- Home
- Entertainment
- Spice (Entertainment)
- എന്റെ അച്ഛനാണെങ്കിലെന്ന് ചിന്തിച്ചു, വേദന തോന്നി; വൈറൽ വീഡിയോയെ കുറിച്ച് അനുശ്രീ
എന്റെ അച്ഛനാണെങ്കിലെന്ന് ചിന്തിച്ചു, വേദന തോന്നി; വൈറൽ വീഡിയോയെ കുറിച്ച് അനുശ്രീ
ഏതാനും ദിവസങ്ങൾക്ക് മുൻപ് സമ്മാനം അടിച്ചെന്ന് കരുതി സ്റ്റേജിലേക്ക് വന്ന് മടങ്ങിയ മധ്യവയസ്കനെ നടി അനുശ്രീ സഹായിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്.

പ്രതികരിച്ച് അനുശ്രീ
മനുഷ്യത്വത്തിന് ഉദാഹരണമാണ് അനുശ്രീ എന്നായിരുന്നു ആളുകൾ കമന്റായി കുറിച്ചത്. ഇപ്പോഴിതാ ഇതേകുറിച്ച് സംസാരിക്കുകയാണ് അനുശ്രീ.
'അങ്കിൾ വിചാരിച്ചത് പുള്ളിക്കാരന്റെ നമ്പറെന്ന്'
"എല്ലാവരും വീഡിയോയിൽ കണ്ട കാര്യം തന്നെയാണ് അന്ന് നടന്നത്. ഒരു ഉദ്ഘാടനത്തിന് പോയതാണ്. ലക്കി ഡ്രോ ഉണ്ടായിരുന്നു. ആ അങ്കിളിന്റെ ഡിജിറ്റിനോട് സാമ്യമായ നമ്പർ ആണ് നറുക്കെടുത്തത്. അങ്കിൾ വിചാരിച്ചത് പുള്ളിക്കാരന്റെ നമ്പറാണെന്ന്. അതാണ് സ്റ്റേജിലേക്ക് വന്നത്", എന്ന് അനുശ്രീ പറയുന്നു. ഒരു ഓൺലൈൻ മീഡിയയോട് ആയിരുന്നു നടിയുടെ പ്രതികരണം.
യാദൃശ്ചികമായി സംഭവിച്ചത്.
"അതേകുറിച്ച് കുറേയൊന്നും പറയാനില്ല. ആരെങ്കിലും കാണാൻ വേണ്ടി ചെയ്ത കാര്യമല്ല അത്. സ്റ്റേജിൽ വച്ച് വേണ്ട അകത്തുവച്ച് കൊടുക്കാം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ അവിടെ ഓൺലൈൻ ചേട്ടന്മാരാണ് വീഡിയോ എടുത്തത്. യാദൃശ്ചികമായി സംഭവിച്ചതാണ്. പുള്ളിക്കാരനെ കണ്ടപ്പോൾ തന്നെ എനിക്ക് സങ്കടം തോന്നി".
'നേരിട്ട് കണ്ട എനിക്ക് എന്തുമാത്രം സങ്കടം വന്നുകാണും'.
"ഈ രണ്ട് ദിവസങ്ങളിൽ എനിക്ക് ഒരുപാട് കോളും മെസേജുകളും വന്നിരുന്നു. ആ അങ്കിളിനെ കാണുമ്പോൾ തങ്ങൾക്ക് തന്നെ സങ്കടം വരുന്നെന്ന് അവർ പറയുന്നുണ്ട്. വീഡിയോയിലൂടെ നിങ്ങൾക്ക് അത്രയും സങ്കടം വരുണ്ടെങ്കിൽ നേരിട്ട് കണ്ട എനിക്ക് എന്തുമാത്രം സങ്കടം വന്നു കാണുമെന്ന് ഓർക്കണം".
'ഒരച്ഛന്റെ സങ്കടം'
"സമ്മാനം ഇല്ലെന്ന് അറിഞ്ഞ് മടങ്ങിപ്പോയപ്പോൾ എന്റെ അച്ഛനെ പോലെ തന്നെയാണ് എനിക്ക് തോന്നിയത്. അച്ഛൻ, ഒരച്ഛന്റെ സങ്കടം. നെഞ്ചിടിക്കുന്നൊരു വേദനയായിരുന്നു. അപ്പോഴെനിക്ക് തോന്നിയ കാര്യം ഞാൻ ചെയ്തുവെന്നെ ഉള്ളൂ. ഞാൻ മാത്രമല്ല, ആ ഷോപ്പ് ഉടമയും അങ്കിളിനെ സഹായിച്ചു".
ഒത്തിരി സന്തോഷം
"രണ്ട് ദിവസത്തിൽ ഞാൻ ചെയ്തത് നന്മയാണെന്ന് ആളുകൾ പറയുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. പോസിറ്റീവ് ആയിട്ടൊരു കാര്യം ചെയ്തപ്പോൾ നമ്മുടെ ആൾക്കാരത് സ്വീകരിച്ചു. നല്ല കുട്ടി, നല്ല മോളാണെന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം".
'എന്റെ അച്ഛനെ ഞാൻ അവിടെ കണ്ടു'
"എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമായി ഞാനതിനെ കാണുന്നു. എന്റെ അച്ഛനെ ഞാൻ അവിടെ കണ്ടു. എന്റെ അച്ഛനായിരുന്നെങ്കിലത് എന്ന് ഞാൻ ചിന്തിച്ചു. ജനങ്ങൾ തന്ന സ്നേഹം വളരെ വലുതാണ്", എന്നായിരുന്നു അനുശ്രീയുടെ പ്രതികരണം.