- Home
- Entertainment
- Spice (Entertainment)
- 14കാരന്റെ സ്വപ്നത്തിനും വിമർശനം, ഞാൻ ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ആകണമെന്നായിരുന്നു അച്ഛന്: മാധവ് സുരേഷ്
14കാരന്റെ സ്വപ്നത്തിനും വിമർശനം, ഞാൻ ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ആകണമെന്നായിരുന്നു അച്ഛന്: മാധവ് സുരേഷ്
വെള്ളിത്തിരയിൽ എത്തിയ വേളയിൽ തന്നെ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് മാധവ് സുരേഷ്. ആറ്റിറ്റ്യൂഡും സംസാരവും പറയുന്ന കാര്യങ്ങളിലെ വ്യക്തതയുമാണ് അതിന് കാരണം. ഇപ്പോഴിതാ തനിക്ക് സിനിമയെക്കാൾ ഇഷ്ടം ഫുട്ബോളിനോട് ആണെന്ന് പറയുകയാണ് മാധവ്.

അച്ഛന് താൻ ഒരു ഐപിഎസ് അല്ലെങ്കിൽ ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും മാധവ് സുരേഷ് പറയുന്നു. എന്നാൽ തനിക്ക് ഫുട്ബോൾ കളിക്കാനാരാകാനായിരുന്നു താല്പര്യമെന്നും അതിന് വേണ്ടി അച്ഛനും അമ്മയും പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും മാധവ് പറയുന്നു. കാൻ ചാനൽ മീഡിയയോട് ആയിരുന്നു മാധവിന്റെ പ്രതികരണം.
"അച്ഛന് ഞാൻ ഒരു ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ഉദ്യോഗസ്ഥൻ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പൂപ്പന് അച്ഛനെ പൊലീസ് ഓഫീസറാക്കണം എന്നായിരുന്നു ആഗ്രഹം. എനിക്ക് ഫുട്ബോൾ കളിക്കാരൻ ആകാനായിരുന്നു താല്പര്യം. അതിന് അച്ഛനും അമ്മയും മാക്സിമം സപ്പോർട്ടും ചെയ്തു. എന്റെ സ്വന്തം കുറേ കുറവുകൾ കാരണവും കാലിലെ ഒരു മുറിവ് കാരണവും എനിക്കത് നഷ്ടമായി. പക്ഷേ അവരെ കൊണ്ട് പറ്റുന്നതെല്ലാം എനിക്ക് വേണ്ടി ചെയ്തു. ഞാൻ വിദേശത്ത് പോയത് അടക്കം. 16-ാമത്തെ വയസിൽ ഞാൻ യുകെയിൽ പോയതാണ്. അവരുടെ ആഗ്രഹങ്ങൾ എന്നിൽ അടിച്ചേൽപ്പിച്ചിട്ടില്ല. ഇന്നും ഫുട്ബോൾ ആണോ സിനിമയാണോ എന്ന് ചോദിച്ചാൽ ഉറപ്പായും ഫുട്ബോളേ ചൂസ് ചെയ്യത്തുള്ളൂ", എന്നായിരുന്നു മാധവ് പറഞ്ഞത്.
"2014ൽ ഞാൻ പറഞ്ഞൊരു കാര്യമുണ്ട്. 2026ൽ ഇന്ത്യ ടീം വേൾഡ് കപ്പ് ജയിച്ച് കൊണ്ട് വരണമെന്നൊരു സ്ഥിതിയിൽ എത്തണമെന്ന് പറഞ്ഞിരുന്നു. അന്ന് 14 വയസ് കാരന്റെ ആഗ്രഹവും സ്വപ്നവുമായിരുന്നു. അതിനെവരെ വിമർശിക്കുന്ന ആൾക്കാരുണ്ട് ഇവിടെ", എന്നും മാധവ് കൂട്ടിച്ചേർത്തു.
നെപ്പോട്ടിസത്തെ കുറിച്ചും മാധവ് സംസാരിച്ചു."നെപ്പോ കിഡ്സ് ഒരു മിസ്റ്റേക്ക് ചെയ്യാൻ പബ്ലിക് കാത്തിരിക്കും. അവരെ അടിച്ചമർത്താൻ വേണ്ടി വെയ്റ്റ് ചെയ്യും. നോൺ നെപ്പോ പ്രൊഡക്ടിന് അവസരം കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ കിട്ടിക്കഴിഞ്ഞാൽ നാട്ടുകാരുടെ പ്രോത്സാഹനം ഉണ്ടാകും", എന്നായിരുന്നു മാധവിന്റെ വാക്കുകൾ.
"ഞാനിപ്പോൾ സിനിമ എന്താണെന്ന് പഠിച്ച് വരികയാണ്. ഒരു മൂന്ന് വർഷം കഴിഞ്ഞ്, നല്ല ആക്ടറാണ് ഞാനെന്ന് തോന്നുന്നുണ്ടെങ്കിൽ ഞാൻ നിൽക്കും. ആക്ടറാകാൻ കഴിവില്ലെങ്കിൽ ആളുകളൊന്നും പറയണ്ട, ഞാൻ പോയിത്തരും. അത് വേരൊരാൾക്ക് അവസരമായിരിക്കും", എന്നും മാധവ് പറയുന്നു.
ഈ ലോകത്ത് തനിക്ക് ഏറ്റവും അധികം ഇഷ്ടം ചേട്ടൻ ഗോകുലിനോട് ആണെന്നും മാധവ് പറയുന്നുണ്ട്. "അച്ഛന്റെ പേര് കൊണ്ടു തന്നെയാണ് ചേട്ടനും ആദ്യ സിനിമ കിട്ടുന്നത്. അതിന് ശേഷം അച്ഛന്റെ ഒരു ഇൻവോൾവ്മെന്റും ഉണ്ടായിട്ടില്ല. പാപ്പനിൽ സുരേഷ് ഗോപിയുടെ മകനായിട്ടല്ല ഗോകുലിനെ വിളിച്ചത്", എന്നും മാധവ് പറഞ്ഞു.

