706 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യം; ഉദ്ഘാടനത്തിന് ഒരുങ്ങി തവനൂര്‍ സെന്‍ട്രല്‍ ജയില്‍
മലപ്പുറം (Malappuram) ജില്ലയില്‍ തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച തവനൂര്‍ സെന്‍ട്രല്‍ ജയില്‍ (Thavanoor Central Jail) ഉദ്ഘാടനത്തിന് ഒരുങ്ങി. 35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍റട്രല്‍ ജയിലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെന്‍ട്രല്‍ ജയിലാണിത്. ആദ്യം ജില്ലാ ജയിലായി നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു. ജയിലിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. 706 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തിന്‍റെ പെയിന്‍റിങ് ജോലികളും കവാടത്തിന്‍റെ നിര്‍മാണവും പുരോഗമിക്കുകയാണ്. മറ്റന്നാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തവനൂര്‍ സെന്‍ട്രല്‍ ജയില്‍ നാടിന് സമര്‍പ്പിക്കും. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍.
രാജ്യം സ്വതന്ത്രമായ ശേഷം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ആദ്യ ജയിലാണ് തവനൂര്‍ സെന്‍റട്രല്‍ ജയില്‍. നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്ന ജയിലുകളെല്ലാം തന്നെ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ്.
ജയില്‍ സമുച്ചയത്തിലേക്ക് ആവശ്യമായ ശുദ്ധജലമെത്തിക്കാന്‍ ഭാരതപ്പുഴയോരത്ത് ജലവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേകം കിണര്‍ നിര്‍മാണവും ആരംഭിച്ചു. ഇത് പൂര്‍ത്തിയായാല്‍ പൈപ് ലൈന്‍ സ്ഥാപിച്ച് ജയിലിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമം ആരംഭിക്കും.
ഇതോടൊപ്പം ജലശുദ്ധീകരണ പ്ലാന്‍റും സ്ഥാപിക്കും. അതുവരെ ജയിലിലെ കുടിവെള്ള പ്രശ്നത്തിന് ജല അഥോറിറ്റിയുടെ നിലവിലുള്ള കണക്ഷനെയാണ് ആശ്രയിക്കുക. സി.സി.ടി.വി, വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിനൊപ്പം ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള എന്നിവയും ജയിലില്‍ സജ്ജീകരിക്കും.
ജയിലിലെ അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു തുടങ്ങി. ജയിലിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കഴിഞ്ഞ മാസം ലഭിച്ചിരുന്നു. സെന്‍ട്രല്‍ ജയിലിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനത്തിനുള്ള അംഗീകാരവും സര്‍ക്കാരില്‍ നിന്ന് നേരത്തേ ലഭിച്ചിട്ടുണ്ട്.
അതോടൊപ്പം ജയില്‍ അന്തേവാസികളുടെ തൊഴില്‍ അഭ്യസനത്തിനും വിദ്യാഭ്യാസത്തിനുമുള്ള സൗകര്യവും ഇവിടെ ഒരുക്കുമെന്നും ജയില്‍ വകുപ്പ് അറിയിച്ചു. ഇതുവഴി ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാലും സ്വന്തമായൊരു തൊഴില്‍ കണ്ടെത്തി ജീവിക്കാനും അതുവഴി സമൂഹത്തിലേക്ക് തിരിച്ചെത്താനും ഇവര്‍ക്ക് സഹായകരമാക്കും.
ആറ് മാസം മുതല്‍ വധ ശിക്ഷവരെയുള്ള തടവിന് വിധിക്കപ്പെട്ട കുറ്റവാളികളെയാണ് സെന്‍ട്രല്‍ ജയിലില്‍ തടവിലിടുക. ഒറ്റ മുറിയില്‍ 17 പേര്‍ക്ക് വരെ ഒരുമിച്ച് താമസിക്കാന്‍ പറ്റുന്ന 30 ബ്ലോക്കുകളാണ് തവനൂര്‍ സെന്‍റട്രല്‍ ജയിലുള്ളത്. ഓരോ ബ്ലോക്കിലും ഒരു ശുചിമുറിയും ഒരു വാഷ്ബേസിനും ഉണ്ട്.
510 തടവുകാരെവരെ ഇത്തരം ബ്ലോക്കുകളില്‍ പാര്‍പ്പിക്കാന്‍ കഴിയും. മറ്റ് ജയില്‍ മുറികള്‍ താരതമ്യേന ചെറുതാണ്. ഇത്തരം തടവ് മുറികളിലെ കുറ്റവാളികളുടെ എണ്ണം കുറവായിരിക്കും. വധ ശിക്ഷ വിധിക്കപ്പെടുന്ന കുറ്റവാളികള്‍കളെ താമസിപ്പിക്കാന്‍ പ്രത്യേകം സെല്ലുകളുണ്ട്.
