കാണ്ടാമൃഗത്തിന്റെ കാവൽക്കാരൻ, ഒരു അപൂർവ സൗഹൃദം, ശ്രദ്ധേയമായി ചിത്രം!
അടുത്തിടെ, ഗൈഡും ഫോട്ടോഗ്രാഫറും ആയ സഹീർ അലി(Zaheer Ali) തന്റെ യാത്രക്കിടെ മധുരമായ ഒരു കാഴ്ച കണ്ടു. അത് ക്യാമറയിൽ പകർത്തുകയും ചെയ്‍തു. ഒരു കാണ്ടാമൃഗത്തിന് മുകളിലും ചുറ്റുമായി കുറേ ഓക്സ്പെക്കറുകൾ (oxpeckers). ഉപ-സഹാറൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ ഇത് അപൂർവമായ ഒരു കാഴ്ചയല്ല. കാരണം ഈ രണ്ട് ഇനങ്ങളും ഏതെങ്കിലും തരത്തിലുള്ള സഹവർത്തിത്വത്തിലാണ് ജീവിക്കുന്നത്. എന്നിരുന്നാലും, ആ വലിയ കാണ്ടാമൃഗവും അതിന്റെ ചെറിയ സുഹൃത്തും വളരെ ആർദ്രമായ ഒരു സൗഹൃദ നിമിഷം പങ്കിടുന്നത് അലി കണ്ടപ്പോഴാണ് ആ മനോഹരചിത്രം സംഭവിച്ചത്. പ്രകൃതിയുടെ മനോഹാരിതയും വിവിധ ജീവികൾ പരസ്പരം പങ്കുവയ്ക്കുന്ന സഹവർതിത്വവും ആണ് ആ ചിത്രം. ആ സൗഹൃദത്തിന് അതിരുകളേ ഇല്ല.
"ഈ ചെറിയ പക്ഷി കാണ്ടാമൃഗത്തിന്റെ കൊമ്പിൽ കൊക്ക് ഉരച്ച് മൂർച്ച കൂട്ടുന്നത് ഞാൻ കണ്ടു, ഇത് ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു" അലി ഒരു സഫാരി ബ്ലോഗ് പോസ്റ്റിൽ എഴുതി. "ഞാൻ എന്റെ ക്യാമറ എടുത്ത് ശരിയായ നിമിഷത്തിനായി കാത്തിരുന്നു, പക്ഷി കാണ്ടാമൃഗത്തിന്റെ കൊമ്പിൽ കിടക്കുന്നത് പോലെ ആയപ്പോഴേക്കും ഷോട്ട് എടുത്തു."
സാധാരണയായി, കാണ്ടാമൃഗവും ഈ പക്ഷികളും തമ്മിൽ ഒരു സഹജീവി ബന്ധമുണ്ട്. സ്വാഹിലി ഭാഷയിൽ, ചുവന്ന കൊക്കുള്ള ഓക്സ്പെക്കറിന് "കാണ്ടാമൃഗത്തിന്റെ കാവൽക്കാരൻ" എന്നർത്ഥം വരുന്ന "അസ്കരി വാ കിഫാരു" എന്നാണ് പേര്.
ഓസ്ട്രേലിയയിലെ വിക്ടോറിയ സർവകലാശാലയിലെ ഗവേഷകർ നേരത്തെ ആഫ്രിക്കൻ മേഖലയിലെ അന്ധരായ കറുത്ത കാണ്ടാമൃഗങ്ങളും ഒക്സ്പെക്കറുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പഠനം തന്നെ നടത്തിയിരുന്നു.
കാണ്ടാമൃഗങ്ങളുടെ പുറത്തിരുന്ന് ചുറ്റുപാടും നിരീക്ഷിച്ചാണ് ഈ കുഞ്ഞുപക്ഷികളുടെ യാത്ര തന്നെ. തങ്ങളുടെ കൊക്കുകൾ ഉപയോഗിച്ച് കാണ്ടാമൃഗങ്ങളുടെ പുറത്തുനിന്നും ഇവ ചെറിയ ചെള്ളുകളെയും പുഴുക്കളെയും ഒക്കെ കൊത്തിത്തിന്നുമത്രെ. അങ്ങനെ, വേട്ടക്കാരിൽ നിന്നും തങ്ങളുടെ കൂട്ടുകാരെ രക്ഷിക്കുന്നതിൽ പങ്കുണ്ട് ഈ പക്ഷികൾക്ക് എന്നാണ് പഠനത്തിൽ പറഞ്ഞിരുന്നത്. ഏതായാലും സഹീർ അലിയുടെ ചിത്രം നിരവധിപ്പേരാണ് പ്രകൃതിയിലെ മനോഹാരിതയുമായി ചേർത്തു നിർത്തി സ്വീകരിച്ചത്.