- Home
- Magazine
- Web Specials (Magazine)
- നേതാക്കളെ വിട്ടയച്ചു പക്ഷേ, മുന്നറിയിപ്പുണ്ട് പിഴയും; അപ്പോഴും സമരം നിർത്തില്ലെന്ന് പ്രഖ്യാപിച്ച് സിജെപി
നേതാക്കളെ വിട്ടയച്ചു പക്ഷേ, മുന്നറിയിപ്പുണ്ട് പിഴയും; അപ്പോഴും സമരം നിർത്തില്ലെന്ന് പ്രഖ്യാപിച്ച് സിജെപി
സിജെപി പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് ദില്ലി പോലീസിന്‍റെയും എൻഡിഎ സർക്കാറിന്‍റെയും നീക്കം. ഇന്ന് രാവിലെ മുതൽ കോണാട്ട്പ്ലേസിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് തുടങ്ങിയ സംഘടനകളുടെ പ്രതിഷേധം തുടങ്ങി. (ചിത്രങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്ദു പ്രഭ)

സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ എന്ന് രാവിലെ 10 മണിയോടെ ദില്ലി പോലീസ് വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. ദീപ്കെ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.
ദില്ലി പോലീസ് മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മൂന്ന് പേരെയും വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. ഗുരുഗ്രാമിൽനിന്ന് കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിയെയും പോലീസ് വിട്ടയച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധ്രുവിനെ ദില്ലി പോലീസ് വിട്ടയച്ചത്. ദില്ലി പോലീസ് തന്നെ തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് ധ്രുവ് ആരോപിച്ചു.
ഇന്നലെ രാവിലെ 10.30 ഓടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ 24 മണിക്കൂറിന് ശേഷം കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് വിട്ടയച്ചത്. 50,000 രൂപ കെട്ടിവെക്കണമെന്നും, അടുത്ത ഒരു വർഷത്തേക്ക് നല്ല നടപ്പും സമാധാനം പാലിക്കണമെന്നുമുള്ള കർശന വ്യവസ്ഥയിലാണ് സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്.
നേതാക്കളെ വിട്ടയച്ചതിന് പിന്നാലെ പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും 'കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ലെ'ന്നും സിജെപി തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്‍റിലുകളിൽ കുറിച്ചു. അതേസമയം ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.
നിയമം കൈയിലെടുക്കാൻ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പോലീസിനെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിട്ടയച്ചതിന് പിന്നാലെ ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും തുടർ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും സിജെപി നേതാവ് അശുതോഷ് രംഗ അറിയിച്ചു.
സിജെപി നേതാക്കളെ വിട്ടയച്ചതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണെന്ന് ദില്ലി പോലീസ് അവകാശപ്പെട്ടു. അറസ്റ്റിലായ നേതാക്കളെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നും പോലീസ് അറിയിച്ചു.
അതേസമയം, വോട്ട് ചോരി ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തിൽ രാജ്യ തലസ്ഥാനം ഇന്നും സംഘർഷ ഭൂമിയാകുമെന്ന മുന്നറിയിപ്പാണ് സിജെപി നേതാക്കൾ നൽകുന്നത്. പ്രതിഷേധക്കാരെ പൊലീസ് എവിടെ തടയുന്നുവോ അവിടെ സമരം നടത്താനാണ് സിജെപിയുടെ ആഹ്വാനം.
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം ഉന്നയിച്ച് നാളെ ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഇതിനിടെ സിജെപി ഇടത് യുവജന പ്രതിഷേധത്തിനിടെ കോടതി അലക്ഷ്യ നടപടികൾ ഉണ്ടായെന്ന ഹർജികൾ പരിഗണിക്കാൻ, അവധി ദിനമായ ഇന്ന് സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ദില്ലിയിൽ അനാവശ്യമായി മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയോ തീവണ്ടി സർവീസുകൾ റദ്ദാക്കുകയോ ചെയ്യരുതെന്ന നിർദേശം ദില്ലി പോലീസ് ലംഘിച്ചെന്നാണ് അഭിഭാഷകനായ ശൈലേന്ദ്രമണി ത്രിപാഠിയുടെ ഹർജി. സമരനേതാക്കളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതിനെതിരെ ടിഎംസിയുടെ രാജ്യസഭാ എംപി മേനകാ ഗുരുസ്വാമി നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.
ഇതിനിടെ ദില്ലി പോലീസിനെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. ദില്ലിയിൽ കൂലിപ്പട്ടാളത്തിന്‍റെ ഇടപെടലാണെന്നും പൊലീസും കേന്ദ്രസേനയും അതിക്രൂരമായി പ്രതിഷേധക്കാർക്ക് നേരെ ഇടപെടുന്നുവെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു. പ്രതിഷേധ സമരത്തെ നേരിടാൻ പേരോ മറ്റ് വിവരങ്ങളോ വ്യക്തമാക്കാതെയും മഫ്റ്റിയിലും പോലീസ് ലാത്തിയുമായി നിരവധി പേർ പ്രതിഷേധ സ്ഥലത്തെത്തിയിരുന്നതായി സിജെപി പ്രവർത്തകരും ആരോപിച്ചിരുന്നു.