അനന്തപുരി അമ്പാടിയാക്കി കൃഷ്ണനും രാധമാരും; ചിത്രങ്ങള്‍ കാണാം
ഗോപികമാര്‍ക്കൊപ്പം നൃത്തമാടിയും വെണ്ണ കട്ട് തിന്നും ഉണ്ണിക്കണ്ണന്മാര്‍ ഇന്നലെ അനന്തപുരിയെ അമ്പാടിയാക്കി. ഇന്നലെ വൈകീട്ടോടെ തിരുവന്തപുരം നഗര പ്രാന്തങ്ങളില്‍ നിന്ന് ചെറു ശോഭായാത്രകള്‍ പാളയത്തെത്തി ചേര്‍ന്നു. തിരുവന്തപുരം നഗരത്തിലെ ശോഭായാത്രകള്‍ക്ക് പിന്നണി ഗായകന്‍ ജി വേണുഗോപാല്‍, കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് കുട്ടികള്‍ കൃഷ്ണനും രാധയുമായി വേഷമണിഞ്ഞ് ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പുത്തരിക്കണ്ടം മൈതാനത്തെത്തിയാണ് സമാപിച്ചത്. ശോഭായാത്രയെ തുടര്‍ന്ന് നഗരത്തില്‍ ഏറെ നേരം ഗതാഗത നിയന്ത്രം ഏര്‍പ്പെടുത്തിയിരുന്നു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിനോദ് കുളപ്പട, അരുണ്‍ കടയ്ക്കല്‍.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇല്ലാതിരുന്ന ആഘോഷ പരിപാടികളെല്ലാം തിരിച്ച് വരികയാണ്. ശോഭായാത്രയും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ശോഭായാത്രയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഹിന്ദു വിശ്വാസ പ്രകാരം ദ്വാപരയുഗത്തിലെ വിഷ്ണുവിന്‍റെ രണ്ട് അവതാരങ്ങളില്‍ ഒന്നായ കൃഷ്ണന്‍റെ ജന്മദിനമായിരുന്നു ഇന്നലെ.
ഇതിന്‍റെ ഓര്‍മ്മ പുതുക്കലിനാണ് ഹിന്ദുമത വിശ്വാസികള്‍ കൃഷ്ണന്‍റെ കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളോടും കൃഷ്ണ, രാധ വേഷങ്ങളണിഞ്ഞും തെരുവികളില്‍ നിന്ന് നഗരങ്ങളിലേക്ക് ഒഴുകിയെത്തിയത്.
ഘോഷയാത്രയില്‍ താളമേളങ്ങളുടെ അകമ്പടിയോടെ ഭക്തജനങ്ങള്‍ കൃഷ്ണഗാഥ ആലപിച്ചു. കര്‍ക്കിടകത്തില്‍ രാമായണ പാരായണം ചെയ്യുന്ന പോലെ ഹിന്ദുമത വിശ്വാസികള്‍ ചിങ്ങമാസത്തില്‍ കൃഷ്ണഗാഥ ആലപിക്കുന്ന പതിവുണ്ട്.
പാളയം അടക്കം നഗരത്തിലെ 10 കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട ശോഭായാത്രകള്‍ വൈകീട്ട് ആറ് മണിയോടെ എം ജി റോഡ് വഴി അനന്തപത്മനാഭനെ വണങ്ങി പുത്തരിക്കണ്ടം മൈതാനത്ത് അവസാനിച്ചു.
ശോഭായാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം ആറ്റുകാല്‍ ദേവീക്ഷേത്ര ട്രസ്റ്റ് അവല്‍പൊതി സമ്മാനമായി നല്‍കി. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ പ്രത്യേക ചടങ്ങുകളും വഴിപാടുകളും നടന്നു.
കേരളത്തിലെമ്പാടും കുട്ടികൾക്കായി വിവിധ സംഘടനകൾ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള ആദ്യ കൃഷ്ണ ജയന്തി ആയതിനാൽ സംസ്ഥാനത്തെങ്ങും ആഘോഷങ്ങൾ വിപുലമാക്കിയിരുന്നു.
ചരിത്രത്തിൽ ആദ്യമായി ബാലകൃഷ്ണൻ എന്ന മോഴ ആന ഗുരുവായൂരപ്പന്‍റെ സ്വർണ്ണക്കോലം ഇന്നലെ ശിലസിലേറ്റി. ഇന്നലെയായിരുന്നു ലോകപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും.