- Home
- Technology
- സൈബര്‍ തട്ടിപ്പുകളില്‍ നിങ്ങള്‍ക്ക് പണം പോകാതിരിക്കണോ? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക
സൈബര്‍ തട്ടിപ്പുകളില്‍ നിങ്ങള്‍ക്ക് പണം പോകാതിരിക്കണോ? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക
സൈബര്‍ തട്ടിപ്പുകളില്‍ പണം നഷ്‌ടപ്പെടുന്ന സംഭവങ്ങള്‍ വളരെയധികം വര്‍ധിച്ചുവരികയാണ്. ആളുകളുടെ ചെറിയ അശ്രദ്ധകളാണ് ഇത്തരം തട്ടിപ്പുകളില്‍ സാമ്പത്തിക നഷ്‌ടമുണ്ടാക്കുന്നത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

1. ഒടിപി ഷെയര്‍ ചെയ്യരുത്
വണ്‍ ടൈം പാസ്‌വേഡ് അഥവാ ഒടിപി ഇന്ന് ബാങ്ക് ഇടപാടുകള്‍ അടക്കമുള്ളവയ്‌ക്കുള്ള ഒരു ശക്തമായ സുരക്ഷാ പരിശോധനയാണ്. എന്നാല്‍ ഈ ഒടിപി സംവിധാനം സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യാറുണ്ട്. പ്രധാനമായും ആളുകളില്‍ നിന്ന് പണം കൈക്കലാക്കാനാണ് സൈബര്‍ തട്ടിപ്പുകാര്‍ ഒടിപി തട്ടിയെടുക്കുക. പരിചയമില്ലാത്ത ആര് ചോദിച്ചാലും നിങ്ങള്‍ ഒടിപി ഷെയര്‍ ചെയ്യാന്‍ പാടില്ല. മാത്രമല്ല, ഫോണില്‍ നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഒടിപികള്‍ എപ്പോഴെങ്കിലും വരുന്നുണ്ടെങ്കില്‍ അതീവ ജാഗ്രത പുലര്‍ത്തണം. നിങ്ങളല്ല, നിങ്ങളെ കെണിയില്‍പ്പെടുത്താന്‍ ഏതെങ്കിലും തട്ടിപ്പ് വീരന്‍മാര്‍ അയച്ചതായിരിക്കും ഈ ഒടിപി എന്ന് നിസംശയം ഉറപ്പിക്കാം. ഫോണ്‍ കോള്‍ മുഖേനെയോ, മെസേജുകള്‍ വഴിയോ ഇമെയില്‍ വഴിയോ ഒടിപി ആവശ്യപ്പെട്ട് സൈബര്‍ തട്ടിപ്പുകാര്‍ നിങ്ങളെ സമീപിച്ചേക്കാം. അതിനാല്‍ ഇത്തരം കോളുകള്‍ക്കും മെസേജുകള്‍ക്കും ഇമെയിലുകള്‍ക്കും നിങ്ങള്‍ യാതൊരു കാരണവശാലും മറുപടി നല്‍കാന്‍ പാടില്ല. ഒടിപികള്‍ മാത്രമല്ല, ആധാര്‍ വിവരങ്ങളും പാസ്‌വേഡുകളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപരിചിതരുമായി പങ്കിടാന്‍ പാടില്ല. ഉടനടി പണമയക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും യുപിഐ ഐഡിയോ ലിങ്കോ അയച്ചുതന്നാലും അതിനോട് അനുകൂലമായി പ്രതികരിക്കരുത്.
