നാടിളക്കിയ കടുവയ്ക്ക് ഒടുവില്‍ അന്ത്യവിശ്രമം; മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം
ആഴ്ചകളോളം നാടിടളക്കിയ കടുവയ്ക്ക് ഒടുവില്‍ അന്ത്യവിശ്രമം. മൂന്നാര്‍ നെയ്മക്കാട് ഭാഗത്തെ ജനവാസ മേഖലയില്‍ നിന്നും പിടികൂടിയ ഒറ്റക്കണ്ണന്‍ കടുവയെ കഴിഞ്ഞ ദിവസം പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടിരുന്നു. എന്നാല്‍, ഇന്നലെയോടെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വനത്തിനുള്ളിൽ സീനിയറോട ഭാഗത്തെ ജലാശയത്തിലാണ് രാവിലെ പതിനൊന്നരയോടെ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ മരണകാരണമറിയാന്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍.
കടുവ മുങ്ങി മരിച്ചതാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുള്ളൻ പന്നിയെ വേട്ടയാടി കഴിച്ചതിന്‍റെ അവശിഷ്ടങ്ങൾ കടുവയുടെ വയറ്റിൽ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പെരിയാർ കടുവ സങ്കേതത്തിൽ സീനിയറോട എന്ന സ്ഥലത്തെ തടാകത്തിൽ ഇന്നലെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. രാത്രിയോടെ തേക്കടിയിലെത്തിച്ച ജഡം പെരിയാർ കടുവ സങ്കേതം വെറ്റിനറി സർജൻ ഡോ. അനുരാജിൻറെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
ജഡം കണ്ടെത്തിയ ഭാഗത്ത് രണ്ട് ദിവസമായി ശക്തമായ മഴയുണ്ടായിരുന്നു. തടാകത്തിൽ നീന്തി കരയിലേക്ക് ചാടുന്നതിനിടെ വീണ്ടും വെള്ളത്തിലേക്ക് തന്നെ വീണതാകാമെന്നാണ് വനംവകുപ്പ് കരുതുന്നത്.
വേട്ടയാടുന്നതിനിടെ മുള്ളൻപന്നിയുടെ മുള്ള് കൊണ്ട് കടുവയുടെ കൈക്ക് മുറിവേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടിത്തിനിടെ ശേഖരിച്ച ആന്തരിക അവയവങ്ങളുടെ സാമ്പിൾ മൂന്ന് ലാബുകളിലേക്ക് പരിശോധനക്ക് അയക്കും.
കണ്ണിന് ബാധിച്ചിരുന്ന തിമിരം കുറഞ്ഞ് വന്നിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ മാനദണ്ഡപ്രകാരം രൂപീകരിച്ച പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലായിരുന്നു പോസ്റ്റുമോർട്ടം നടന്നത്.
കടുവയുടെ മൃതദേഹം തേക്കടിയിലെ രാജീവ് ഗാന്ധി സെന്‍ററിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്നാർ നെയ്മക്കാടിലെ ജനവാസ കേന്ദ്രത്തിൽ നിന്നും പിടികൂടിയ കടുവയെ ഏഴാം തീയതിയാണ് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടത്.
കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷം കടുവയുടെ ജഡം ദഹിപ്പിച്ചു.