Colombia decriminalised abortions : കൊളംബിയയിലും ഗർഭഛിദ്രം നിയമവിധേയമാകും, ചരിത്രനേട്ടമെന്ന് ആക്ടിവിസ്റ്റുകൾ
ഗർഭിണികൾ ആദ്യ 24 ആഴ്ചകൾക്കുള്ളിൽ ഗർഭഛിദ്രം(Abortions) നടത്തുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് കൊളംബിയ(Colombia)യിലെ ഭരണഘടനാ കോടതി. പുതിയ നിയമങ്ങൾ പ്രകാരം, ആ സമയപരിധിക്കുള്ളിൽ ഗർഭച്ഛിദ്രം നടത്തിയാൽ കുറ്റം ചുമത്തപ്പെടില്ല. 2006 മുതൽ, കൊളംബിയയിൽ ബലാത്സംഗത്തിൽ ഗർഭിണിയായാലോ, അല്ലെങ്കിൽ സ്ത്രീയുടെ ജീവൻ അപകടത്തിലാകുമ്പോഴോ, പൂർണമായും ഗർഭധാരണം പ്രായോഗികമല്ലെങ്കിലോ ഗർഭഛിദ്രം അനുവദിച്ചിട്ടുണ്ട്.
'ചരിത്രനേട്ടം' എന്ന് വിളിച്ചുകൊണ്ടാണ് അനുകൂലികൾ പുതിയ നീക്കത്തെ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, കത്തോലിക്കാ സഭ ഇതിനെ വിമർശിച്ചു കൊണ്ട് മുന്നോട്ട് വന്നു. നേരത്തെയും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ എതിർക്കുന്ന നിലപാട് തന്നെയാണ് ഇവർ സ്വീകരിച്ചിരുന്നത്.
ഗർഭഛിദ്രം വേണമോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ നിയമപരമായ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ പറയുന്നത്, സെപ്റ്റംബറിൽ മെക്സിക്കോ സുപ്രീം കോടതിയുടെ സമാനമായ വിധിയും, അർജന്റീനയിൽ 14-ാം ആഴ്ച വരെ ഗർഭഛിദ്രം നിയമവിധേയമാക്കിയതും ഉൾപ്പെടെ, സമീപ വർഷങ്ങളിലെ വിജയ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത് എന്നാണ്.
ഇത്, കത്തോലിക്കാ പ്രദേശവും, ആഴത്തിലുള്ള യാഥാസ്ഥിതിക മൂല്യങ്ങളിൽ വിശ്വസിക്കുന്നതുമായ ജനതയുള്ളതുമായ ലാറ്റിനമേരിക്കയ്ക്ക് ഒരു വലിയ ചുവടുവെപ്പാണ്. എന്നാൽ, മെക്‌സിക്കോയും അർജന്റീനയും ഇപ്പോൾ കൊളംബിയയും ഗർഭഛിദ്രം ക്രിമിനൽ കുറ്റമല്ലാതാക്കിയതിൽ ആക്ടിവിസ്റ്റുകളുടെ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മേഖലയിലെ ആക്ടിവിസ്റ്റ് പ്രസ്ഥാനം വളരെ സജീവമാണ്, അത് തീർച്ചയായും മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. നിരന്തരം അവർ ഗർഭഛിദ്രം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.
എന്നാൽ, പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. ബ്രസീൽ അടക്കം പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഇപ്പോഴും ഗർഭഛിദ്ര നിയമം കർശനമാണ്. പല മധ്യ അമേരിക്കൻ സംസ്ഥാനങ്ങളിലും ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായാൽ പോലും ഗർഭഛിദ്രം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
ഗർഭഛിദ്രം നടത്തി എന്ന പേരിൽ നിരവധി സ്ത്രീകളെയാണ് പല ജയിലുകളിലും നീണ്ട തടവുകളിലിട്ടിരിക്കുന്നത്. അതിൽ പല സ്ത്രീകളും പറയുന്നത് തങ്ങൾക്ക് സ്വാഭാവികമായുണ്ടായ അബോർഷൻ ആണെന്നാണ്. എന്നാൽ, പലരും ഇപ്പോഴും ജയിലുകളിൽ തന്നെയാണ്.
ഗർഭഛിദ്രം ശിക്ഷാനിയമത്തിൽ നിന്ന് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പായ കോസ ജസ്റ്റ (ജസ്റ്റ് കോസ്) ഫയൽ ചെയ്ത കേസിന്റെ ഫലമായാണ് ഇപ്പോൾ കൊളംബിയയിൽ ഈ വിധി വന്നിരിക്കുന്നത്. പ്രവർത്തകർ ഏറെ ആവേശത്തോടെയാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്.
കൊളംബിയയിൽ ഗർഭഛിദ്രം നിയമവിരുദ്ധമാണ് എന്നതിനാൽ തന്നെ 90% ഗർഭഛിദ്രങ്ങളും രഹസ്യമായിട്ടാണ് നടക്കുന്നത്. അതിനാൽ തന്നെ ഇത് സ്ത്രീകളുടെ ആരോഗ്യവും ജീവിതവും അപകടത്തിലാക്കുന്നുവെന്ന് ആക്ടിവിസ്റ്റുകളുടെ സംഘം കണക്കാക്കുന്നു.
തിങ്കളാഴ്ചത്തെ തീരുമാനം കൊളംബിയയുടെ ശിക്ഷാനിയമത്തിൽ നിന്ന് ഗർഭഛിദ്രം പൂർണ്ണമായും നീക്കം ചെയ്തിട്ടില്ലെങ്കിലും, നടപടിക്രമം വിപുലീകരിക്കുന്നതിനുള്ള പോരാട്ടത്തിലെ വിജയമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ വർധിച്ച സന്തോഷത്തോടെയാണ് ഇതിന് വേണ്ടി പ്രവർത്തിച്ചവർ നീക്കത്തെ സ്വാഗതം ചെയ്‍തിരിക്കുന്നത്.
Colombia
കുടുംബാസൂത്രണ സേവനങ്ങൾ നൽകൽ, ഗർഭഛിദ്ര പരിചരണത്തിനുള്ള തടസ്സങ്ങൾ ഇല്ലാതാക്കൽ, ദത്തെടുക്കൽ എന്നിവ ഉൾപ്പെടെ ഗർഭിണികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമനിർമ്മാണം കൊണ്ടുവരാൻ കോടതി കോൺഗ്രസിനോടും സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.