2. സംശയാസ്‌പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
നമ്മുടെയെല്ലാം ഫോണുകളിലേക്ക് എസ്‌എംഎസുകള്‍, വാട്‌സ്ആപ്പ് മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ വഴി ദിവസവും ധാരാളം ലിങ്കുകള്‍ വരാറുണ്ട്. ഇവയില്‍ നിങ്ങള്‍ക്ക് ഗുണകരമായ ലിങ്കുകളും അനാവശ്യവും അപകടം നിറഞ്ഞതുമായ ലിങ്കുകളും ഉണ്ടാകും. എന്നാല്‍ നമ്മള്‍ ഇക്കാര്യം തിരിച്ചറിയാതെ പലപ്പോഴും കാണുന്ന ലിങ്കുകളെല്ലാം ഓപ്പണ്‍ ചെയ്യും, അത്തരമൊരു ശീലമുള്ളവരായിരിക്കും നമ്മളെല്ലാം. പ്രത്യേകിച്ച് എന്തെങ്കിലും ഓഫറോ ക്യാഷ് റിവാര്‍ഡോ ക്യാഷ്‌ബാക്കോ സൗജന്യമോ ലഭിക്കുമെന്ന് തോന്നിയാല്‍ നാം ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതെ പോകില്ല. ഇതൊരു വലിയ അപകട സാധ്യതയാണ് തുറന്നിടുന്നത് എന്ന കാര്യം മറക്കാതിരിക്കുക. നിങ്ങളുടെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ പലപ്പോഴും എത്തുന്ന ലിങ്കുകളില്‍ അപകടം പിടിച്ച മാല്‍വെയറുകള്‍ ഉള്‍പ്പടെയുള്ള ഭീഷണികള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാല്‍വെയര്‍ നിങ്ങളുടെ ഉപകരണത്തിലേക്ക് കടന്നുകയറുകയും നിങ്ങളുടെ വിവരങ്ങളെല്ലാം മോഷ്‌ടിക്കുകയോ അവയില്‍ കൃത്രിമത്വം കാട്ടുകയോ ചെയ്യും. മാത്രമല്ല, പണം വാഗ്‌ദാനം ചെയ്‌തുള്ള പല ലിങ്കുകളിലും ക്ലിക്ക് ചെയ്യുമ്പോള്‍ പൈസ ലഭിക്കുകയല്ല, അക്കൗണ്ടിലുള്ള പണം നഷ്‌ടപ്പെടുകയാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്നാണ് സൈബര്‍ തട്ടിപ്പ് കേസുകള്‍ തെളിയിക്കുന്നത്. എല്ലാ ലിങ്കുകളിലും ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവയെ കുറിച്ച് സംശയം നിങ്ങളിലുണ്ടാവുന്നത് നല്ലതാണ്.
3. ഫോണ്‍ കോളുകള്‍ വെരിഫൈ ചെയ്യുക
സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വല വിരിക്കുന്ന ഒരു പ്രധാന വഴിയാണ് ഫോണ്‍ കോളുകള്‍. അതിനാല്‍തന്നെ നിങ്ങളുടെ മൊബൈല്‍ ഫോണിലേക്കോ ലാന്‍ഡ്‌ഫോണിലേക്കോ എല്ലാ കോളുകളും വരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് പരിചയമില്ലാത്തതും കോണ്‍ടാക്റ്റില്‍ സേവ് ചെയ്‌തിട്ടില്ലാത്തതുമായ നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുമ്പോള്‍ അവയെല്ലാം എടുത്തിരിക്കണം എന്ന നിര്‍ബന്ധമില്ല. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന കോളുകളില്‍ പലതും സ്‌പാം കോളുകളായിരിക്കും. ദശലക്ഷക്കണക്കിന് സ്‌പാം കോളുകളാണ് ഓരോ ദിവസവും ഇന്ത്യയിലുണ്ടാവുന്നത്. സ്‌പാം കോളുകള്‍ തടയാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഫലപ്രദമാണ് എന്ന് പറയാനാവില്ല. ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിന് മുമ്പ് അതിന്‍റെ കോഡ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. +91 ആണ് ഇന്ത്യയുടെ ഔദ്യോഗിക ഫോണ്‍ കോഡ്. എന്നാല്‍ ഇതിന്‍റെ സ്ഥാനത്ത് മറ്റേതെങ്കിലും കോഡ് ആണ് കോളര്‍ ഐഡിയില്‍ തെളിയുന്നതെങ്കില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നിങ്ങളിതുവരെ കണ്ടിട്ടുകൂടിയില്ലാത്ത ഫോണ്‍ കോഡുകളില്‍ നിന്നാവാം തട്ടിപ്പ് കോളുകളുടെ വരവ്. അബദ്ധത്തില്‍ ഇത്തരം കോളുകള്‍ നിങ്ങള്‍ അറ്റന്‍ഡ് ചെയ്‌താല്‍തന്നെ, ആ കോളുകള്‍ക്ക് മറുപടിയായി വ്യക്തി വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒടിപിയോ പാസ്‌വേഡോ പോലുള്ള പറഞ്ഞുകൊടുക്കുകയോ ഏതെങ്കിലും കോഡ് ഫോണില്‍ ഡയല്‍ ചെയ്യുകയോ ചെയ്യരുത്. കോഡ് ഡയല്‍ ചെയ്യാന്‍ സാധാരണയായി ആവശ്യപ്പെടുന്നത് കോള്‍ ഫോര്‍വേഡിംഗ് തട്ടിപ്പിന്‍റെ ഭാഗമായാണ്.