നേരത്തെ ഒരു സെല്ലില്‍ ഒരു കുറ്റവാളിയെന്നായിരുന്നു കണക്കെങ്കില്‍ ഇപ്പോള്‍ ഒരു സെല്ലില്‍ മൂന്ന് കുറ്റവാളികളെ വരെ പാര്‍പ്പിക്കാറുണ്ട്. ഓരോ നിലകളിലും ഏഴ് ശുചിമുറികളും ഏഴ് കുളിമുറികളും തവനൂരില്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ തടവ് അനുഭവിക്കുന്ന 200 തടവുകാരെ തവനൂരിലേക്ക് മാറ്റുമെന്ന് ജയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് കെ വി ബൈജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നും ശിക്ഷിക്കപ്പെടുന്ന പ്രതികളെ ഉദ്ദേശിച്ചാണ് തവനൂരിലെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മാണം. മറ്റ് ജയിലുകളിലേത് പോലെ തവനൂരും ജയില്‍ അന്തേവാസികളാകും ഭക്ഷണം തയ്യാറാക്കുക.
സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലിലും മറ്റ് സബ് ജയിലുകളിലും തടവുകാരുടെ ബഹുല്യമാണെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. തവനൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ ഉദ്ഘാടനം കഴിയുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.
റിമാൻഡ് / വിചാരണത്തടവുകാരെ കൂടാതെ 6 മാസം വരെ തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തികളെ തടവിലാക്കാനാണ് ജില്ലാ ജയിലുകൾ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം (പൂജപ്പുര), കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി (മുട്ടം), എറണാകുളം, തൃശൂർ (വിയ്യൂർ), പാലക്കാട് (മലമ്പുഴ), കോഴിക്കോട്, കണ്ണൂർ, വയനാട് (മാനന്തവാടി) എന്നിവിടങ്ങളിൽ 13 ജില്ലാ ജയിലുകളാണ് നിലവില്‍ ജയില്‍ വകുപ്പിന് കീഴിലുള്ളത്.
6 മാസത്തിൽ കൂടുതൽ തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തികൾ, തടങ്കലിൽ കഴിയുന്നവർ, കോർട്ട് മാർഷൽ ശിക്ഷിച്ച തടവുകാർ, സിവിൽ തടവുകാർ എന്നിവരെ പാര്‍പ്പിക്കാനാണ് സെൻട്രൽ ജയിലുകളും കോഴ്‌സഷണൽ ഹോമുകളും ഉദ്ദേശിക്കുന്നത്.
അടുത്തുള്ള ജില്ലാ ജയിലുകൾ/സ്പെഷ്യൽ സബ് ജയിലുകൾ/സബ് ജയിലുകൾ എന്നിവിടങ്ങളിൽ തിരക്ക് അനുഭവപ്പെടുമ്പോൾ റിമാൻഡ് / വിചാരണ തടവുകാരെയും അവിടെയ്ക്ക് മാറ്റി പാർപ്പിക്കുന്നു. തിരുവനന്തപുരം (പൂജപ്പുര), തൃശൂർ (വിയ്യൂർ), കണ്ണൂർ (പള്ളിക്കുന്ന്), മലപ്പുറം (തവനൂർ) എന്നിവിടങ്ങളിലായി 4 സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമുകളാണ് കേരളത്തിലുള്ളത്.
നിലവില്‍ കേരളത്തിലെ ജയിലുകളില്‍ 8239 പുരുഷന്മാരും 174 സ്ത്രീകളും ഒരു ട്രാന്‍സ്ജന്‍ററുമടക്കം മൊത്തം 8414 കുറ്റവാളികളുണ്ടെന്ന് ജയില്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ പറയുന്നു. മിനിമം സുരക്ഷയുള്ള മതിലുകളില്ലാത്ത ജയിലുകളാണ് ഓപ്പൺ പ്രിസൺ & കറക്ഷണൽ ഹോമുകൾ.
സ്വയം അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും ഉള്ളവരായി കാണപ്പെടുന്ന നല്ല പെരുമാറ്റമുള്ള ശിക്ഷിക്കപ്പെട്ട തടവുകാരെയാണ് ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനത്തിനായി തെരഞ്ഞെടുക്കുന്നത്. പുരുഷ തടവുകാർക്കായി തിരുവനന്തപുരം നെട്ടുകാൽത്തേരിയിലും കാസർകോട് ചീമേനിയിലുമായി രണ്ട് ഓപ്പൺ പ്രിസൺ ആന്‍റ് കറക്ഷണൽ ഹോമുകളും വനിതാ തടവുകാർക്കായി തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിലാണ് ഏക ഓപ്പൺ പ്രിസൺ ആന്‍റ് കറക്ഷണൽ ഹോമുള്ളത്.