- Home
- Technology
- നേപ്പാള്‍ മാത്രമല്ല പട്ടികയില്‍; ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, എക്‌സ് എന്നിവയ്‌ക്ക് വിലക്കുള്ള ആറ് രാജ്യങ്ങൾ
നേപ്പാള്‍ മാത്രമല്ല പട്ടികയില്‍; ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, എക്‌സ് എന്നിവയ്‌ക്ക് വിലക്കുള്ള ആറ് രാജ്യങ്ങൾ
നേപ്പാള്‍ മാത്രമല്ല നിരോധന പട്ടികയിലുള്ളത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, എക്‌സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്കുള്ള മറ്റ് ആറ് രാജ്യങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം

ചൈന
ചൈനയിൽ ഗ്രേറ്റ് ഫയർവാളിലൂടെ സോഷ്യൽ മീഡിയ തടഞ്ഞിരിക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, എക്‌സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വിപിഎൻ ഇല്ലാതെ ഉപയോഗിക്കാൻ കഴിയില്ല. പകരം ആളുകൾ വിചാറ്റ്, വെയ്‍ബോ, ഡൗയിൻ, ക്യുക്യു പോലുള്ള സോഷ്യല്‍ ആപ്പുകൾ ഉപയോഗിക്കുന്നു. ചൈനീസ് സർക്കാർ നിരീക്ഷിക്കുന്ന ആപ്പുകളാണിവയെല്ലാം.
ഉത്തര കൊറിയ
ഉത്തര കൊറിയയിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ്, എക്‌സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ ആളുകൾക്ക് ആക്‌സസ് ചെയ്യാൻ കഴിയില്ല. സർക്കാർ ഉന്നതർ, ഗവേഷകർ, ചില വിദേശികൾ എന്നിവർ മാത്രമാണ് കർശനമായി നിരീക്ഷിക്കപ്പെടുന്ന ഇന്‍റര്‍നെറ്റ് ആക്‌സസ് ലഭ്യമായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ പൗരന്മാർക്ക് ക്വാങ്‌മ്യോങ് എന്ന സ്റ്റേറ്റ് ഇൻട്രാനെറ്റ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. വിദേശ മാധ്യമങ്ങളെ ആക്‌സസ് ചെയ്യുന്നതോ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും പറയപ്പെടുന്നു.
റഷ്യ
2022-ൽ റഷ്യ ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു. സർക്കാർ കർശനമായ സെൻസർഷിപ്പും നിരീക്ഷണവും നടപ്പിലാക്കുന്നു. ശത്രുതാപരമായ സൈറ്റുകൾ പതിവായി ബ്ലോക്ക് ചെയ്യുന്നതും റഷ്യയില്‍ പതിവാണ്.
ഇറാൻ
ഇറാൻ വളരെക്കാലമായി ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, മറ്റ് ചില പ്ലാറ്റ്‌ഫോമുകൾ എന്നിവ നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയമായി സെൻസിറ്റീവ് ആയ ഉള്ളടക്കം തടയുന്നതിനും ആഭ്യന്തര ആപ്ലിക്കേഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ ഓൺലൈൻ പ്രവർത്തനങ്ങൾ സെൻസർ ചെയ്യുന്നു. അതേസമയം കർശനമായ നിരീക്ഷണവും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും നിയന്ത്രണങ്ങൾ മറികടക്കുന്നതിനും ബ്ലോക്ക് ചെയ്‌ത വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യുന്നതിനും നിരവധി ഇറാനികൾ വിപിഎന്നുകളും മറ്റും ഉപയോഗിക്കുന്നു.
തുർക്ക്‌മെനിസ്ഥാൻ
തുർക്ക്‌മെനിസ്ഥാന്‍ മിക്കവാറും എല്ലാ വിദേശ സോഷ്യൽ മീഡിയകളും ബ്ലോക്ക് ചെയ്യുന്നു. ആളുകൾക്ക് ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ കഴിയില്ല. ഇന്‍റര്‍നെറ്റ് ആക്‌സസ് കർശനമായി നിയന്ത്രിച്ചിരിക്കുന്നവിടെ. സർക്കാർ അംഗീകൃത സൈറ്റുകൾ മാത്രമേ അനുവദിക്കൂ. സ്വതന്ത്ര ഓൺലൈൻ ആശയവിനിമയം തുർക്ക്‌മെനിസ്ഥാനില്‍ മിക്കവാറും അസാധ്യമാണ്.
മ്യാൻമർ
2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമർ ഫേസ്ബുക്ക്, യൂട്യൂബ്, മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ നിരോധിച്ചു. വിയോജിപ്പുകൾ നിശബ്‍ദമാക്കുന്നതിനും വാർത്തകൾ നിയന്ത്രിക്കുന്നതിനുമായി ഭരണകൂടം ഇത്തരം പ്ലാറ്റ്‌ഫോമുകളെ തടയുന്നു. ഇവിടെ ഇന്‍റർനെറ്റ് ഷട്ട്ഡൗൺ പതിവായി സംഭവിക്കാറുണ്ട്. എങ്കിലും ചില പൗരന്മാർ നിയന്ത്രണങ്ങൾ മറികടക്കാനും വിവരങ്ങൾ പങ്കിടാനും വിപിഎന്നുകൾ ഉപയോഗിക്കുന്നു.
മറ്റ് രാജ്യങ്ങൾ
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ ടിക് ടോക്കും നിരവധി ചൈനീസ് ആപ്പുകളും നിരോധിച്ചിരുന്നു. കലാപ സമയത്ത് തുർക്കി പലപ്പോഴും എക്‌സ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ ബ്ലോക്ക് ചെയ്യാറുണ്ട്. ഈജിപ്‍ത്, സിറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ വ്യത്യസ്‍ത നിയന്ത്രണങ്ങൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏർപ്പെടുത്താറുണ്ട്. കലാപങ്ങളോ വംശീയ സംഘർഷങ്ങളോ ഉണ്ടാകുമ്പോൾ എത്യോപ്യ സോഷ്യൽ മീഡിയ അടച്ചുപൂട്ടുന്നു. തെറ്റായ വിവരങ്ങൾ തടയുന്നതിനായി ബംഗ്ലാദേശും ചിലപ്പോൾ പ്ലാറ്റ്‌ഫോമുകൾ തടയുന്നു. രാഷ്ട്രീയ പരിപാടികളിൽ പാകിസ്ഥാൻ സോഷ്യൽ മീഡിയയ്ക്ക് ചില പ്രത്യേക വിലക്കുകൾ ഏർപ്പെടുത്തുന്നു. 'ദൈവനിന്ദ'എന്ന് കരുതുന്ന പോസ്റ്റുകളും പാകിസ്ഥാൻ നിരോധിച്ചിരിക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