4. ആധാര്‍, ബാങ്ക് വിവരങ്ങള്‍ പൊതു കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കരുത്
നിങ്ങളില്‍ പലരും കമ്പ്യൂട്ടര്‍ സെന്‍ററുകളിലെയും ഓഫീസ് മുറികളിലെയും പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവരായിരിക്കും. അതായത്, ഇത്തരം കമ്പ്യൂട്ടറുകള്‍ നിങ്ങള്‍ മാത്രമല്ല, മറ്റനേകം പേരും ഉപയോഗിക്കുന്നതായിരിക്കും. മാത്രമല്ല, ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് സിസ്റ്റം അഡ്‌മിന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആക്‌സസും ഉണ്ടായിരിക്കും. അതിനാല്‍ ഇത്തരം പൊതു കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ യാതൊരു കാരണവശാലും ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സേവ് ചെയ്‌ത് വെക്കരുത്. കാരണം, ഇത്തരത്തില്‍ സാമ്പത്തിക വിവരങ്ങള്‍ സേവ് ചെയ്‌ത് വെക്കുന്നത് മറ്റുള്ളവര്‍ക്ക് കമ്പ്യൂട്ടറില്‍ നിന്ന് എളുപ്പത്തില്‍ കൈക്കലാക്കാന്‍ ഇടവരുത്തും. ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ പാസ്‌വേഡുകള്‍ ഓട്ടോ-സേവ് ചെയ്‌ത് വെക്കുന്നതും ഒഴിവാക്കേണ്ടതാണ്. എല്ലാത്തരം അക്കൗണ്ടുകളിലും ടു-ഫാക്‌ടര്‍ ഓതന്‍റിക്കേഷന്‍ എനാബിള്‍ ചെയ്യുന്നത് അക്കൗണ്ടുകളുടെ സുരക്ഷ കൂട്ടുകയും വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും പണവും നഷ്‌ടപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യും.
5. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുക
അബദ്ധവശാല്‍ നിങ്ങളൊരു സൈബര്‍ തട്ടിപ്പിന് ഇരയായി എന്നുകരുതുക. അക്കാര്യം നിങ്ങളുടെ ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍, സൈബര്‍ കുറ്റാന്വേഷണ വിഭാഗങ്ങള്‍ എന്നിവയില്‍ നിന്ന് യാതൊരു കാരണവശാലും മറച്ചുവെക്കേണ്ട കാര്യമില്ല. പണം നഷ്‌ടമായാല്‍ നാണക്കേട് വിചാരിച്ച് അക്കാര്യം മറച്ചുവെക്കുന്ന അനേകം പേരുണ്ട്. എന്നാല്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാലോ ഇരയായാല്ലോ എത്രയും വേഗം അക്കാര്യം ബാങ്കുകളെയും അന്വേഷണ ഉദ്യോഗസ്ഥരെയും അറിയിക്കുകയാണ് വേണ്ടത്. പണം നഷ്‌ടമായാല്‍ ഉടനടി അക്കാര്യം ബാങ്കിനെ അറിയിക്കുക. ഇത് കൂടുതല്‍ പണം അക്കൗണ്ടില്‍ നിന്ന് നഷ്‌ടപ്പെടുന്നത് തടയും. നേരിട്ട തട്ടിപ്പിനെ കുറിച്ച് എത്രയും വേഗം സൈബര്‍ സെല്ലിനെയോ പൊലീസിനെയോ വിവരം അറിയിക്കുകയും വേണം. സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അവ www.cert-in.org.in / www.csk.gov.in എന്നീ വെബ‌്‌സൈറ്റുകള്‍ മുഖേനയോ incident@cert-in.org.in എന്ന വിലാസത്തിലോ റിപ്പോര്‍ട്ട് ചെയ്യുക. 1930 എന്ന നാഷണല്‍ സൈബര്‍ക്രൈം ഹെല്‍പ്‌ലൈന്‍ നമ്പറില്‍ എല്ലാ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഉടനടി അറിയിക്കേണ്ടതാണ്. സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നത് പ്രതികള്‍ക്ക് രക്ഷ നല്‍കുകയും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

