സുരേഷ് ഗോപിയുടെയും ജി വേണുഗോപാലിന്‍റെയും സാന്നിധ്യത്തില്‍ മഞ്ജരിക്ക് മിന്ന് കെട്ട് , വിവാഹ ചിത്രങ്ങള്‍ കാണാം
മലയാള പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപിയും ഭാര്യയും, ഗായകൻ ജി വേണുഗോപാലും ഭാര്യയും ചടങ്ങിന് പങ്കെടുത്തു. ഒപ്പം നടി പ്രിയങ്ക, സിദ്ധാര്‍ത്ഥ് ശിവ എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങിന് ക്ഷണമുണ്ടായത്. ചടങ്ങിന് ശേഷം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരമെന്ന് നേരത്തെ അറിയിച്ചിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം മസ്ക്കറ്റില്‍ ആയിരുന്നു മഞ്ജരിയുടെ കുട്ടിക്കാലം. പ്രാഥമിക വിദ്യാഭ്യാസം അവിടെ തന്നെ. മസ്ക്കറ്റില്‍ വച്ച് ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.
ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവച്ചത്.
പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാ പ്രവാഹമായിരുന്നു. വിവാഹ വാര്‍ത്തയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്‍റെ ഒരു റീല്‍ വീഡിയോയും മഞ്ജരി പങ്കുവച്ചിരുന്നു.
2004 ല്‍ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തില്‍ 'താനെ തമ്പുരു..' എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമാ ഗാനശാഖയുടെ ഭാഗമാകുന്നത്. സത്യൻ അന്തിക്കാട് ചിത്രമായ 'അച്ചുവിന്‍റെ അമ്മ'യിലൂടെ ഇളയരാജയ്ക്കൊപ്പം ചെയ്ത ആദ്യ പാട്ട് 'താമരക്കുരുവിക്കു തട്ടമിട്...' മലയാളത്തിലെ ജനപ്രിയ ഗാനങ്ങളില്‍ ഒന്നാണ്.
അരങ്ങേറ്റം മുതൽ, രമേഷ് നാരായണൻ, ഇളയരാജ, എം.ജി. രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥൻ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര, പരേതരായ രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ എന്നിവർക്കൊപ്പം നിരവധി അനശ്വര ഗാനങ്ങള്‍ മഞ്ജരി പാടിയിട്ടുണ്ട്. ഇതിനകം അഞ്ചൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളും നിരവധി ആൽബങ്ങളിലും മഞ്‍ജരി പാടിയിട്ടുണ്ട്.
ഇടക്കാലത്ത് മലയാള സിനിമാ ഗാനത്തിന് ഇടവേള നല്‍കിയ മഞ്ജരി മറ്റ് ഗായകരില്‍ നിന്നും വ്യത്യസ്തയായി ഇതിനകം സംഗീതത്തിന്‍റെ മറ്റ് ഉപവിഭാഗങ്ങളിലും തന്‍റെ പ്രാഗദ്ഭ്യം തെളിയിച്ചിട്ടുണ്ട്. 2004 മുതൽ, "സൂര്യ"യുടെ ബാനറിൽ മഞ്ജരി ഇന്ത്യയിലും ലോകമെമ്പാടും ഹിന്ദുസ്ഥാനി ക്ലാസിക്കൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കള്‍ പാടുമ്പോള്‍ തന്നെ മികച്ച ഗസൽ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി.
'മീഡിയ വൺ ടിവി'യിൽ 'ഖയാൽ' എന്ന പേരിൽ ഒരു പ്രത്യേക ഗസൽ ഷോയും മഞ്ജരി അവതരിപ്പിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഞ്ജരിക്ക് രണ്ടുതവണ ലഭിച്ചു. രണ്ട് തവണ ഏഷ്യാനെറ്റ് ഫിലിം അവര്‍ഡും മഞ്ജരിക്ക് ലഭിച്ചു. 2004-ൽ മകൾക്ക് എന്ന ചിത്രത്തിലെ 'മുകിലിൻ മക്കളേ..' എന്ന ഗാനത്തിലൂടെയാണ് ആദ്യമായി മഞ്ജരിയെ തേടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്.
പിന്നാലെ 2008-ൽ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ 'മുള്ളുള്ള മുറിക്കിന്മേൽ...' എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മലയാള പിന്നണി ഗാന ശാഖയില്‍ നിന്ന് ആദ്യമായി ഗസൽ കച്ചേരികൾക്കായി സ്വന്തം ബാൻഡ് രൂപീകരിച്ച് ഇന്ത്യയിലും വിദേശത്തുമായി വിവിധ വേദികളിൽ അവർ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കിരാന ഘരാനയിലെ പണ്ഡിറ്റ് രമേഷ് ജൂലെയാണ് ഹിന്ദുസ്ഥാനി സംഗീതത്തില്‍ മഞ്ജരിയുടെ ഗുരു. ഇവര്‍ ഇപ്പോഴും ഹിന്ദുസ്ഥാനി പഠനം തുടരുന്നു.
ഉർദുവിലേക്കും ഗസലുകളിലേക്കും മഞ്ജരി നല്‍കിയ സംഭാവനകളെ അടിസ്ഥാനമാക്കി 2016 ല്‍ സാഹിർ, അദീബ് ഇന്‍റർനാഷണൽ അവാർഡ് മഞ്ജരിക്ക് ലഭിച്ചു. ഗുൽസാർ, ജാവേദ് അക്തർ, കൈഫി ആസ്മി, ബി ആർ ചോപ്ര, ഷബാന ആസ്മി, ഷർമിള ടാഗോർ, ബീഗം ബുഷ്‌റ റഹ്മാൻ തുടങ്ങി 60 ഓളം പ്രമുഖ വ്യക്തികൾക്കാണ് സാഹിർ, അദീബ് പുരസ്‌കാരങ്ങൾ സമ്മാനിച്ചിട്ടുള്ളത്.
ശാസ്ത്രീയ സംഗീതത്തിലുള്ള അവഗാഹവും വ്യത്യസ്തമായ ആലാപന ശൈലിയും മഞ്ജരി ഗാനങ്ങളെ വ്യത്യസ്തമാക്കുന്നു. പൊന്മുടി പുഴയോരം - 'ഒരു ചിരി കണ്ടാൽ', അനന്തഭ്രദ്രം-'പിണക്കമാണോ', രസതന്ത്രം- 'ആറ്റിൻ കരയോരത്തെ', മിന്നാമിന്നിക്കൂട്ടം-'കടലോളം വാത്സല്ല്യം' തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ഭാവം പകര്‍ന്നു.