കഴിഞ്ഞ പ്രളയകാലത്തും ഇപ്പോഴത്തെ മഹാമാരിക്കിടെയിലും സമൂഹമാധ്യമങ്ങില്‍ കേരളം ഏറെ കേട്ടിരുന്ന ഒരു ഹാഷ്ടാഗായിരുന്നു ' #ഒപ്പമുണ്ട് '. മറ്റാരുമല്ല, ദുരിതകാലത്ത് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ ആ ഹാഷ്ടാഗ് സൂചിപ്പിച്ചിരുന്നത്. തൊട്ട് പുറകെ #കരുതലോടെ , #കൂടെയുണ്ട് എന്നിങ്ങനെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന നിരവധി ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. കുറേയേറെ സാധാരണക്കാര്‍ ആ കരുതല്‍ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാല്‍, ഹാഷ്ടാഗുകള്‍ക്കുമപ്പുറത്ത് ജീവിതത്തിന്റെ കുത്തൊഴൊക്കില്‍, ഒറ്റപ്പെട്ട തുരുത്തിലായ ചിലരെങ്കിലും പ്രതീക്ഷയോടെ നല്ലൊരു നാളെക്കായി ഇപ്പോഴും കാത്തിരിക്കുന്നുണ്ടെന്നാണ് തലസ്ഥാന നഗരിയില്‍ നിന്നുള്ള ചില ജീവിതങ്ങള്‍ നമ്മളോട് പറയുന്നത്. ഒന്നും രണ്ടുമല്ല പതിനാറ് കുടുംബങ്ങളാണ് ഇങ്ങനെ പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ട് വൃദ്ധരോടും കൊച്ചുകുട്ടികളോടുമൊപ്പം ഒരോ ദിവസവും തള്ളിനീക്കുന്നത്. വിനോദസഞ്ചാരത്തിന് ലോകം മുഴുവന്‍ പേര് കേട്ട കോവളത്തിന് സമീപത്തുള്ള തോപ്പിൻ പുരയിടത്തിലെ സര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്നാണ് ഈ ജീവിതങ്ങള്‍ കരുതല്‍ തേടുന്നത്.