹനത്തിലുണ്ടായിരുന്നവര്‍ കുതിരയെ എഴുന്നേല്‍പ്പിച്ചു.
ഇതോടെ കാഴ്ചക്കാരായി എത്തിയ ഓട്ടോ തൊഴിലാളികളും ചുമട് തൊഴിലാളികളും കുതിരയ്ക്ക് കുടിക്കാനായി വെള്ളം എത്തിച്ചു. വണ്ടിയില്‍ സൂക്ഷിച്ചിരുന്ന പുല്ലും കഴിച്ചതോടെ കുതിര ഒന്ന് ഉഷാറായി. ഇതോടെ അവനെ വണ്ടിയില്‍ നിന്നും പുറത്തിറക്കി.
നേരത്തെ പുറത്തിറക്കി മാറ്റി കെട്ടിയിരുന്ന മറ്റ് കുതിരകള്‍ എ സെഡ് അടുത്തെത്തിയപ്പോള്‍ അവ തമ്മില്‍ മുഖമുരസി സന്തോഷം പങ്കുവച്ചു.
കുതിരയ്ക്ക് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സമീപത്തെ കേരളാ പൊലീസിന്‍റെ കുതിരാലയത്തിലെത്തിച്ച് കൂടുതല്‍ പരിശോധനയ്ക്ക് ശേഷം യാത്ര തുടരാനായിരുന്നു വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.
ഇതോടെ അഞ്ച് കുതിരകളെയും കേരളാ പൊലീസിന്‍റെ കുതിരാലയത്തിലേക്ക് നടത്തി കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം അഞ്ച് കുതിരകളെയും കൊണ്ടുവന്ന വാഹനത്തില്‍ തന്നെ കയറ്റി തൃശ്സൂരിലേക്ക് പോയി.
ഐഷറിന്‍റെ വാഹനത്തിലായിരുന്നു കുതിരകളെ കൊണ്ടുപോയിരുന്നത്. ഇരുമ്പ് കൊണ്ടാണ് വാഹനത്തിന്‍റെ പ്രതലം നിര്‍മ്മിച്ചിരിക്കുന്നത്. കുതിരയുടെ ലാടവും ഇരുമ്പുകൊണ്ടാണ്. വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ബ്രേക്ക് ഇടുകയോ ചെയ്യുമ്പോള്‍ ഗ്രിപ്പ് കിട്ടാതെ കുതിര തെന്നി വീണതാവാന്‍ സാധ്യയുണ്ട്. എ സെഡ് ഇത്തരത്തില്‍ തെന്നിവീണതാകാമെന്ന് കരുതുന്നു.